മസ്‌കറ്റ്: യെമെനിലെ സൊകോത്ര ദ്വീപിൽ നാശം വിതച്ച ശേഷം മെക്കുനു കൊടുങ്കാറ്റ് ഒമാനിലേക്ക് നീങ്ങി തുടങ്ങി. സൊകൊത്ര ദ്വീപിൽ കനത്ത നാശനഷ്ടമാണ് മെക്കുനു ചുഴലിക്കാറ്റ് വിതച്ചത്. ഒട്ടേറെ ഗ്രാമങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് സൊകോത്ര ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റിലും മഴയിലുംപെട്ട് 17 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 200 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. സൊകോത്രയിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന കാറ്റ് ഒമാൻ തീരത്തെത്തുന്നതോടെ മട്ട് ആകെ മാറും.

ഒമാൻ തീരത്ത് എത്തുന്നതോടെ കാറ്റഗറി-2വിലേക്ക് മാറുന്ന കാറ്റ് വിനാശകാരിയായി മാറുമെന്നാണ് റിപ്പോർട്ട്. വെള്ളി, ശനി ദിവസങ്ങളിൽ ഉയർന്ന വേഗത്തിലുള്ള കാറ്റും ഇടിയും മിന്നലോടെയുള്ള കനത്ത മഴയും അനുഭവപ്പെടും. കാറ്റ് അതിശക്തമാകുമെന്നതിനാൽ സലാലാ വിമാനത്താവളം 24 മണിക്കൂറത്തേക്ക് അടച്ചിട്ട. ഇന്ന് വെളുപ്പിന് 12 മണിക്ക് തന്നെ വിമാനത്താവളം അടച്ചിട്ടു. മണിക്കൂറിൽ 170 മുതൽ 230 വരെ കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കടൽ പ്രക്ഷുബ്ധമാണ്. തിരമാലകൾ അഞ്ചുമുതൽ എട്ടുമീറ്റർവരെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ജനങ്ങളോട് കടൽ തീരത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സലാലയിൽ നിന്ന് 440 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ കേന്ദ്രസ്ഥാനം. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് ശക്തമായി ബാധിക്കുമെന്ന് കരുതുന്ന പ്രദേശങ്ങളിൽ കൂടുതൽ പൊലീസ് സംഘങ്ങളും ആംബുലൻസ് സിവിൽ ഡിഫൻസ് പോലുള്ള രക്ഷാപ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് രാജ്യത്ത് കാലാവസ്ഥാമാറ്റം അനുഭവപ്പെടുകയെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കടലിൽ കുളിക്കാനിറങ്ങരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.

മെക്കുനുവിനെ നേരിടാൻ അതിവിപുലമായ സജ്ജീകരണങ്ങളാണ് ഒമാൻ ഭരണകൂടം നടത്തിയിരിക്കുന്നത്. സിവിൽ ഡിഫൻസ്, മുനിസിപ്പാലിറ്റി, ആരോഗ്യവകുപ്പ് , ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അഥോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകൾ അടിയന്തരയോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചു. സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽനിന്ന് അത്യാസന്ന നിലയിലുള്ള രോഗികളെയും ഡയാലിസിന് വിധേയമാകുന്നവരെയും റോയൽ എയർഫോഴ്സിന്റെ സഹായത്തോടെ വ്യോമമാർഗം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. രോഗികളെ മാറ്റുന്ന ചിത്രങ്ങൾ ആരോഗ്യമന്ത്രാലയം ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വാദികൾ നിറഞ്ഞൊഴുകുമെന്നതിനാൽ റോഡ് മാർഗം യാത്രചെയ്യുന്നവർ ശ്രദ്ധ പുലർത്തണം. ആശുപത്രികളിൽ ആവശ്യത്തിന് ഉപകരണങ്ങളും മരുന്നുകളും ജീവനക്കാരും സജ്ജമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സലാലയിലെ പെട്രോൾ പമ്പുകളിലും സൂപ്പർമാർക്കറ്റുകളും വ്യാഴാഴ്ച വൈകീട്ടോടെ വൻ തിരക്കനുഭവപ്പെട്ടു. മലയാളികളുൾപ്പെടെയുള്ള താമസക്കാർ ആവശ്യത്തിന് ഭക്ഷണവും വെള്ളവും കരുതിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ മുനിസിപ്പാലിറ്റിയുമായി 1771 എന്ന നമ്പറിൽ വിളിക്കാം.

മെകുനു ചുഴലിക്കാറ്റ് യു.എ.ഇ.യെയും ചെറുതായി ബാധിക്കുമെന്ന് മുനിസിപ്പാലിറ്റിയുടെ നിരീക്ഷണകേന്ദ്രം. രാജ്യത്തെ ചില ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴയുണ്ടാകും. വെള്ളി, ശനി ദിവസങ്ങളിൽ ദുബായ് അടക്കമുള്ള എമിറേറ്റുകളിൽ ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാകും കാറ്റ് വീശുക. പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥയാകും. പലയിടങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും അന്തരീക്ഷ ഈർപ്പം കൂടും.

അതിശക്തമായ കാറ്റു വീശുമെന്ന അറിയിപ്പിനെ തുടർന്ന് ഒമാനിലെ മലയാളികളും ആശങ്കയിലാണ്. വെള്ളിയാഴ്ച അവധി ദിവസമായതിനാൽ മിക്ക മലയാളികളും റൂം വിട്ട് പുറത്തിറങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.