രാജ്യത്തേറ്റവും കൂടുതൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ സൈബർ മേഖലയിലാണ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും തീവ്രവാദത്തിനും വഴിവെക്കുന്നതിനും ഇത്തരം ആശയങ്ങൾ കൂടുതലായി പ്രചരിപ്പിക്കുന്നതിനും ഇന്റർനെറ്റാണ് ഇപ്പോൾ മുഖ്യ ഉപാധി. നിയമത്തിൽ പഴുതുകളുള്ളതിനാൽ, സൈബർലോകത്ത് ആർക്കും ആരെയും അപഹസിക്കുകയുമ അധിക്ഷേപിക്കുകയും ചെയ്യാം. എന്നാൽ, ഈ സ്ഥിതി അധികകാലം തുടരില്ലെന്ന് ഉറപ്പായി.

സൈബർ കുറ്റകൃത്യങ്ങൾ നേരിടുന്നതിന് എന്തൊക്കെ ചെയ്തുവെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടി, സൈബർ കുറ്റവാളികൾക്കുള്ള മുന്നറിയിപ്പാണ്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ പരാതിപ്പെടാൻ ഇനി പൊലീസ് സ്‌റ്റേഷനിലേക്ക് പോകേണ്ടിവരില്ല. ഓൺലൈൻ കുറ്റകൃത്യങ്ങൾക്ക് ഓൺലൈനായിത്തന്നെ പരാതിനൽകാം. ഇതിനായി ' സെൻട്രൽ സിറ്റിസൺ പോർട്ടൽ' നിലവിൽ വരുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. 

പോണോഗ്രാഫി, വ്യക്തിഹത്യ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ച് പോർട്ടലിൽ ഓൺലൈനായി പരാതി നൽകാം. ഓരോരുത്തരും നൽകുന്ന പരാതിയുടെ പുരോഗമനത്തെക്കുറിച്ച് ഇതിലൂടെ തന്നെ നിരീക്ഷിക്കുകയും ചെയ്യാം. സ്ത്രീകളുൾപ്പെടെയുള്ളവർക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കുകയെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പൊലീസ് സ്‌റ്റേഷനിൽ പോകാനുള്ള മടികൊണ്ട് പരാതിപ്പെടാതിരിക്കുന്നവർക്ക് സ്വന്തം വീട്ടിൽനിന്നുതന്നെ പരാതി തയ്യാറാക്കി നൽകാനാവും.

ഓരോ പരാതി ലഭിക്കുമ്പോഴും അത് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് മേധാവിക്ക് സന്ദേശം ലഭിക്കും. പരാതിയിൽ പൊലീസ് ഓരോ ഘട്ടത്തിലും സ്വീകരിക്കുന്ന നടപടികൾ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യാം. ഇതുവഴി തന്റെ പരാതിയുടെ പുരോഗതി പരാതിക്കാരന് വ്യക്തമായി മനസ്സിലാക്കാനും സാധിക്കും. പരാതിയോടൊപ്പം നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഇതുസംബന്ധിച്ച സന്ദേശമെത്തുകയും ചെയ്യും. പരാതി നിശ്ചലമായി കിടക്കുകയാണെങ്കിൽ അതുമനസ്സിലാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് കേന്ദ്രം കോടതിയെ ബോധിപ്പിച്ചു.