മസ്‌ക്കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ ചുഴലിക്കാറ്റ് ചപല ഒമാൻ തീരത്ത് വീശിയടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതുമൂലം ദോഫാർ, അൽവുസ്ത മേഖലകളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

മണിക്കൂറിൽ 70-90 കിലോമീറ്റർ വേഗത്തിൽ കാറ്റ് തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണു റിപ്പോർട്ട്. ശക്തമായ തിരമാലകൾക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണം. പേമാരി കൂടുതൽ മേഖലകളെ ബാധിക്കുമോയെന്നു നിരീക്ഷിച്ചുവരികയാണ്.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സിവിൽ ഡിഫൻസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വാഹനയാത്ര ഒഴിവാക്കുകയും തീരപ്രദേശത്തുനിന്നു വിട്ടുനിൽക്കുകയും വേണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. വാദികൾ കരകവിഞ്ഞൊഴുകാനും സാധ്യതയുണ്ട്.
കാറ്റിന് ഉപരിതലത്തിൽ മണിക്കൂറിൽ160 മുതൽ 175 കിലോമീറ്റർ വേഗതയാണ് നിലവിലുള്ളത്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ 225 കിലോമീറ്റർ വേഗമെടുത്ത് കാറ്റഗറി നാല് വിഭാഗത്തിലുള്ള സൂപ്പർ സൈക്‌ളോണായി മാറാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾ പറയുന്നത്. തിങ്കളാഴ്ച രാത്രിയോടെ കാറ്റ് തീരത്ത് എത്തുമെന്നാണ് കരുതുന്നത്.

പൊതുജനങ്ങളോട് വേണ്ട സുരക്ഷാ നടപടികൾ കൈക്കൊള്ളാൻ പബ്ലിക്ക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനാണ് നിർദ്ദേശത്തിൽ പറയുന്നത്.