തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിൽ സൈബർ തട്ടിപ്പ് നടത്തുന്നതിന് പിന്നിൽ വൻ മാഫിയയെന്ന് സൈബർ പൊലീസ്. നൈജീരിയൻ, ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പ് നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.പിആർഡിയുടെയോ മറ്റേതെങ്കിലും സർക്കാർ സൈറ്റുകളിൽ നിന്നോ ആണ് തട്ടിപ്പ് സംഘം ഉദ്യോഗസ്ഥരുടെ നമ്പറുകൾ ശേഖരിക്കുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

മന്ത്രിമാരുടെ പേരിലുണ്ടാക്കിയ വ്യാജ വാട്‌സാപ്പ് പ്രൊഫൈലിൽ നിന്ന് ഇവരുടെ പേഴ്‌സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവർക്ക് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജ് വന്നിരുന്നു. ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ സൈബർ പൊലീസിന് പരാതി നൽകുകയായിരുന്നു. വാട്‌സാപ്പ് ഉപയോഗിക്കാത്ത നമ്പറുകളിൽ പുതിയ പ്രൊഫൈൽ തുടങ്ങി അതിൽ മന്ത്രിമാരുടെ ചിത്രം പ്രൊഫൈൽ പിക്ച്ചർ ആക്കിയ ശേഷമാണ് പണം ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്തിയത് ബംഗാൾ കേന്ദ്രീകരിച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചില സാങ്കേതിക തടസങ്ങൾ കാരണം ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.കഴിഞ്ഞ ദിവസമാണ് വ്യവസായ മന്ത്രിയുടെയും ധനമന്ത്രിയുടെയും പേരിൽ പണം ആവശ്യപ്പെട്ടുകൊണ്ട് ഉദ്യേഗസ്ഥർക്ക് വാട്‌സാപ്പ് സന്ദേശം വന്നത്.