റബിക്കടലിൽ രൂപംകൊണ്ട അശോഭ ചുഴലിക്കാറ്റ് ഒമാനിലെ മസീറ ദ്വീപിനെ ലക്ഷ്യംവച്ച് നീങ്ങിത്തുടങ്ങിയതായി കാലാവസ്ഥാ നിരീക്ഷകർ. മസീറ ദ്വീപിൽ നിന്ന് സൗത്ത് വെസ്റ്റായി 860 കിമീ അകലെയാണ് ഇപ്പോൾ കാറ്റെത്തിയിരിക്കുന്നത്. അറബിക്കടലിന് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് രണ്ട് ദിവസത്തിനുള്ളിൽ കാറ്റെത്തുമെന്നാണ് പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചിരിക്കുന്നത്

വടക്കുപടിഞ്ഞാറൻ ദിശയിൽ അതിവേഗം സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഒമാനിൽ കനത്ത പ്രകൃതിക്ഷോഭത്തിന് ഇടയാക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വിഭാഗവും മുന്നറിയിപ്പ് നൽകി.എന്നാൽ കാറ്റിന്റെ പ്രത്യാഘാതങ്ങൾ ഒമാനെ ബാധിക്കില്ല എന്നും, ബുറൈമി, ഫഹുദ്, രുസ്താക്ക് തുടങ്ങിയ മേഖലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത ഉണ്ടെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. മണിക്കൂറിൽ 65 മുതൽ 75കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്നകാറ്റ്, തീരത്തേക്ക് അടുക്കുമ്പോൾ ശക്തികുറയുമെന്നാണ് പ്രതീക്ഷയെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒമാൻ തീരത്തെക്കാണ് കൊടുങ്കാറ്റിന്റെ സഞ്ചാരമെന്നും ജൂൺ പത്തിന് ന്യൂനമർദ്ദം ഒമാൻ തീരത്തെത്തുമെന്നും കനത്ത നാശനഷ്ടത്തിന് കാരണമാകുമെന്നും യു എസ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

തിങ്കളാഴ്ചയാണ് അശോഭ ഒമാൻ തീരം ലക്ഷ്യമിട്ട് നീങ്ങിത്തുടങ്ങിയത്. തിങ്കളാഴ്ച ഉച്ചയോടെ ഇന്ത്യയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇറക്കിയ അറിയിപ്പിൽ അശോഭ മസീറയിൽ നിന്ന് 860 കിലോമീറ്റർ അകലെ എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പായി യു.എ.ഇ. ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകിയ അറിയിപ്പിൽ മസീറയിൽ നിന്ന് 960 കിലോമീറ്റർ അകലെ അശോഭ എത്തിയതായും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ എട്ട് വർഷത്തിനിടെ ഒമാനിൽ രണ്ട് ചുഴലിക്കാറ്റുകളാണ് വീശിയത്. 2007 ൽ ഗോനുവും 2010 ൽ ഫെറ്റ് ചുഴലിക്കാറ്റും. രണ്ട് ചുഴലിക്കാറ്റിലുമായി 70 ലധികം പേരാണ് മരിച്ചത്. 4 ബില്യണിലധികം ഒമാനി റിയാലിന്റെ നാശനഷ്ടവും ഉണ്ടായിരുന്നു.