മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ടെലഗ്രാം ആപ്പ് വഴി പ്രചരിപ്പിച്ചയാൾ പിടിയിൽ. മാനസിക സംതൃപ്തി ലഭിക്കാനെന്ന് ചോദ്യം ചെയ്യലിൽ പ്രതി. പിന്നിൽ സാമ്പത്തിക താൽപര്യമുള്ളതായി പൊലീസ് സംശയിക്കുന്നു.

സോഷ്യൽമീഡിയയിലൂടെ കുട്ടികളുടേതുൾപെടെയുള്ള അശ്ലീല ദൃശ്യങ്ങൾ ഫോൺ വഴി പ്രചരിപ്പിച്ച യുവാവിനെ വണ്ടൂർ പൊലീസ് അറസ്റ്റുചെയ്തത്. വണ്ടൂർ തിരുവാലി പുന്നപ്പാലയിലെകണ്ടമംഗലം കോക്കാടൻ ഷറഫലി(25)യെയാണ് സൈബർഡോം നോഡൽ ഓഫീസർഐ.ജി മനോജ്കുമാറിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എംപി മോഹനചന്ദ്രനും സംഘവും അറസ്റ്റുചെയതത്.

സ്മാർട്ട് ഫോണിൽ സോഷ്യൽ മീഡിയ ആപ്പായ'ടെലഗ്രാം' ഇൻസ്റ്റാൾ ചെയ്താണ് പ്രതി വ്യാപകമായ രീതിയിൽകുട്ടികളുടേതടക്കമുള്ള അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നത്. സൈബർഡോം വിവിധസാമൂഹിക മാധ്യമങ്ങൾകേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടികളടക്കമുള്ളവരുടെ അശ്ലീല ദൃശ്യങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് കണ്ടത്തിയത്.

പിന്നീട് ഇതു സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തിയപ്പോൾ പ്രതി ഷറഫലിയുടെ നമ്പറിലുള്ള ടെലഗ്രാം ആപ്പ്വഴിയാണ് അശ്ലീല വീഡിയോകൾ പ്രചരിക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് സൈബർഡോം ഐ.ജി.യുടെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്‌പി മോഹനചന്ദ്രന്റെ കീഴിൽ വണ്ടൂർ സി.ഐ വി.ബാബുരാജ്, എസ്.ഐ പി.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സൈബർ സെല്ലുമായി ചേർന്നുള്ള നീക്കത്തിലാണ് ഷറഫലി പിടിയാലായത്. ഇയാളിൽ നിന്നുംമൊബൈൽ ഫോണും, മെമ്മറികാർഡുൾപെടെയുള്ളമറ്റുപകരണങ്ങളും പിടിച്ചെടുത്തു.

ടെലഗ്രാം ആപ്പിൽ പൂമ്പാറ്റ, നാടൻ തുണ്ട്, ഗേസെക്സ് ഇഷ്ടപെടുന്നവർ എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലൂടെയാണ് പ്രായപൂർത്തിയാവാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, ലൈംഗിക ചേഷ്ടകളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. പ്രതി സ്വകാര്യ സ്ഥാപനത്തിൽ സി.എം.എക്ക് പഠിക്കുകയാണ്. തന്റെ മാനസിക സംതൃപ്തിക്ക് വേണ്ടിയാണ് അശ്ലീല ദൃശ്യങ്ങൾ മറ്റുള്ളവരുമായി പങ്കു വച്ചതെന്നാണ് ഇയാൾ പൊലീസിന് മൊഴി നല്കിയിട്ടുള്ളത്.

എന്നാൽ പ്രതിയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ലെന്നും, ഇതിനു പിന്നിൽ സാമ്പത്തിക താൽപര്യങ്ങളുണ്ടാവമെന്നാണ് പൊലീസ് വിലയിരുത്തൽ. കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലുള്ളവരും വിദേശ മലയാളികളടക്കമുള്ളവരും ഇയാളുടെ ഗ്രൂപ്പിൽഅംഗങ്ങളാണ്. സൈബർഡോമിലെ ബിജു, വൈശാഖ് എന്നിവരുടെസഹായത്തോടെയാണ് പൊലീസ് ഫോൺ പരിശോധന നടത്തിയത്.

പ്രതിക്കെതിരെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ നിരോധന നിയമപ്രകാരവും, ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.വിശദമായ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.