വിവിധ ക്രീമുകൾ ഉപയോഗിച്ചും ഷേവ് ചെയ്തും ശരീരത്തിലെ രോമങ്ങൾ നീക്കുന്ന സ്ത്രീകളോട് ലോറ ജാക്‌സൺ എന്ന 21-കാരി ചോദിക്കുന്നു?. ശരീരത്തിന്റെ ഭാഗമായ രോമങ്ങൾ ഇങ്ങനെ ഇല്ലാതാക്കുന്നത് എന്തിനാണ്? നിങ്ങൾക്ക് ജന്മനാ കിട്ടിയ രൂപത്തിൽ അഭിമാനം കൊള്ളുകയല്ലേ വേണ്ടത്? സ്വന്തം രൂപത്തിൽ ആത്മവിശ്വാസമുള്ളവരായി സ്ത്രീകളെ മാറ്റുന്നതിന് വിദ്യാർത്ഥിനിയായ ലോറ പുതിയൊരു ആശയം മുന്നോട്ടുവെച്ചിരിക്കുകയാണ്. ഈ ജനുവരിയിൽ രോമം വടിക്കാതിരിക്കുക. ജനുവരിയെ 'ജനുഹെയറി' ആക്കി മാറ്റാമെന്ന ലോറയുടെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ

വർവിക്ഷയറിൽനിന്നുള്ള ലോറ എക്‌സിറ്റർ യൂണിവേഴ്‌സിറ്റിയിൽ മൂന്നാം വർഷ നാടക വിദ്യാർത്ഥിനിയാണ്. രോമം വടിക്കാത്തത് തനിക്ക് ആത്മവിശ്വാസം പകരുന്നുണ്ടെങ്കിലും സുഹൃത്തുക്കളിൽ പലർക്കും അതുൾക്കൊള്ളാനാവുന്നില്ലെന്ന് ലോറ പറയുന്നു. അപ്പോഴാണ് രോമം വടിക്കാത്ത ജനുവരി എന്ന ആശയം ലോറയുടെ മനസ്സിൽ ഉദിച്ചത്. പുരുഷന്മാർ നോ ഷേവ് മാസമായി നവംബർ ആചരിക്കുന്നതുപോലെ, സ്ത്രീകൾക്കും ആയിക്കൂടെയെന്ന് ലോറ ചോദിക്കുന്നു.

ലോകത്തെമ്പാടും നിന്നുള്ള യുവതികൾ ലോറയുടെ ചലഞ്ച് ഏറ്റെടുത്തുകഴിഞ്ഞു. സ്‌പെയിനിൽനിന്നും അമേരരിക്കയിൽനിന്നുമൊക്കെ ധാരാളം പേർ ഇതിന് തയ്യാറായി രംഗത്തുവന്നിട്ടുണ്ട്. ഇതിലൂടെ ജീവകാരുണ്യപ്രവർത്തനവും ലോറ ലക്ഷ്യമിടുന്നു. ബോഡി ഗോസിപ്‌സ് എജ്യുക്കേഷൻ പ്രോഗ്രാമിന് 1000 പൗണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം.

ഇൻസ്റ്റഗ്രാമിലൂടെ തന്റെ വടിക്കാത്ത കക്ഷത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ലോറ ഈ ചലഞ്ചിന് തുടക്കമിട്ടത്. രോമം വടിക്കാതെ ഏതാനും ആഴ്ചകൾ തുടർന്നപ്പോൾ, അതിനൊരു പ്രത്യേക ഭംഗിയുണ്ടെന്ന് തനിക്ക് തോന്നിത്തുടങ്ങിയതായി ലോറ പറയുന്നു. കഷ്ടപ്പെട്ടുള്ള ഷേവിങ്ങും ഒഴിവാക്കാനും അതിനായി ചെലവാക്കുന്ന സമയം ലാഭിക്കാനും സാധിച്ചു. ഷേവ് ചെയ്യാതിരിക്കുന്നതിൽ തനിക്ക് ആഹ്ലാദമുണ്ടെങ്കിലും മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിരുന്നു പ്രായാസമെന്ന് ലോറ പറയുന്നു.

ലോറയുടെ അമ്മതന്നെയാണ് ആദ്യം പ്രതിഷേധമുയർത്തിയത്. ഷേവ് ചെയ്യാതെ അലസയായി നടക്കാനാണോ ഭാവമെന്നായിരുന്നു അമ്മയുടെ ചോദ്യം. ഷേവ് ചെയ്യാത്തതിന്റെ പേരിൽ ഇങ്ങനെ വിളിക്കുന്നതെന്തിനെന്ന് ലോറ ആലോചിച്ചു. അതിനുള്ള പരിഹാരത്തെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ഷേവ് ചെയ്യാത്ത മാസമെന്ന ആശയം മുന്നിലെത്തിയത്. സോഷ്യൽ മീഡിയ സംഭവം ഏറ്റെടുത്തതോടെ ലോറയുടെ ആശയം ശ്രദ്ധിക്കപ്പെട്ടു.

#ജനുഹെയറി എന്ന ഹാഷ്ടാഗോടെയാണ് യുവതികൾ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്നത്. എന്നാൽ, ഇത്തരം അരോചകമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് സ്വയം അപഹാസ്യരാകുന്നതെന്തിനെന്ന് വിമർശിക്കുന്നവരും കുറവല്ല. തന്റേത് വളരെ നൂതനമായ ആശയമായതുകൊണ്ടാണ് എതിർപ്പുകളുണ്ടാകുന്നതെന്നും, വഴിയെ നോ ഷേവ് ചലഞ്ച് വിജയമായി മാറുമെന്നും ലോറ ആത്മവിശ്വാസം കൊള്ളുന്നു.