ആലുവ: 'കാലടി പാലം യാഥാർഥ്യമാക്കുക' എന്ന ആവശ്യവുമായി ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പള്ളി നയിക്കുന്ന ഒക്കൽ മുതൽ സെക്രട്ടേറിയറ്റ് വരെ 240 കിലോമീറ്റർ സൈക്കിൾ യാത്രയിൽ ഒക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാബു മൂലനും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. രാജേഷും കണ്ണികൾ ആവുന്നു.

അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലെ പ്രധാന റോഡുകളിൽ ഒന്നായ എംസി റോഡിൽ കാലടി പാലം വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അത് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവംആയിരിക്കും. അരനൂറ്റാണ്ട് മുൻപ് പണിത കാലടി പാലത്തിലെ ഗതാഗത കുരുക്കിൽ പെട്ട് മണിക്കൂറുകൾ റോഡിൽ കിടക്കേണ്ടി വരുന്ന യാത്രക്കാരുടെ ദുരിതത്തിനു പരിഹാരം കാണുവാൻ ആണ് ഈ ജനകീയ സൈക്കിൾ യാത്ര.

ഓഗസ്റ്റ് 1ന് രാവിലെ 6 മണിക്ക് പെരുമ്പാവൂർ എംഎൽഎ അഡ്വക്കേറ്റ് എൽദോസ് കുന്നപ്പിള്ളി, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർ ചേർന്ന് ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പിള്ളിക്ക് പതാക കൈമാറി ജനകീയ സൈക്കിൾ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ കോൺഗ്രസ് ഒക്കൽ മണ്ഡലം പ്രസിഡന്റ് ടി.ആർ.പൗലോസ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന വേളയിൽ പെരുമ്പാവൂർ ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് ഷാജി സലിം, ഒക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടീച്ചർ, ബ്ലോക്ക് മെമ്പർ സിജി ബാബു , മെമ്പർമാരായ മിഥുൻ ടി. എൻ, സനൽ ഇ എസ്, മുഹമ്മദ് ഷിയാസ്, കോൺഗ്രസ് ഒക്കൽ മണ്ഡലം ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് ഒക്കൽ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. സൈക്കിൾ യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ സ്വീകരണം നൽകും.