തിരുവനന്തപുരം: ശബരിമലയിൽ ബിന്ദുവും കനക ദുർഗയും കയറിയതിന് പിന്നാലെയുണ്ടായ സംഘർഷങ്ങൾ നാം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്. അതിനിടയിലാണ് എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നത്. ഇപ്പോൾ ഈ തെരുവിൽ കാണുന്ന തെമ്മാടിക്കൂത്താട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശ്ശബ്ദമായി രണ്ടു സ്ത്രീകൾ മലയിൽ കയറിയിറങ്ങിയപ്പോൾ നടന്നത് എന്ന് ശാരദക്കുട്ടി ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

ഇപ്പോൾ ഈ തെരുവിൽ കാണുന്ന തെമ്മാടിക്കൂത്താട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശ്ശബ്ദമായി ആരുടേയും നേർക്ക് ഒരസഭ്യവും പറയാതെ രണ്ടു സ്ത്രീകൾ മലയിൽ കയറിയിറങ്ങിയപ്പോൾ നടന്നത്?

'ഈയാൾക്കൂട്ടങ്ങൾ എപ്പോഴാണുണ്ടായത്? പട്ടിണി കിടക്കുന്നത് സദാചാരമാണോ? കീറത്തുണിയുമായി ജീവിക്കുന്നത് സദാചാരമാണോ? അങ്ങനെയൊക്കെ ജീവിച്ചപ്പോൾ സദാചാരത്തെ പറ്റി ആരും വേവലാതിപ്പെട്ടു കണ്ടില്ലല്ലോ'

സദാചാരത്തിന്റെ കാവലാളു കളിക്കുന്ന സമുദായത്തിന്റെ ഇരട്ടനയത്തിനെതിരെ ഉറൂബിന്റെ അമ്മിണി പൊട്ടിത്തെറിച്ചതിങ്ങനെയാണ്.

പെണ്ണുങ്ങളുടെ പ്രയത്നഫലമൊക്കെ തട്ടിത്തിന്നു കൊഴുത്തിട്ട് സ്ത്രീകൾ മാത്രമനുഷ്ഠിക്കേണ്ട ഈ സദാചാരങ്ങളെ കുറിച്ച് പറഞ്ഞ് അവരെ വിചാരണ ചെയ്യുന്നു. എല്ലാ കടത്തിനുമുണ്ട് ഒരവസാനം. കൂടു സൃഷ്ടിച്ചവരൊക്കെ ഒടുവിൽ കൂട്ടിലാകും. അങ്ങനെയേ ഇത്തരം യുദ്ധങ്ങൾ അവസാനിക്കൂ.

രണ്ടുമല്ലാത്ത ഒരു പാകത്തേക്കാൾ നല്ലത് ഒരു യുദ്ധമാണ്. ഒന്നു തീർച്ചപ്പെടുമെന്ന് ഉറപ്പാണല്ലോ.ഞാനല്ല പറഞ്ഞത്, മികച്ച മനുഷ്യനായിരുന്ന ഉറൂബ് തന്റെ ഏറ്റവും മികച്ച സ്ത്രീകളിലൊരാളായ ശാന്തയെക്കൊണ്ട് പറയിച്ചതാണ്. വലിയ മനുഷ്യ സങ്കൽപങ്ങളുണ്ടായിരുന്നവരുടെ, സ്ത്രീകളെ ഏറ്റവും മികച്ച മനുഷ്യ മാതൃകകളായി കണ്ടവരുടെ നാടായിരുന്നു കേരളം.

എസ്.ശാരദക്കുട്ടി
3. 1. 2019