പെരുമ്പാവൂർ: കയറിയത് പൊലീസുകാരന്റെ വീട്ടിൽ. കയ്യോടെ പിടികൂടി പൊലീസിനെ വിളിച്ചു വരുത്തി കൈമാറാൻ ശ്രമിച്ചപ്പോൾ അനാശാസ്യത്തിന് വിളിച്ചു വരുത്തിയതെന്ന് വെളിപ്പെടുത്തി പരാതിക്കാരനെ തളർത്താൻ നീക്കം. പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ തളർന്നുവീണതിന്റെ പേരിൽ അല്പസമയം ആശുപത്രിവാസം. പിന്നെ പൊലീസ് സഹായത്താൽ പരിചയക്കാരനെ വിളിച്ചു വരുത്തി മടക്കം.  കുപ്രസിദ്ധ വനിത മോഷ്ടാവ് അങ്കമാലി വട്ടപ്പറമ്പ് സ്വദേശിനി സിപ്‌സി ഷാജി (40 ) യെ മോഷണശ്രമത്തിനിടയിൽ എറണാകുളം തടിയിട്ടപറമ്പ് പൊലീസ് പിടികൂടുന്നതു മുതൽ വിട്ടയയ്ക്കുന്നതു വരെയുള്ള നാലു മണിക്കൂറോളം നീണ്ടു നിന്ന നാടകീയസംഭവങ്ങളാണിത്.

വീട്ടിൽ കവർച്ചയ്‌ക്കെത്തിയതായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചെമ്പറക്കി സ്വദേശിയായ പൊലീസുകാരൻ തടഞ്ഞുവച്ചു കൈമാറിയ, നിരവധി കേസുകളിലെ പ്രതി കൂടിയായ വനിതാ മോഷ്ടാവിനെയാണ് പെറ്റികേസ് പോലും ചാർജ്ജ് ചെയ്യാതെ അവർ വിളിച്ചു വരുത്തിയ അൾക്കൊപ്പം ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യേഗസ്ഥർ പറഞ്ഞയച്ചത് എന്നതാണ് ഈ സംഭവത്തിലെ ഹൈലൈറ്റ്.

പൊലീസ് അസ്സോസിയേഷൻ ജില്ലാ ഭാരവാഹി കൂടിയായിരുന്ന സമീപ സ്റ്റേഷനിലെ പൊലീസുകാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഇവരെ ഉപചാരപൂർവ്വം പറഞ്ഞയച്ച ഉത്തരവാദപ്പെട്ടവരുടെ നടപടിക്കെതിരെ പൊലീസിലെ ഒരു വിഭാഗം ഉന്നതങ്ങളിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സേനക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവത്തേക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമാണ് ഇക്കൂട്ടരുടെ ആവശ്യം.

വർഷങ്ങൾക്ക് മുമ്പ് കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഓടിളക്കി മാറ്റി ലോക്കപ്പിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചതിന്റെ പേരിൽ മാദ്ധ്യമങ്ങളിൽ തിളങ്ങിയ ഇവരുടെ പേരിൽ അങ്കമാലി, ആലുവ സ്റ്റേഷനുകളിലും മോഷണത്തിന് കേസെടുത്തിരുന്നതായിട്ടാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

സിപ്‌സിക്കെതിരെ തട്ടിയിട്ടപറമ്പ് പൊലീസിൽ വിവരം നൽകിയ ചെമ്പറക്കി സ്വദേശിയായ പൊലീസുകാരൻ സംഭവത്തെക്കുറിച്ച് മറുനാടനുമായി പങ്കുവച്ച വിവരം ചുവടെ...

രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുകയായിരന്നു പൊലീസുകാരൻ. ഈ സമയം ഭാര്യവീട്ടിൽ ഇല്ലായിരുന്നു. ആശുപത്രിയിൽ പോയ ഭാര്യയെ ഫോൺ ചെയ്തപ്പോൾ പതിനഞ്ചു മിനിട്ടിനുള്ളിൽ എത്തുമെന്ന് ബോദ്ധ്യമായി. അതിനാൽ മുൻവശത്തെ വാതിൽ കുറ്റിയിട്ടില്ല.

മയക്കത്തിലേക്ക് പോകവേ ബെഡിന്റെ തലക്കൽ ആരോ പൊക്കുന്നതായി തോന്നി. നോക്കിയപ്പോൾ ചുരിദാർ ധരിച്ച ഒരു സ്ത്രിയെ മുറിയിൽ കണ്ടു. ചോദ്യം ചെയ്തപ്പോൾ മാല പൊട്ടിക്കാൻ ഒരാൾ പുറകേ വന്നെന്നും രക്ഷപെടാൻ കയറിയതാണെന്നും അവർ പറഞ്ഞു.

കവർച്ച ലക്ഷ്യമിട്ടാണ് സ്ത്രി വീട്ടിലെത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സമീപത്തെ വീട്ടിൽ കയറുന്നതിനും ഇവർ ശ്രമം നടത്തിയെന്ന് വിവരം ലഭിച്ചു. തുടർന്നാണ് അയൽവാസികളുടെ നിർദ്ദേശം കൂടി കണക്കിലെടുത്ത് തടിയിട്ടപറമ്പ് പൊലീസിൽ വിവരം അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തിയതോടെ സ്ത്രീ പരസ്പര വിരുദ്ധമായി സംസാരിക്കാൻ തുടങ്ങി. ഞാൻ അവരെ അനാശാസ്യത്തിനായി വിളിച്ചു വരുത്തിയതാണെന്നും മുമ്പും എന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും ആ സ്ത്രി തട്ടി വിട്ടു. സംഭവമറിഞ്ഞ് സമീപത്ത് താമസിക്കുന്ന സഹോദരനും മറ്റും വീട്ടിലെത്തിയ അവസരത്തിൽ സഹപ്രവർത്തകരുടെ സാന്നിദ്ധ്യത്തൽ അവർ ഇത്തരത്തിൽ പ്രതികരിച്ചതോടെ വിഷമത്തിലായി.

പൊലീസിൽ നിന്നും രക്ഷപെടാൻ എന്നെ മാനസികമായി തളർത്തി പരാതിയിൽ നിന്നും പിൻതിരിപ്പിക്കുകയായിരുന്നു നട്ടാൽ കിളുക്കാത്ത ഈ നുണയിലൂടെ അവർ ലക്ഷ്യമിട്ടിരുന്നത് എന്നത് സാമാന്യബുദ്ധിയുള്ള ഏതു പൊലീസുകാരനും മനസ്സിലാവുമെങ്കിലും ഇക്കാര്യത്തിൽ വീട്ടുകാരെയും നാട്ടുകാരെയും എന്തു പറഞ്ഞ് വിശ്വസിപ്പിക്കുമെന്നായിരുന്നു എന്റെ വേവലാതി.

പൊലീസ് ജീപ്പിൽ കയറാൻ വിസമ്മതിച്ച സ്ത്രീയെ വനിതാ കോൺസ്റ്റബിൾമാർ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തിയാണ് വീട്ടിൽ നിന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഉച്ചകഴിഞ്ഞ് 2.30 മുതൽ ഏതാണ്ട് ഒരു മണിക്കൂറിനുള്ളിലായിരുന്നു ഇത്രയും സംഭവങ്ങൾ നടന്നത്.

പിന്നീട് നടന്ന സംഭവങ്ങളേക്കുറിച്ച് തടിയിട്ടപറമ്പ് പൊലീസിൽ നിന്നും ലഭിച്ച വിവരം ഇങ്ങനെ.

സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ സ്ത്രി തളർന്ന് വീണു. ഉടൻ സമീപത്തെ ക്ലീനിക്കിൽ എത്തിച്ച് പരിശോധിച്ചപ്പോൾ രക്തസമ്മർദം കൂടിയതായി കണ്ടെത്തി .ഉടൻ ഇവിടത്തെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഇവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ട്രിപ്പിട്ട് ഒരു മണിക്കൂറിനുള്ളിൽ ഇവർ സാധാരണ നിലയിലായി. പരാതി ഇല്ലാത്ത സാഹചര്യത്തിൽ അവർ വിളിച്ചു വരുത്തിയ ആൾക്കൊപ്പം പറഞ്ഞു വിട്ടു.

സംഭവം പുറത്തായതോടെ ഏറെ നാണംകെട്ടത് താനാണെന്നാണ് കള്ളിയെ പിടിച്ചു കൊടുത്ത ചെമ്പെറക്കിയിലെ പൊലീസുകാരന്റെ പരിദേവനം. വീട്ടിൽ വച്ച് തന്നെ മോശക്കാരനാക്കാൻ ശ്രമിച്ച സ്ത്രീയുടെ പേരിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടപടികൾ പൂർത്തിയാക്കേണ്ട പൊലീസ് സംഘം അവർക്ക് ഒത്താശ ചെയ്ത് പറഞ്ഞയച്ചത് ആരുടെ ഇടപെടലിനെത്തുടർന്നാണെന്ന് വെളിച്ചത്തു കൊണ്ടുവരുന്നതിന് പൊലീസുകാരന്റെ നേതൃത്വത്തിൽ അണിയറ നീക്കങ്ങൾ നടന്നുവരുന്നതായും അറിയുന്നു.

ഫോൺ കോളുകൾ പരിശോധിക്കുന്നതുൾപ്പെടെയുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ മുഖേന സ്ത്രിയുടെ വെളിപ്പെടുത്തലുകൾ സ്ഥിരീകരിക്കാമെന്നിരിക്കെ ഇതിനൊന്നും മുതിരാതെ പൊലീസ് സംഘം ഇവരെ വിട്ടയച്ചത് രോഗാവസ്ഥ പരിഗണിച്ചാണെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നിട്ടുള്ള വിവരം.