കൊച്ചി/ചെന്നൈ : തമിഴ്‌നാട്ടിൽ ഉഗ്രനാശം വിതച്ച ഗജ ചുഴലിക്കാറ്റിന്റെ ഭീഷണി കേരളത്തിലേക്കും. എറണാകുളം ജില്ലയുടെ ആകാശത്ത് ഗജ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി രൂപപ്പെട്ടുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ന്യൂനമർദ്ദം ശക്തമായിരിക്കുന്ന അവസ്ഥയിൽ ഇതിനൊടൊപ്പം മണിക്കൂറിൽ 60 കിലോ മീറ്റർ എന്ന വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.ദുരന്തത്തിൽ ഇതുവരെ തമിഴ്‌നാട്ടിൽ 28 പേർ മരിച്ചുവെന്നാണ് വിവരം.

കേരളത്തിൽ ഇന്നലെ പല സ്ഥലങ്ങളിലും മഴ പെയ്തിരുന്നു. മാത്രമല്ല കോട്ടയം, ആലപ്പുഴ, തൃശ്ശൂർ, ഇടുക്കി എന്നീ ജില്ലകളിൽ തുടർന്നും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതി ശക്തമായ മഴയിൽ മരം മറിഞ്ഞ് വീണ് കോട്ടയം-എറണാകുളം റോഡിൽ മുട്ടുചിറ, സിലോൺ കവല എന്നിവിടങ്ങളിൽ ഗതാഗതം നിലച്ചിരുന്നു. മാത്രമല്ല കടുത്തുരുത്തി- പാല റോഡിൽ ഇപ്പോൾ അതിശക്തമായ വെള്ളക്കെട്ടും രൂപപ്പെട്ടിരിക്കുകയാണ്.

തമിഴ്‌നാട്ടിൽ മഴയും കാറ്റും ശക്തമായതിന് പിന്നാലെ വേളാങ്കണ്ണി പള്ളി അടക്കമുള്ള സ്ഥലങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. നാഗപട്ടണത്താണ് ഗജ ഏറ്റവുമധികം നാശം വിതച്ചത്. നാഗപട്ടണത്തും കാരയ്ക്കലിലും പല ദുരന്തബാധിത പ്രദേശങ്ങളിലേക്കും ഇതുവരെ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ഈ മേഖലകൾ സാധാരണ നിലയിലേക്കു മടങ്ങാൻ ആഴ്ചകളെടുക്കും. ലക്ഷക്കണക്കിന് ഏക്കർ കൃഷി നശിച്ചു.

തമിഴ്‌നാട്ടിൽ താണ്ഡവമാടി ഗജ, തരിപ്പണമായി നാഗപട്ടണം !

ഏതാനും ദിവസം മുൻപ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ വൻ നാശനഷ്ടമാണ് വിതച്ചത്. കനത്ത മഴയും കാറ്റും മൂലമുള്ള ദുരന്തത്തിൽ 28 പേരാണ് മരിച്ചത്. മരണ സംഖ്യ കൂടുമോ എന്ന് ആശങ്കയുമുണ്ട്. മാത്രമല്ല നാഗപട്ടണം ജില്ലയിലാണെന്ന് ഏറ്റവുമധികം നഷ്ടമുണ്ടായതെന്നും

ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ സഹായധനം നൽകുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. സംസ്ഥാനത്ത് ആകെ 471 ദുരിതാശ്വാസ ക്യാംപുകളിലായി 81,948 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട. യുദ്ധകാലാടിസ്ഥാനത്തിലാണ് തമിഴ്‌നാടിനെ തിരികെക്കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചശേഷം കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി.

തമിഴ്‌നാട്ടിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ചർച്ച ചെയ്‌തെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേന്ദ്രത്തിൽനിന്നുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുഴലിക്കാറ്റ് ബാധിച്ച മൽസ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാനായി പ്രത്യേക സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ. 333 ഗ്രാമങ്ങളിൽ സംഘം പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേളാങ്കണ്ണി പള്ളിയിലും കനത്ത നാശം

ആഗോള തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിപ്പള്ളിയിലും ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തു പ്രതിമയ്ക്കു കേടുപാടു പറ്റി. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമയാണിത്. ഒരു മാസം മുൻപാണു പ്രതിമ സ്ഥാപിച്ചത്.

മരം കടപുഴകി വീണു പള്ളിയുടെ ചുമരിനും ഗോപുരത്തിനു മുകളിലെ കുരിശിനും കേടുപാടുണ്ട്. മേഖലയിലെ ഒട്ടേറെ വീടുകളും കടകളും തകർന്നു. നാഗപട്ടണത്തു ട്രെയിൻ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലിറങ്ങേണ്ട, ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം കൊച്ചിയിലേക്കു തിരിച്ചുവിട്ടു.