സിഡ്‌നി; ആഞ്ഞുവീശുന്ന കൊടുങ്കാറ്റിൽ സിഡ്‌നിയും സമീപ മേഖലകളും ആടിയുലഞ്ഞു. കൊടുങ്കാറ്റിനൊപ്പം തന്നെ ശക്തമായ ഇടിമിന്നലും ഉണ്ടായതോടെ പരക്കെ വൈദ്യുതി നഷ്ടവും ഉണ്ടായി. തുടർച്ചയായി പെയ്യുന്ന മഴയിൽ മിക്ക സ്ഥലങ്ങളും മിന്നൽപ്രളയത്തിൽ മുങ്ങിയിരിക്കുകയാണ്.

കാറ്റിനൊപ്പം തന്നെ ആലിപ്പഴ വർഷവും ഉണ്ടാകുമെന്നതിനാൽ ശക്തമായ കാലാവസ്ഥാ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. സിഡ്‌നി ഉൾപ്പെടെ ന്യൂ സൗത്ത് വേൽസിന്റെ വിവിധ ഭാഗങ്ങളിൽ കൊടുങ്കാറ്റിന് മുന്നറിയിപ്പുണ്ട്. വീടുകളും കാറുമെല്ലാം സുരക്ഷിതമാക്കി വയ്ക്കാനും വസ്തുക്കൾ മഴ വെള്ളത്തിൽ ഒലിച്ചുപോകാതെ ശ്രദ്ധിക്കണമെന്നും നിവാസികൾക്ക് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകുന്നുണ്ട്.

അഞ്ചു സെമീ വ്യാസമുള്ള ആലിപ്പഴ വർഷമാണ് അനുഭവപ്പെടുകയെന്നും മുന്നറിയിപ്പുണ്ട്. സതേൺ ടേബിൾലാൻഡ്‌സ്,സ്‌നോവി മൗണ്ടെയ്ൻസ്,സൗത്ത് കോസ്റ്റിന്റെ ഭാഗങ്ങൾ,സെൻട്രൽ വെസ്റ്റ് സ്ലോപ്‌സ്,പ്ലെയിൻസ്,റിവേറിന എന്നിവിടങ്ങളിൽ കനത്ത കാലാവസ്ഥാ മുന്നറിയിപ്പാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി പുറപ്പെടുവിച്ചത്. ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വർഷവും ഒറേഞ്ച്, കാൻബറ, മൂർ, ഡുബ്ബോ, വാഗ വാഗ എന്നിവിടങ്ങളിൽ അനുഭവപ്പെടും.
സിഡ്‌നി, വൂളൻഗോംഗ്, ന്യൂകാസ്റ്റിൽ, ബ്ലൂ മൗണ്ടെയ്ൻസ്, ദ ഹണ്ടർ റീജിയൺ, കൻബറ എന്നിവിടങ്ങളിലും ശക്തമായ കാറ്റ് ആഞ്ഞടിക്കും. സൗത്ത് ഈസ്റ്റ് ക്യൂൻസ്ലാന്റിൽ മൂന്ന് ദിവസത്തേക്ക് കൊടുങ്കാറ്റും അനുഭവപ്പെടും. കനത്ത മഴ,ശക്തമായ കാറ്റ്,ആലിപ്പഴ വർഷം എന്നിവ സൗത്ത് ഈസ്റ്റിൽ അനുഭവപ്പെടുമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. അതിശക്തമായ കാറ്റ് ബ്രസ്‌ബെയിനെ ജനജീവിതം ദുസഹമാക്കും. ടാസ്മാനിയയുടെ നോർത്ത് ഈസ്റ്റിലും ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടാകാൻ സാധ്യതയുണ്ട്.

സിഡ്‌നിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഒരു ഡസനോളം ഫ്‌ളൈറ്റുകൾ ഇന്നലെ മോശം കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. ട്രെയിൻ സർവ്വിസുകളും ഇന്നലെ പ്രവർത്തനക്ഷമമായിരുന്നില്ല. ടാൻസ്മാനിയൻ നോർത്ത് ഈസ്റ്റ് കോസ്റ്റിലെ ഗ്രെയിൽ ആറു മണിക്കൂറിനുള്ളിൽ 170 മില്ലിമീറ്റർ മഴയാണ് പെയ്തത്. ടാൻസ്മാനിയയ്ക്കു പുറമേ സൗത്ത് ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിലും പേമാരിയുണ്ടായി.

ന്യൂ സൗത്ത് വേൽസിൽ മുപ്പതിനായിരത്തിൽ അധികം വീടുകൾക്ക് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. റോഡുകളിൽ വൈദ്യുതി ലൈനുകളും പോസ്റ്റുകളും നിലംപതിച്ചിട്ടുണ്ട്. പോസ്റ്റുകൾ നിലംപതിച്ചതാണ് വൈദ്യുതി ബന്ധം വിഛേദിക്കാൻ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. വാഹനവുമായി പുറത്തിറങ്ങുന്നവർക്കും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിൽ റോഡിൽ മരങ്ങൾ കടപുഴകി വീണിട്ടുള്ളതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.