- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിലും റെഡ് അലർട്ട്; അതിജാഗ്രത വേണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നു മുഖ്യമന്ത്രി; ചുഴലിക്കാറ്റ് ഇപ്പോഴുള്ളത് കന്യാകുമാരി തീരത്തിന് സമീപം; കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറിയേക്കും
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പായി സംസ്ഥാനത്ത് നേരത്തേ യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരുന്നു, ഇത് റെഡ് അലർട്ടായി ഉയർത്തിയത്. കാറ്റ് ഇന്ത്യൻ തീരത്തോട് അടുത്തതിനാലാണ് അലർട്ട് മാറ്റം. ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പാണ് ഇത്. ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കി. തിരുവനന്തപുരം , പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം ജില്ല പൂർണ്ണമായും ജാഗ്രതയിലാണെന്ന് ജില്ല കളക്ടർ നവ് ജ്യോത് ഘോസ പറഞ്ഞു.
അതേസസമയം ബുറെവി ചുഴലിക്കാറ്റും മഴയും കണക്കിലെടുത്ത് സംസ്ഥാനത്ത് അതിജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യാഴാഴ്ചമുതൽ ശനിയാഴ്ചവരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച മഴയുടെ തീവ്രത അതിശക്തമാകുമെന്ന സൂചനയുണ്ട്. മത്സ്യബന്ധനത്തൊഴിലാളികൾക്ക് ശനിയാഴ്ചവരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭയാശങ്ക വേണ്ടാ. ഏതുസാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹായത്തിനായി കൺട്രോൾ റൂമിലെ 1077 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അറിയിച്ചു. നെയ്യാർ, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. നെയ്യാർ, അരുവിക്കര, കല്ലട, മലങ്കര, കുണ്ടള, ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാർ, പോത്തുണ്ടി, കാരാപ്പുഴ ഡാമുകൾ തുറന്നു. അതിതീവ്ര മഴയുണ്ടായാൽ കൂടുതൽ ഡാമുകൾ തുറക്കും.
2849 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. മരം വീണും മരച്ചില്ലകൾ, പോസ്റ്റുകൾ, വൈദ്യുതലൈനുകൾ തുടങ്ങിയവ പൊട്ടിവീണുമുള്ള അപകടങ്ങൾ പ്രതീക്ഷിക്കണം. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കും. വീടുകളിലും കെട്ടിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഷീറ്റുകൾ ബലപ്പെടുത്തണം. മെഴുകുതിരി, തീപ്പെട്ടി, സാധ്യമെങ്കിൽ റേഡിയോ, ചാർജ് ചെയ്ത മൊബൈലുകൾ, മരുന്ന്, അത്യാവശ്യ ആഹാരസാധനങ്ങൾ എന്നിവ കരുതണം. വിലപ്പെട്ട രേഖകളും മറ്റുള്ളവയും പ്രത്യേകം സൂക്ഷിക്കണം.
ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടിട്ടുണ്ട്. ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു കിലോമീറ്റർ അകലെയാണ് ബുറെവി തീരം തൊട്ടത്. കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറിൽ 12 കി.മീ. വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9.0° N അക്ഷാംശത്തിലും 80.8°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയിൽ നിന്ന് ഏകദേശം 380 കിമീ ദൂരത്തിലുമാണ്.
ചുഴലിക്കാറ്റ് ഡിസംബർ മൂന്നിന് പുലർച്ചെയോടെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി (കോമോറിൻ) മേഖലയിൽ എത്തും. മൂന്നാം തിയതി ഉച്ചയോടെ പാമ്പൻ തീരത്തെത്തുമ്പോൾ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെയും ചില അവസരങ്ങളിൽ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങൾ തമിഴ്നാട്ടിൽ എത്തിയിട്ടുണ്ട്. കന്യാകുമാരി, തൂത്തുക്കുടി, നാഗപട്ടണം എന്നിവിടങ്ങളിൽ എൻ.ഡി.ആർ.എഫിന്റെ രണ്ട് സംഘങ്ങൾ വീതവും രാമനാഥപുരം, തിരുനെൽവേലി എന്നിവിടങ്ങളിൽ മൂന്ന് സംഘങ്ങളെ വീതും വിന്യസിച്ചിട്ടുണ്ട്. മധുരൈയിലും കൂടല്ലൂരിലും ഓരോ സംഘത്തെയുമാണ് നിയോഗിച്ചിട്ടുള്ളത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി (Deep Depression) ഡിസംബർ നാലിന് കേരളത്തിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് കെ.എസ്.ഡി.എം.എ. അറിയിച്ചിട്ടുണ്ട്. ഡിസംബർ മൂന്നു നാലു തീയതികളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ