- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ ഡോം തുടങ്ങിയതു രാജ്യത്തെ നിയമങ്ങളേയും ഭരണഘടനയേയും സുപ്രീംകോടതി നിർദ്ദേശങ്ങളേയും മറികടക്കാൻ; സ്വകാര്യ സ്ഥാപനങ്ങളുടെ വിവരങ്ങൾ ചോർത്തി ശത്രുക്കൾക്കു നൽകാനും സാധ്യത; കേരളാ പൊലീസ് ഒളിഞ്ഞു നോട്ടം നടത്തി സ്വകാര്യ കമ്പനികളെ സഹായിക്കുന്ന വിധം
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാനുള്ള സംസ്ഥാന പൊലീസിന്റെ പുത്തൻ സംരംഭമായ സൈബർ ഡോമിന്റെ യാഥാർത്ഥ ലക്ഷ്യം നവമാദ്ധ്യമങ്ങളിലെ സാമൂഹിക ഇടപെടലുകൾ തടയാനോ? ഇത്തരമൊരു സംശയം സജീവമാക്കുകയാണ്. സൈബർ ഡോമുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളിൽ ഇന്റർനെറ്റ് നിരീക്ഷണമെന്ന സാധ്യതയും മുന്നോട്ട് വയ്ക്കുന്നുണ്ട്. വൻകിട മുതലാളിമാർക്കും
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാനുള്ള സംസ്ഥാന പൊലീസിന്റെ പുത്തൻ സംരംഭമായ സൈബർ ഡോമിന്റെ യാഥാർത്ഥ ലക്ഷ്യം നവമാദ്ധ്യമങ്ങളിലെ സാമൂഹിക ഇടപെടലുകൾ തടയാനോ? ഇത്തരമൊരു സംശയം സജീവമാക്കുകയാണ്. സൈബർ ഡോമുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളിൽ ഇന്റർനെറ്റ് നിരീക്ഷണമെന്ന സാധ്യതയും മുന്നോട്ട് വയ്ക്കുന്നുണ്ട്.
വൻകിട മുതലാളിമാർക്കും സർക്കാരിനും വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങളെ മുളയിലേ ഇല്ലായ്മ ചെയ്യുകയാണ് സൈബർ ഡോമിന്റെ ലക്ഷ്യമെന്ന് വിലയിരുത്തുന്നു. പൊതു സ്വകാര്യ സംരഭക സഹകരണം ഈ പദ്ധതിക്കായി മുന്നോട്ട് വയ്ക്കുന്നതും ഇതിനായാണെന്നാണ് ആക്ഷേപം. ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതോടെ സമൂഹ മാദ്ധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളിൽ ഇടപെടുന്നതിന് പൊലീസിന് വിലക്കുകൾ വന്നു. ഇത് മറികടക്കാനുള്ള സാധ്യതകളാണ് സൈബർ ഡോമിലൂടെ കേരളാ പൊലീസ് തേടുന്നതെന്നാണ് ആക്ഷേപം.
ഐടി നിയമത്തിലെ 66 (എ) വകുപ്പനുസരിച്ച് സെൽഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് മാദ്ധ്യമങ്ങൾവഴി, കുറ്റകരമായതോ സ്പർദ്ധ ഉളവാക്കുന്നതോ ആയ വിവരങ്ങൾ, തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ, പരിക്കോ, വിദ്വേഷമോ, അനിഷ്ടമോ, അപകടമോ, മോശക്കാരനാക്കലോ, അസൗകര്യം ഉണ്ടാക്കലോ, ചെയ്യാൻ ഉദ്ദേശിച്ചുള്ള വിവരങ്ങൾ, തെറ്റിദ്ധാരണാജനകമായ ഇലക്ട്രോണിക് സന്ദേശങ്ങൾ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കൽ എന്നിവയെല്ലാം മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കിയിരുന്നു. തനിക്കെതിരെ അപകീർത്തികരമായി മൊബൈൽ ഫോൺ, ഇൻർനെറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ചു എന്ന പരാതി മാത്രം മതിയായിരുന്നു ഒരാൾ അറസ്റ്റിലാകാൻ. അല്ലെങ്കിൽ വിദ്വേഷം പരത്തുന്നതെന്നോ, സ്പർദ്ധ വളർത്തുന്നതെന്നോ എന്ന് ആർക്കെങ്കിലും തോന്നിയാൽ മതിയായിരുന്നു. ഈ സാഹചര്യമാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ഇല്ലാതായത്. ഇതിന് പകരം വയ്ക്കുന്ന രീതിയിൽ സൈബർ ഡോമിന്റെ പ്രവർത്തനം മാറുമെന്നാണ് വിലയിരുത്തൽ.
സൈബർ ഫോറൻസിക്, സൈബർ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഇൻസിഡൻസ് റെസ്‌പോൺസ്, ഇന്റർനെറ്റ് മോണിറ്ററിങ്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ കണ്ടെത്തൽ, വിഒഐപി/സ്‌കൈപ് കാൾ വിശകലനം, സൈബർ ഭീകരവാദം തടയൽ, ഡാർക്ക് നൈറ്റ് എക്‌സ്‌പ്ലോറിങ് തുടങ്ങിയ വിവിധതരം പ്രവർത്തനങ്ങൾ സൈബർ ഡോമിൽ നടക്കുമെന്നും വിശദീകരിക്കുന്നു. സോഷ്യൽ മീഡിയ വിശകലന ലാബും ഇതിന്റെ ഭാഗമായുണ്ടാവും. ഇവിടെയാണ് ചതിക്കുഴിയുള്ളത്. സോഷ്യൽ മീഡിയയിലെ ഏത് ചർച്ചയും ദേശ വിരുദ്ധമെന്നോ വ്യക്തി ഹത്യയാണെന്നുമെല്ലാം വിധിയെഴുതാൻ സൈബർ ഡോമിന് കഴിയും. ഇങ്ങനെ സൈബർ ഡോം നൽകുന്ന പരാതികളിൽ സൈബർ പൊലീസ് കേസുമെടുക്കും. ഉടൻ എഫ് ഐ ആറും വരും. അതായത് ഐടി നിയമത്തിൽ 66 എ പ്രകാരം നിരോധിച്ചവയെല്ലാം മറ്റ് വകുപ്പുകൾ ചേർത്ത് കേസെടുക്കാവുന്ന അവസ്ഥയുണ്ടാകും.
തിരുവനന്തപുരം ടെക്‌നോപാർക്കിലാണ് സൈബർ ഡോമിന്റെ ആസ്ഥാനം. 2,500 ചതുരശ്രയടി വിസ്തീർണത്തിൽ ടെക്‌നോപാർക്കിലെ തേജസ്വിനി അനക്‌സിൽ പൂർത്തിയായിട്ടുള്ള 'സൈബർ ഡോം' ടെക്‌നോളജി സെന്ററിൽ സൈബർ അനുബന്ധ കുറ്റകൃത്യങ്ങളുടെ നിരീക്ഷണം, സൈബർ കേസുകളുടെ അന്വേഷണം തുടങ്ങിയവ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ വഴിയൊരുങ്ങുമെന്ന് സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാർ പറയുന്നത്. സോഫ്ടറ്റ്‌വെയറുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള റിസർച്ച് & ഡെവലപ്‌മെന്റ് ടീമും ഈ സെന്ററിന്റെ ഭാഗമായുണ്ടാവും. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ പ്രവർത്തനം ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമായ സൈബർഡോമിൽ സന്നദ്ധ സേവനത്തിലൂന്നി ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള അഞ്ഞൂറോളം ഐ ടി പ്രൊഫഷനലുകളും സഹകരിച്ചു പ്രവർത്തിക്കുമെന്നും വിശദീകരിക്കുന്നു. മുൻനിര ഐടി കമ്പനികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ഒരു ഡിവൈഎസ്‌പിയുടെയും സിഐ യുടെയും കീഴിൽ ഐടി വിദഗ്ധരായ 10 പൊലീസ് ഉദ്യോഗസ്ഥർ ഇവിടെയുണ്ടാവും.
എന്നാൽ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമാണ് സൈബർ ഡോം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യൻ ഐടി ആക്ടിലും ഇന്ത്യൻ പോസ്റ്റൽ ആക്ടിലും സർവ്വലൈൻസ് എങ്ങനെയാകണമെന്ന് നിർവ്വചിക്കുന്നുണ്ട്. കുറ്റകൃത്യം പരാതിയായി കിട്ടിയാൽ മാത്രമേ നിരീക്ഷണം അനുവദിക്കുന്നുള്ളൂ. രണ്ട് പേർ തമ്മിലെ ആശയകൈമാറ്റം തൽസമയം പരിശോധിക്കുന്നതിന് മുൻകൂർ അനുമതികൾ കോടതികളിൽ നിന്നും മറ്റും വാങ്ങണം. അതിന് പോലും ഐബിയും സിബിഐയും അടക്കമുള്ള ഏജൻസികൾക്ക് മാത്രമേ കഴിയൂ എന്നാണ് ചട്ടം. പരാതി കിട്ടിയാൽ അത് പരിശോധിക്കാൻ മാത്രമേ കേരളാ പൊലീസിന് അനുമതിയുള്ളൂ. ഈ സാഹചര്യത്തിൽ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നവമാദ്ധ്യമങ്ങളുടെ നിരീക്ഷണം നിയമം അനുവദിക്കുന്നതുമില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി പോലുമില്ലാതെ സൈബർ ഡോം എങ്ങനെ പ്രവർത്തിക്കുമെന്നതാണ് പ്രശ്‌നം. നിലവിൽ പരാതി കിട്ടുമ്പോഴാണ് കേസ് വരിക. സൈബർ ഡോം വഴിയാകുമ്പോൾ നിരീക്ഷണ സംവിധാനം കണ്ടെത്തിയ സാമൂഹിക പ്രശ്‌നമെന്ന നിലയിൽ അവതരിപ്പിക്കാനാകും.
ഇന്ത്യൻ ഭരണഘടന എല്ലാവർക്കും ചില മൗലികാവകാശങ്ങൾ അനുവദിച്ചിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, സഞ്ചരിക്കാനുള്ള അവകാശം, തൊഴിൽ സ്വീകരിക്കാനുള്ള അവകാശം, സ്വരക്ഷയ്ക്കുള്ള അവകാശം മുതലായവ അവയിൽ ചിലതാണ്. ഇതിൽ ഏതെങ്കിലും നിഷേധിക്കപ്പെട്ടാൽ ഭരണഘടന ലംഘനമാണ് തന്നെയുമല്ല ശിക്ഷാർഹവുമാണ്. ഈ മൗലിക തത്വങ്ങൾ ലംഘിക്കുന്ന നിയമ നിർമ്മാണം പാടില്ലെന്നാണ് വയ്പ്. ഈ സാഹചര്യത്തിലാണ് ഐടി ആക്ടിലെ 66 എയും കേരളാ പൊലീസ് ആക്ടിലെ 188ഡിയും സുപ്രീംകോടതി റദ്ദാക്കിയത്. ഇവിടെ സൈർ ഡോമിന് ഇത്തരം നിയമനിർമ്മാണങ്ങളുടെ പരിരക്ഷയുമില്ല. മറിച്ച് എക്‌സിക്യൂട്ടീവ് ഓർഡറിലൂടെ സർക്കാർ നടപ്പാക്കുന്നു. ഇത്തരം എക്‌സിക്യൂട്ടീവ് ഓർഡറുകളെല്ലാം ഏതെങ്കിലും നിയമത്തിന് വിധേയമായിരിക്കണം. എന്നാൽ സൈബർ ഡോമെന്നത് ഏത് നിയമത്തിന്റെ കീഴിലാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയതെന്ന് വ്യക്തമല്ല. ഇതിനൊപ്പം ഫെയ്‌സ് ബുക്ക്, ഗൂഗിൾ തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള നിരീക്ഷണം കേരളാ പൊലീസിന് പ്രാവർത്തികവുമല്ല.
ഏതെങ്കിലും പരാതി കിട്ടിയാൽ ജില്ലാ പൊലീസ് സൂപ്രണ്ടിൽ കുറയാത്ത വ്യക്തിയുടെ കത്തുണ്ടെങ്കിൽ മാത്രമേ ഗുഗിളും ഫെയ്‌സ് ബുക്കും ഡാറ്റ പരിശോധനയ്ക്ക് പോലും നൽകൂ. ഈ സാഹചര്യത്തിൽ എന്ത് ഇന്റർനെറ്റ് മോണിറ്ററിംഗാണ് നടക്കാൻ പോകുന്നതെന്നതാണ് ഉയരുന്ന ചോദ്യം. സ്വകാര്യ മുതലാളിമാരുടെ പ്രതിനിധികൾക്കും സൈബർ ഡോമുമായി സഹകരിക്കാൻ അവസരമുണ്ട്. ഇതിലൂടെ സൈബർ വിവരങ്ങൾ ചോർത്തിയെടുക്കാൻ സ്വകാര്യ വ്യക്തികൾക്ക് പോലും കഴിയും. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള സുവർണ്ണാവസരമായി ഇത് മാറുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. സൈബർ ഡോമിലേക്ക് ഏതൊരു ഐടി കമ്പനികൾക്കും പ്രതിനിധികളെ നൽകാം. സോഫ്ട് വെയർ നിർമ്മാണത്തിനാണ് ഇത്. ഐടിയിൽ നുഴഞ്ഞു കയറ്റം സാധ്യമാക്കുന്ന സോഫ്ട് വെയറുകൾ നിർമ്മിക്കുകയെന്നത് നിയമവിരുദ്ധമാണ്. ഹാക്കിംഗും മറ്റും പോലെ തന്നെ കുറ്റകരം.
ഇവിടെ പൊലീസുമായി സഹകരിക്കുന്നതോടെ ഇത്തരം സോഫ്ട് വെയറുകൾ നിർമ്മിക്കാം. കേരളാ പൊലീസിന് സൗജന്യമായി നൽകേണ്ടി വരും. കേരളാ പൊലീസിന്റെ നെറ്റ് വർക്കിൽ പരിശോധിച്ച് സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കാം. അതിന് ശേഷം മറ്റ് അന്വേഷണ ഏജൻസിക്ക വിൽക്കുകയും ചെയ്യാം. ഇതിലൂടെ വലിയ സാമ്പത്തിക നേട്ടവും ഉണ്ടാകും. ഇത്തരം സോഫ്ട് വെയറുകളുടെ നിർമ്മാണം നിയമ വിധേയവും നൂറു ശതമാനം കൃത്യതയുണ്ടെന്നും പരിശോധിക്കുകയും ചെയ്യാം. ഇതിന് പൊലീസിന്റെ ഔദ്യോഗിക സംവിധാനങ്ങൾ തുറന്നു കൊടുക്കകയാകും സൈബർ ഡോം ചെയ്യുകയെന്നാണ് ആരോപണം. ഇതിലുപരി വിവരങ്ങൾ ചോർത്തലും സ്വകാര്യകമ്പനികൾക്ക് എളുപ്പമാകും. പത്ത് പൊലീസുകാരാകും സൈബർ ഡോമിലുണ്ടാവുക. ഇവരേക്കാൾ സാങ്കേതിക പരിജ്ഞാനം ഉള്ളവരാകും സ്വകാര്യ കമ്പനിയുടെ പ്രതിനിധികളായി എത്തുക. അതുകൊണ്ട് തന്നെ ഇവരുടെ പ്രവർത്തനങ്ങളെ വിലയിരുത്താൻ അവിടെയുള്ള പൊലീസുകാർക്ക് കഴിയില്ല.
പൊലീസിന്റെ വിവര ശേഖരണത്തിൽ ഇത്തരം സ്വകാര്യ വ്യക്തികൾ കൈകടത്തുമോ എന്ന ആശങ്കയും സജീവമാണ്. ഇതിനൊപ്പം വ്യവസായ സ്ഥാപനങ്ങൾ തമ്മിലെ കുടിപ്പകയ്ക്ക് പൊലീസിന്റെ ചാര സംവിധാനങ്ങൾ സമർത്ഥമായി ഉപയോഗിക്കപ്പെടുകയും ചെയ്യാം. നിയമ വിധേയമല്ലാതെ തന്നെ ആളുകളുടെ ഫോണും മെയിലുമെല്ലാം പരിശോധിക്കാനുള്ള സംവിധാനം പൊലീസിനുണ്ടെന്നാണ് വയ്‌പ്പ്. ഇതൊന്നും കോടതിയിൽ തെളിവുകളാക്കാൻ കഴിയാത്തതിനാൽ അതീവ രഹസ്യമായാണ് ഇവ ഉപയോഗിക്കുന്നത്. ഈ സംവിധാനങ്ങൾ സ്വകാര്യ കമ്പനികൾക്കും അതിന്റെ പ്രതിനിധികൾക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സൈബർ ഡോമിലൂടെ കഴിയും. ഇതുപയോഗിച്ച് വ്യാവസായിക കുടിപ്പകകൾ അനുകൂലമാക്കാൻ സ്വകാര്യ മുതലാളികമാർ ശ്രമിക്കുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.
വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള ഇത്തരം നുഴഞ്ഞു കയറ്റങ്ങളെ ലോകത്ത് ഒരിടത്തും ജ്യൂഡൂഷ്യറി അംഗീകരിച്ചു പോന്നിട്ടില്ല. ഐടി ആക്ടിലെ വിവാദ വകുപ്പ് റദ്ദാക്കിയതും അതുകൊണ്ട് തന്നെ. സൈബർ ഡോമിനെതിരെ കോടതിയിൽ ആരെങ്കിലും സമീപിച്ചാൽ ടെക്‌നോപാർക്കിലെ സംവിധാനം പൊലീസിന് അടച്ചു പൂട്ടേണ്ടി വരുമെന്നാണ് വിലയിരുത്തലുകൾ.