ന്യൂഡൽഹി: അസാനി ചുഴലിക്കാറ്റ് തീരം തൊടാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരങ്ങളിലും ഒഡീഷയിലും ജാഗ്രത. മുൻകരുതലിന്റെ ഭാഗമായി വിശാഖപട്ടണം തുറമുഖം അടച്ചു.

വിശാഖപട്ടണം രാജ്യാന്തര വിമാനത്താവളത്തിൽ സർവീസുകൾ റദ്ദാക്കി. പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ 23 സർവീസുകളാണ് റദ്ദാക്കിയത്. എയർ ഏഷ്യ നാലു സർവീസുകൾ വേണ്ടെന്ന് വച്ചതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യയുടെ കിഴക്കൻ തീരങ്ങൾക്ക് അരികിലെത്തിയ അസാനി ചുഴലിക്കാറ്റ്, 105 കിലോമീറ്റർ വേഗതയിൽ തീരത്ത് വീശിയടിക്കുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായി ആന്ധ്രയുടെ വടക്കൻ തീരങ്ങളിലും ഒഡീഷയിലും അതിതീവ്രമഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഇന്ന് വൈകീട്ടോടെ തീവ്രത കുറഞ്ഞ് ആന്ധ്രാപ്രദേശ് തീരത്ത് ചുഴലിക്കാറ്റ് എത്തുമെന്നാണ് വിലയിരുത്തൽ. കാറ്റിന്റെ തീവ്രത കുറഞ്ഞ് ന്യൂനമർദ്ദമായിട്ടാവും ആന്ധ്രാ തീരത്തേയ്ക്ക് എത്തുകയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശിന്റെയും ഒഡീഷയുടെയും തീരദേശമേഖലകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലകളിൽ രൂപപ്പെട്ട അസാനി ചുഴലിക്കാറ്റ് ഈ സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റാണ് അസാനി. ശ്രീലങ്കയാണ് ഈ പേരിട്ടത്. അസാനി എന്നാൽ സിംഹള ഭാഷയിൽ 'കോപം' എന്നാണർഥം.

2004 സെപ്റ്റംബർ മുതലാണ് ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമുള്ള ചുഴലിക്കാറ്റുകൾക്ക് പേരിടാൻ ആരംഭിച്ചത്. ഒരു അംഗീകൃത പട്ടികയിലേക്ക് മാറുന്നതിന് മുമ്പ് കൊടുങ്കാറ്റുകൾക്ക് സ്ത്രീലിംഗ പേരുകൾ തിരഞ്ഞെടുത്തിരുന്നു.

ചുഴലിക്കാറ്റുകൾക്കായുള്ള 169 പേരുകളുടെ പട്ടിക 2020-ൽ പുറത്തിറക്കിയിരുന്നു. 13 രാജ്യങ്ങളിൽ നിന്നുള്ള 13 പേരുകൾ ഇതിൽ ഉൾപ്പെടുന്നു. ഇനി വരാനിരിക്കുന്ന ചുഴലിക്കാറ്റുകളുടെ പേരുകളും ഏതൊക്കെ രാജ്യങ്ങളാണ് അവയ്ക്ക് പേരിടുകയെന്നും നോക്കാം.

അസാനിക്ക് ശേഷം രൂപപ്പെടുന്ന ചുഴലിക്കാറ്റിനെ സിത്രാംഗ് എന്നായിരിക്കും വിളിക്കുക. തായ്ലൻഡാണ് ഈ പേര് നൽകിയിരിക്കുന്നത്. ഘുർണി പ്രൊബാഹോ ജാർ മുരസു എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള വരാനിരിക്കുന്ന പേരുകൾ.

ബിപാർജോയ് (ബംഗ്ലാദേശ്), ആസിഫ് (സൗദി അറേബ്യ), ദിക്സം (യെമൻ), തൂഫാൻ (ഇറാൻ), ശക്തി (ശ്രീലങ്ക) തുടങ്ങിയവയെല്ലാം ചുഴലിക്കാറ്റുകളുടെ മറ്റ് പേരുകളാണ്. ഇന്ത്യ നിർദ്ദേശിച്ചതിൽ നിന്ന് ഇതുവരെ ഉപയോഗിച്ച പേരുകളിൽ ഗതി, മേഘ്, ആകാശ് എന്നിവയും ഉൾപ്പെടുന്നു.

ബംഗ്ലാദേശിൽ നിന്നുള്ള ഓഗ്‌നി, ഹെലൻ, ഫാനി എന്നിവയും പാക്കിസ്ഥാനിൽ നിന്നുള്ള ലൈല, നർഗീസ്, ബുൾബുൾ എന്നിവയുമെല്ലാം മുൻപ് ഉപയോഗിക്കപ്പെട്ട പേരുകളാണ്.

ഓരോ ചുഴലിക്കാറ്റിനും പേരിടുന്നതിനു പിന്നിൽ ചില മാനദണ്ഡങ്ങളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങളും അഞ്ച് പ്രാദേശിക ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളും ആണുള്ളത് ഇവരാണ് ചുഴലിക്കാറ്റുകൾ സംബന്ധിച്ച് ഉപദേശങ്ങൾ നൽകുന്നതും ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതും.

ആൽഫബറ്റിക് ഓർഡറിലായിരിക്കും പേര് തിരഞ്ഞെടുക്കുക. ലിംഗം, രാഷ്ട്രീയം, മതവിശ്വാസങ്ങൾ, സംസ്‌കാരങ്ങൾ തുടങ്ങിയവയുമായി ബന്ധമില്ലാത്ത പേരുകളായിരിക്കും തിരഞ്ഞെടുക്കുക. ഒരു ജലാശയത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നുപോകുന്ന കൊടുങ്കാറ്റിന്റെ പേരിൽ മാറ്റമുണ്ടാകില്ല. ഒരിക്കൽ നൽകിയ പേരുകൾ പിന്നീട് ഉപയോഗിക്കില്ല. ഉപയോഗിക്കുന്ന എല്ലാ പേരുകൾക്കും പരമാവധി എട്ടക്ഷരങ്ങൾ വരെ ആകാം. ഏതെങ്കിലും രാജ്യത്തെയോ ആളുകളെയോ ആചാരങ്ങളെയോ വ്രണപ്പെടുത്തുന്ന പേരുകളാകരുത്.