തിരുവനന്തപുരം: മലബാറിലെ ജനതയുടെ ഹൃദയവികാരമാണ് തെയ്യക്കോലങ്ങൾ. നാട്ടിൻപുറത്തെ തെയ്യങ്ങളെ ദൈവങ്ങളായി കാണുന്നവരാണ് കണ്ണൂർ, കാസർകോഡ് ജില്ലകളിലെ നാട്ടുകാർ. ഒരു കലയും ആചാരവുമായി കൊണ്ടു നടക്കുന്ന തെയ്യത്തെ മഴവിൽ മനോരമ ചാനൽ അപമാനിച്ചെന്ന വിധത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. ചാനലിൽ തിങ്കളാഴ്‌ച്ച സംപ്രേഷണം ചെയ്ത ഷോയിൽ മത്സരാർത്ഥികളായ ചട്ടമ്പീസ് എന്ന ഡാൻസ് ടീമാണ് തെയ്യത്തിന്റെ കൊറിയോഗ്രാഫി ഉപയോഗിച്ചത്. അതിവേഗത്തിലുള്ള പാട്ടിനൊപ്പം ഗംഭീരമായി തന്നെ കലാകാരന്മാർ ചുവടുവെയ്ക്കുകയും ചെയ്തു. സംഭവം എല്ലാവരുടെയും കയ്യടി നേടുകയും ചെയ്തു. പരിപാടി ചാനലിൽ സംപ്രേഷണം ചെയ്തതോടെയാണ് പരിപാടിക്കെതിരെ സോഷ്യൽ മീഡിയയിൽ ചിലർ പ്രതിഷേധവുമായി എത്തിയത്.

തെയ്യം എന്നത് ഒരു അനുഷ്ടാന കലയാണെന്നും അത് ഒരു ഷോ ആക്കരുതെന്നുമാണ് ഇവരുടെ പക്ഷം. അതുകൊണ്ട് ദൈവങ്ങൾക്ക് മാർക്കിടരുതെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ ചാനലിനിനെതിരെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ദൈവങ്ങളെ അപമാനിച്ചു എന്ന വിധത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പ്രചരണം നടക്കുന്നതും. പാലക്കുന്ന് ശ്രീ ഭഗവതി ടെമ്പിൽ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് മഴവിൽ മനോരമ ചാനലിന് എതിരായ പ്രതിഷേധം രൂപം കൊണ്ടിട്ടുള്ളത്.

ഡിഫോർ ഡാൻസിനും ചാനലിനും എതിലെ പ്രതിഷേധിച്ചിട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നത് ഇങ്ങനെയാണ്: 

ഇന്ന് മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ കണ്ട കാഴ്‌ച്ചയാണിത്. തെയ്യം എന്ന അനുഷ്ടാനം റിയൽ ആണോ ഐഡിയൽ ആണോ എന്നുള്ളത് പോട്ടെ.പക്ഷെ തെയ്യം ഒരിക്കലും ഒരു ഷോ അല്ല.അത് ഒരു സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്.എങ്ങനെയാണ്, എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെയ്യം എന്ന അനുഷ്ടാനത്തിനു അവർ മാർക്ക് ഇടുന്നത്?

തേങ്ങാക്കൊല മാങ്ങാത്തൊലി പാടിനടക്കുന്ന ബാലക്കുഞ്ഞിങ്ങൾക്കിടയിലും ഹിപ്പ് ഹോപ്പും ടപ്പാം കുത്തും കലക്കിക്കുടിച്ച് മൈക്കൽ ജാക്സ്സൻ ബിരുദത്തിനു പഠിക്കുന്ന കോട്ടും ടൈയ്യും കെട്ടിയവർക്കും സ്വന്തം ശരീരം ഒഴിച്ച് ബാക്കിയുള്ളതിനൊക്കെ കർട്ടസികളെ കണ്ടെത്തുന്ന മംഗ്ലികൾക്കും ഇടയിൽ ഉറയാനുള്ളതാണോ നമ്മുടെ പരദേവതയും ചാമുണ്ഡിയമ്മയും ഒക്കെ...?

തെയ്യക്കോലങ്ങൾ എന്ന വാക്കിൽ കൂടി ഒരു വികാരമുണ്ട്. മയ്യഴിക്കും ചന്ദ്രഗിരിക്കും ഇടയിലെ കോലത്തു നാട്ടിലെ ജനങ്ങൾ അന്തിത്തിരി കൊളുത്തിയും വൃതം നോറ്റും കലശം എടുത്തും മനസ്സറിഞ്ഞു വിളിക്കുമ്പോൾ 'ന്റെ പൈതങ്ങളെ...' ന്നു തിരിച്ചു വിളി കൊടുക്കുന്ന നമ്മുടെ ദൈവങ്ങൾ.

ചെറുപ്പത്തിൽ ഓരോ സ്ഥാനങ്ങളിൽ തെയ്യം കഴിയുമ്പോൾ ഞങ്ങൾ അവിടുന്ന് കുരുത്തോല പെറുക്കിക്കൊണ്ടുവന്നു തൊട്ടിയിൽ ചെണ്ട കൊട്ടി തെയ്യം കളിക്കാറുണ്ടായിരുന്നു.ഇത് വീട്ടിലെ മുതിർന്നവർ കണ്ടാൽ എപ്പൊ തല്ല് വീണു എന്ന് ചോതിച്ചാൽ മതി. വടക്കൻ കേരളത്തിൽ ജനിച്ചു വീഴുന്ന ഓരോ ബീജക്കുഞ്ഞുങ്ങളുടെയും മസ്തിഷ്‌ക ഭ്രൂണത്തിൽ തെയ്യം എന്ന ഭയവും ബഹുമാനവും ഒളിഞ്ഞിരിപ്പുണ്ടാവും.കുഞ്ഞു കളികളിലെ തമാശയായിപ്പോലും അതിനെ കാണാൻ ഈ നാട്ടുകാർക്ക് പറ്റുകയില്ല.

1982 ലെ ഏഷ്യൻ ഗെയിംസിലെ ഉദ്ഘാടനവേദിയിൽ തെയ്യം കെട്ടിയാടിയ തെയ്യം കലാകാരന് അന്ന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പിൽക്കാലത്ത് ആഗോളവല്ക്കരണവും നവ ലിബറൽ നയങ്ങളും ടൂറിസം വൽക്കരിച്ചു നമ്മുടെ പൈതൃകങ്ങളെ വാരിത്തിന്നപ്പോൾ അതിലെ ഒരിഷ്ട വിഭവമായി മാറിക്കൊണ്ടിരിക്കുന്നു നമ്മുടെ ദൈവങ്ങൾ.അംബികാസുധൻ മാഷിന്റെ മരക്കാപ്പിലെ തെയ്യങ്ങൾ എന്ന നോവലിൽ പ്രതിപാദിക്കുന്നതും അത് തന്നെയാണ്.കളിയാട്ടം,ചായില്ല്യം,ഞാൻ തുടങ്ങി ഒട്ടനവധി ചലച്ചിത്രങ്ങൾ തെയ്യം പശ്ചാത്തലമായി ചിത്രീകരിച്ചിട്ടുണ്ട്.സിനിമ എന്ന കലയുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നില്ല. പക്ഷെ അതിനുവേണ്ടി ഒരു ജനതയുടെ ആത്മാവിന്റെ പ്രതീകങ്ങളായ തെയ്യങ്ങളുടെ രൂപങ്ങളെ മാറ്റിയെഴുതുന്നത് തെറ്റാണ്.

ഫോട്ടോഗ്രഫി ഇന്ന് വളരെ പ്രചാരം നേടിയ ആധുനിക കലാരൂപമാണ്. മിക്ക ഫോട്ടോഗ്രാഫർമാരും തിരഞ്ഞെടുക്കുന്ന വളരെ സാധ്യത ഏറിയ ഒരു മേഖലയാണ് തെയ്യം ഫോട്ടോഗ്രാഫി. പക്ഷെ വയനാട്ടു കുലവൻ, മാക്കത്തെയും മക്കളെയും വെട്ടിക്കൊന്നതിന്റെ ദൃക്‌സാക്ഷി മാവിലൻ തെയ്യം തുടങ്ങിയ ഒരുപാട് തെയ്യങ്ങൾക്കും ചില ചടങ്ങുകൾക്കും ഫോട്ടോഗ്രഫി അനുവദിക്കാറില്ല.ശബരിമല അയ്യപ്പ വിഗ്രഹവും രാഷ്ട്രപതി ഭവനും മൈസൂർ കൊട്ടാരവും ഒന്നും ഫോട്ടോ എടുക്കാൻ അനുവദിക്കാറില്ലല്ലോ അവിടെയൊക്കെ ഉണ്ട് എന്ന് വിശ്വസിക്കുന്ന അമൂല്യമായ വസ്തുതകൾക്ക്‌സമാനമായ ഒന്ന് തെയ്യങ്ങളിലും ഉണ്ട് എന്ന് കൂട്ടിക്കൊള്ളുക.

മൃഗങ്ങളെ ക്കുറിച്ച് പടിക്കേണ്ടവർ മൃഗശാലയിലെ കൂട്ടിൽ ഉള്ള മൃഗങ്ങലെയല്ല കാട്ടിലെ മൃഗങ്ങളെ കാട്ടിൽ പോയിട്ടാണ് പഠിക്കേണ്ടത്.അത് പോലെ തെയ്യത്തെ തെയ്യമായി അനുഭവിക്കണമെങ്കിൽ കളിയാട്ടം നടക്കുന്നിടത്ത് വന്നു തന്നെ കാണണം.അല്ലാണ്ട് തെയ്യത്തെ ഒരു ടൂറിസം പാക്കേജിലാക്കി നിങ്ങൾ ആവിശ്യപ്പെടുന്ന റിസോട്ടിൽ വന്നു കളിക്കാൻ തെയ്യക്കോല ചമയം അണിഞ്ഞ ഒരു രൂപം മാത്രമേ ഉണ്ടാകു. 

എല്ലാം ഒരു നിമിഷ നേരത്തെ ക്ഷണിക ആയുസ്സുള്ള ആസ്വദനങ്ങളായി ആയി കാണുന്ന സമൂഹത്തിൽ ഭാവിയിൽ തെയ്യം ഒരു റിയാലിറ്റി ഷോ ആയി മാറി എന്ന് വരാം .കോട്ടും ടയ്യും കെട്ടിയ ജഡ്ജസ്സുകൾ മേലരിയിൽ ചാടിയ ആങ്കിൾ ശരിയായില്ല ,തോറ്റം പാട്ടിന്റെ ശ്രുതി ശരിയായില്ല,എന്നൊക്കെ വിളിച്ചു പറയാതിരിക്കാൻ ഇന്ന് പ്രതികരിക്കുക

സാംസ്‌കാരിക വകുപ്പുകളും ഫോക്ക്‌ലോർ അക്കാദമികളും ഒക്കെ കലയെ വിൽക്കുന്നവർ ആവാതെ കലയെ സംരക്ഷിക്കുന്നവർ ആവുക. അറിയുക തെയ്യം ഒരു കാലമാത്രമല്ല. ഞങ്ങളുടെ ദൈവങ്ങൾ കൂടിയാണ്. ദൈവത്തെ ആസ്വദിക്കാതിരിക്കുക ദൈവത്തിനു മാർക്കിടാതിരിക്കുക.. 

അതേസമയം ഫേസ്‌ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. കഥകളിയും മറ്റ് ക്ഷേത്രകലകളും വിനോദ സഞ്ചാരത്തിനും രാഷ്ട്രീയ പരിപാടികൾ കൊഴുപ്പിക്കാനും പോലും ഉപയോഗിക്കുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ എന്തിനാണ് തെയ്യത്തിന്റെ കൊറിയോഗ്രാഫി ഉപയോഗിച്ചു നടത്തിയ ഡാൻസ് ഷോയെ വിമർശിക്കുന്നതെന്നാണ് പലരുടെയും ചോദ്യം. ഇത്തരത്തിൽ പോസ്റ്റിട്ടതിലൂടെ അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്നും പരിപാടിയെ അനുകൂലിക്കുന്നവർ വാദിക്കുന്നു. ഈ ഷോയിലൂടെ തെയ്യത്തിന് കൂടുതൽ പ്രശസ്തി ലഭിക്കുകയാണ് ഉണ്ടായതെന്നുമാണ് മറ്റു ചിലർ വാദിക്കുന്നത്.

എന്നാൽ, സൈബർ ലോകത്ത് മലബാറുകാരുടെ പ്രതിഷേധം പെരുകുമ്പോഴും ചട്ടമ്പീസിലെ കലാകാരന്മാർക്ക് വേണ്ടുവോളം പിന്തുണ ലഭിക്കുന്നുണ്ട്. റിയാലിറ്റി ഷോയിലെ മികച്ച പ്രകടനമാണ് കാലാകാരന്മാരുടേതെന്നാണ് പൊതുവിലയിരുത്തൽ. മികച്ച മാർക്കും പരിപാടിക്ക് ലഭിച്ചു. കോസ്റ്റിയൂം തന്നെയാണ് പരിപാടിയിലെ ആകർഷകമായ ഘടകവും..