- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആമ്പിളയാരുന്താ വണ്ടിയെ തൊട്റാ' പാക്കലാം! ഹർത്താലിനിടെ കെഎസ്ആർടിസിയെ അക്രമിക്കാനെത്തിയ സംഘപരിവാറുകാരെ ഒറ്റയ്ക്ക് വിരട്ടിയോടിച്ച ഉശിരൻ എസ്‌ഐയ്ക്ക് കെഎസ്ആർടിസിയുടെ സമ്മാനം; മോഹന അയ്യർക്ക് എംഡി ടോമിൻ തച്ചങ്കരി വക പ്രശംസാപത്രവും 1000 രൂപ പാരിതോഷികവും
തിരുവനന്തപുരം;കെഎസ്ആർടിസി ബസുകളെ കേരള- തമിഴ്‌നാട് അതിർത്തിൽ ഹർത്താൽ ആക്രമണത്തിൽനിന്നു സിനിമാ സ്‌റ്റൈലിൽ രക്ഷിച്ച കളിയിക്കാവിള എസ്‌ഐ മോഹന അയ്യർക്ക് കെഎസ്ആർടിസിയുടെ സമ്മാനം. വീഡിയോ വൈറലായതോടെ എസ്‌ഐയ്ക്ക് കേരളത്തിൽ നിന്നും നിരവധി ആശംസകളാണ് ലഭിച്ചത്. എംഡി ടോമിൻ തച്ചങ്കരി വക പ്രശംസാപത്രവും 1000 രൂപ പാരിതോഷികവുമാണ് ഉശിരൻ എസ്‌ഐയ്ക്ക് കൈമാറുന്നത്. കേരളത്തിൽ ഹർത്താൽ അനുകൂലികളുടെ ആക്രമണത്തിൽ 100 കെഎസ്ആർടിസി ബസുകൾ തകർത്തപ്പോൾ കളിയിക്കാവിളയിൽ ഒറ്റയ്ക്ക് നെഞ്ചുവിരിച്ചുനിന്നു സമരക്കാരെ നേരിട്ടതിനാണു തമിഴ്‌നാട് എസ്‌ഐയ്ക്ക് സംസ്ഥാനം കടന്നുള്ള അപൂർവ ബഹുമതി.
നേരിട്ട് ഫോണിൽ വിളിച്ചും തച്ചങ്കരി എസ്‌ഐയ്ക്ക് നന്ദി അറിയിച്ചു. താൻ കുട്ടിക്കാലം മുതൽ തച്ചങ്കരിയുടെ ആരാധകനാണെന്നായിരുന്നു എസ്‌ഐയുടെ മറുപടി. സമരക്കാർ അടക്കം എല്ലാവർക്കും സഞ്ചരിക്കാനുള്ളതാണു ബസുകളെന്നും അതു തകർക്കുന്നത് നോക്കിനിൽക്കാൻ പൊലീസിനു കഴിയില്ലെന്നും എസ്‌ഐ മോഹന അയ്യർ പറഞ്ഞു.
പൊലീസ് ശക്തമായി രംഗത്തിറങ്ങിയാൽ ആർക്കും നിയമം ലംഘിക്കാനാകില്ല. ഞാനും ഏതാനും പൊലീസുകാരും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ദേശീയപാതയിൽ ഏറ്റവും തിരക്കേറിയ സ്ഥലമാണു കളിയിക്കാവിള. അവിടെ ചെറിയൊരു ഗതാഗത തടസ്സമുണ്ടായാൽ പെട്ടെന്ന് വലിയ ഗതാഗതക്കുരുക്കായി മാറും. അതുകൊണ്ടാണ് രണ്ടും കൽപിച്ച് രംഗത്തിറങ്ങി പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. ദൃശ്യം അടക്കം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ തമിഴ്‌നാട്ടിൽനിന്നും കേരളത്തിൽനിന്നും ഏറെ അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ടെന്നു മോഹന അയ്യർ പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ടാണു കളിയിക്കാവിളയിൽ ഹർത്താലും അയ്യപ്പ ഭക്തരെ ആക്രമിച്ചതുമായും ബന്ധപ്പെട്ട് ഒരു വിഭാഗം ബസുകൾ തടയാൻ തുടങ്ങിയത്. ബസിനെ കല്ലെറിയുമെന്ന് പ്രതിഷേധക്കാർ ഭീഷണി മുഴക്കിയപ്പോൾ എസ്‌ഐ മോഹന അയ്യർ സമരക്കാരെ വെല്ലുവിളിച്ചു 'ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ, പാക്കലാം'.
എസ്‌ഐയുടെ വിരട്ടൽ ഭയന്ന് പ്രതിഷേധക്കാർ വാഹനങ്ങൾ കടത്തിവിടാൻ തയാറായി. ഈ ദൃശ്യം വൈറലായതോടെ ടോമിൻ തച്ചങ്കരി തന്റെ ബാച്ച്‌മേറ്റായ തമിഴ്‌നാട് എഡിജിപി ശൈലേന്ദ്ര ബാബുവിനെ വിളിച്ചു. അദ്ദേഹമാണ് എസ്‌ഐയുടെ നമ്പർ കൈമാറിയത്. തിരുനെൽവേലി സ്വദേശിയാണ് മോഹന അയ്യർ.