- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ - ഒഡീഷ തീരത്തേക്ക്; അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചേക്കും; ബുധനാഴ്ച പുലർച്ചെയോടെ ഭദ്രാക്ക് ജില്ലയിലെ ധർമ പോർട്ടിന് സമീപം കര തൊടും; പതിനൊന്ന് ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു; മുൻകരുതൽ നടപടികൾ പൂർത്തിയാക്കി; ജാർഖണ്ഡും അതീവ ജാഗ്രതയിൽ
കൊൽക്കത്ത: യാസ് ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തോട് അടുക്കുന്നതിനിടെ അപകട സാധ്യതയേറിയ പ്രദേശങ്ങളിൽനിന്ന് പതിനൊന്ന് ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ച് പശ്ചിമ ബംഗാളും ഒഡീഷയും.
യാസ് ചുഴലിക്കാറ്റ് ഒഡിഷയിലെ ഭദ്രക് ജില്ലയിലെ ധർമ തുറമുഖത്തിനു സമീപം ബുധനാഴ്ച പുലർച്ചയോടെ കരയിൽ തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ധർമയ്ക്കും ചന്ദ്ബാലിക്കും ഇടയിലാകും ചുഴലിക്കാറ്റ് കരതൊടുകയെന്ന് ഭുവനേശ്വർ റീജ്യനൽ മിറ്റീരിയോളജിക്കൽ സെന്റർ ശാസ്ത്രജ്ഞൻ ഉമാശങ്കർ ദാസ് വ്യക്തമാക്കി.
ഭദ്രാക്ക് ജില്ലയിലെ ധർമ പോർട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയൽസംസ്ഥാനമായ ജാർഖണ്ഡും അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങൾ അവിടെയും പൂർത്തിയായി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് ഐഎംഡി ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്ജയ് മൊഹപാത്ര അറിയിച്ചത്. ഏറ്റവും കൂടുതൽ നാശനഷ്ടം ചന്ദ്ബാലിയിൽ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശങ്ങളിൽ കനത്തമഴ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രപാറ, ജഗത്സിങ്പുർ ജില്ലകളിൽ കാറ്റിന്റെ വേഗം അർധരാത്രിയോടെ മണിക്കൂറിൽ 80 കിലോമീറ്ററിൽ ഏറെയാകും. ചുഴലിക്കാറ്റ് കര തൊടുന്നതിന് 6 മണിക്കൂർ മുൻപും ശേഷവുമായിരിക്കും ഏറ്റവും അധികം നാശനഷ്ടം ഉണ്ടാകുക. വലിയ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകും.
ഒൻപത് ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചൊവ്വാഴ്ച പറഞ്ഞത്. തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചുവെന്ന് ഒഡീഷ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
യാസ് ചൊവ്വാഴ്ച വൈകീട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്ജയ് മഹാപാത്ര വ്യക്തമാക്കിയിരുന്നത്. ചുഴലിക്കാറ്റ് കരതൊടുന്നതിന് ആറ് മണിക്കൂർ മുമ്പും പിമ്പും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കാനാണ് സാധ്യതയുള്ളത്. ചന്ദ്ബാലിയിൽ വൻ നാശനഷ്ടത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഒഡീഷയിലെ ഭദ്രാക്ക് ജില്ലയിലെ ധമ്ര, ചന്ദ്ബാലി എന്നീ പ്രദേശങ്ങൾക്ക് മധ്യേയാവും ചുഴലിക്കാറ്റ് കര തൊടുകയെന്ന് ഭുവനേശ്വറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധൻ ഡോ. ഉമാശങ്കർ ദാസ് പറഞ്ഞു.
രക്ഷാപ്രവർത്തനവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ 74,000ത്തിലധികം ഓഫീസർമാരെയും ജീവനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. രണ്ട് ലക്ഷത്തിലധികം പൊലീസുകാരും സന്നദ്ധ സംഘാംഗങ്ങളും രംഗത്തുണ്ട്. ദേശീയ - സംസ്ഥാന ദുരന്ത നിവാരണ സേനകളും സംസ്ഥാനത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കരസേനയുടെ സഹായവും തേടും.
ജനങ്ങളെ സുരക്ഷിതമായി പാർപ്പിക്കാൻ 4000 കേന്ദ്രങ്ങളാണ് പശ്ചിമ ബംഗാൾ സർക്കാർ തയ്യാറാക്കിയിട്ടുള്ളതെന്നും മമത പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറന്നിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാനുള്ള ചുമതല മുതിർന്ന ഐഎഎസ് ഓഫീസർമാർക്കാണ് നൽകിയിട്ടുള്ളത്. മുതിർന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാത്രി മുഴുവൻ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കും. കൊൽക്കത്തയിലും ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാനാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല.
ഒഡീഷയിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിച്ചിരുന്ന 2.10 ലക്ഷം പേരെയാണ് സൈക്ലോൺ ഷെൽറ്ററുകളിലേക്ക് മാറ്റിയിട്ടുള്ളത്. ബാലസോർ (74,132), ഭദ്രാക് (73,103) ജില്ലകളിൽനിന്നാണ് ഏറ്റവും കൂടുതൽ പേരെ ഒഴിപ്പിച്ചത്. സംസ്ഥാനത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മന്ത്രി ഡി.എസ് മിശ്രയെ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ബാലസോറിലേക്ക് അയച്ചിട്ടുണ്ട്. മൂന്ന് തീരദേശ ജില്ലകൾ അതീവ നാശനഷ്ടത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന മേഖലയിലാണ്.
5000 ത്തോളം ഗർഭിണികളായ സ്ത്രീകൾ നിലവിൽ ആശുപത്രികളിൽ ഉള്ള സ്ഥിതിയും അധികൃതർ മുന്നിൽക്കണ്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 52 സംഘങ്ങൾ, ഓഡീഷയിലെ ദ്രുതകർമ്മ സേനയുടെ 60 സംഘങ്ങൾ, അഗ്നിരക്ഷാ സേനയുടെ 205 സംഘങ്ങൾ എന്നിവയെയാണ് രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുള്ളത്. കടപുഴകി വീഴുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി 86 സംഘങ്ങളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്