- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുന്ദരികളും സുന്ദരന്മാരും മാലാഖമാരെപ്പോലെയുള്ള കുഞ്ഞുങ്ങളും മാത്രം ഉണ്ടായിരുന്ന നാട്; സുന്നികളും, ശിയാകളും, യസീദികളും, കുറുദുകളും, ക്രിസ്ത്യാനികളും സമാധാനത്തോടെ വസിച്ചിരുന്ന നാട്: ഒന്നു കരയാൻ പോലുമാവാതെ നിസ്സംഗനായിരിക്കുന്ന ഇമ്രാന്റെ കണ്ണുകൾ നമ്മളോട് പറയുന്നത്...
ആരും കാണാൻ കൊതിച്ചു പോവുന്ന, ഒരിക്കൽ പോയാൽ തിരിച്ചു പോരാൻ തോന്നാത്ത ലോകത്തെ ഏറ്റവും സുന്ദരമായ പൈതൃക പട്ടണങ്ങളായിരുന്ന ഡമാസ്‌കസും അലിപ്പോയും! ചരിത്രാന്വേഷണ കുതികകളുടെയും വിനോദസഞ്ചാരികളുടെയും പറുദീസയായിരുന്ന സിറിയ. ബഹുഭൂരിപക്ഷമായ സുന്നീ മുസ്ലിംങ്ങളോടൊപ്പം ക്രിസ്ത്യാനികളും പലവിധ ശിയാ വിഭാഗങ്ങളും കുറുദുകളും യസീദികളും അബിസീനിയക്കാരും മറ്റനേകം ന്യൂനപക്ഷ വിഭാഗങ്ങളും സ്‌നേഹത്തോടെ വസിച്ചിരുന്ന സുന്ദര - സുരഭില നാട്. സുന്ദരികളും, സുന്ദരന്മാരും, മാലാഖമാരെപ്പോലെയുള്ള കുഞ്ഞുങ്ങളും മാത്രമുണ്ടായിരുന്ന രാജ്യം. മേനിയഴകുപോലെ സ്വഭാവ മഹിമയും കാത്തു സൂക്ഷിച്ചുപോന്ന പശ്ചിമേഷ്യൻ രാഷ്ട്രം. വിശേഷണങ്ങൾ ഇനിയുമുണ്ട് അനവധി. എന്നാൽ ഇപ്പറഞ്ഞതത്രയും അഞ്ചു വർഷം മുമ്പുവരെയുണ്ടായിരുന്ന സിറിയ. ഒന്നേമുക്കാൽ കോടിയോളം ജനസംഖ്യയുണ്ടായിരുന്ന സിറിയയിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഔദ്യോഗിക കണക്കുപ്രകാരം കൊല്ലപ്പെട്ടത് രണ്ടര ലക്ഷത്തിലധികം ആളുകളാണ്. യഥാർത്ഥ എണ്ണം അതിലുമെത്രയോ അധികം. അതിൽ നിഷ്‌കളങ്കരായ പിഞ്ചു കുട്ടികളുണ്ട്. നിസ്സഹായരായ സ
ആരും കാണാൻ കൊതിച്ചു പോവുന്ന, ഒരിക്കൽ പോയാൽ തിരിച്ചു പോരാൻ തോന്നാത്ത ലോകത്തെ ഏറ്റവും സുന്ദരമായ പൈതൃക പട്ടണങ്ങളായിരുന്ന ഡമാസ്‌കസും അലിപ്പോയും! ചരിത്രാന്വേഷണ കുതികകളുടെയും വിനോദസഞ്ചാരികളുടെയും പറുദീസയായിരുന്ന സിറിയ. ബഹുഭൂരിപക്ഷമായ സുന്നീ മുസ്ലിംങ്ങളോടൊപ്പം ക്രിസ്ത്യാനികളും പലവിധ ശിയാ വിഭാഗങ്ങളും കുറുദുകളും യസീദികളും അബിസീനിയക്കാരും മറ്റനേകം ന്യൂനപക്ഷ വിഭാഗങ്ങളും സ്‌നേഹത്തോടെ വസിച്ചിരുന്ന സുന്ദര - സുരഭില നാട്. സുന്ദരികളും, സുന്ദരന്മാരും, മാലാഖമാരെപ്പോലെയുള്ള കുഞ്ഞുങ്ങളും മാത്രമുണ്ടായിരുന്ന രാജ്യം. മേനിയഴകുപോലെ സ്വഭാവ മഹിമയും കാത്തു സൂക്ഷിച്ചുപോന്ന പശ്ചിമേഷ്യൻ രാഷ്ട്രം. വിശേഷണങ്ങൾ ഇനിയുമുണ്ട് അനവധി. എന്നാൽ ഇപ്പറഞ്ഞതത്രയും അഞ്ചു വർഷം മുമ്പുവരെയുണ്ടായിരുന്ന സിറിയ.
ഒന്നേമുക്കാൽ കോടിയോളം ജനസംഖ്യയുണ്ടായിരുന്ന സിറിയയിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഔദ്യോഗിക കണക്കുപ്രകാരം കൊല്ലപ്പെട്ടത് രണ്ടര ലക്ഷത്തിലധികം ആളുകളാണ്. യഥാർത്ഥ എണ്ണം അതിലുമെത്രയോ അധികം. അതിൽ നിഷ്‌കളങ്കരായ പിഞ്ചു കുട്ടികളുണ്ട്. നിസ്സഹായരായ സ്ത്രീകളുണ്ട്.
അലിപ്പോ നഗരം സമ്പൂർണ്ണമായി തന്നെ തകർക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ചരിത്ര സ്മാരകങ്ങളും പൈതൃക ശേഷിപ്പുകളും ഒന്നു പോലും അവശേഷിക്കാതെ ബോംബിട്ട് നാമാവശേഷമാക്കപ്പെട്ടിരിക്കുന്നു. യൂണിവേർസിറ്റികൾ തകർക്കപ്പെട്ടതിനാൽ ഖത്തർ അടക്കമുള്ള രാജ്യങ്ങൾ ജോലിക്കു ചേരുന്നതിനു മുമ്പുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ വേരിഫിക്കേഷനിൽ നിന്നും സിറിയൻ പൗരന്മാരെ ഒഴിവാക്കിയിരിക്കുന്നു. ആശുപത്രികളത്രയും തകർക്കപ്പെട്ടതിനാൽ ബോംബു വർഷങ്ങളിലും കര - വ്യോമ ആക്രമണങ്ങളിലും മാരകമായി മുറിവേറ്റവരെ പോലും ചികിത്സിക്കാൻ മാർഗ്ഗങ്ങളില്ലാതായിരിക്കുന്നു.
ലക്ഷക്കണക്കിനാളുകൾ അഭയാർത്ഥികളായി യൂറോപ്പിലും തുർക്കിയിലും മറ്റനവധി രാജ്യങ്ങളിലും ജോലിയില്ലാതെ, ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ നരകതുല്യം ജീവിതം കഴിച്ചു കൂട്ടുന്നു. സുരക്ഷിത കരതേടി കപ്പലിൽ കടലിലിറങ്ങി കരക്കണയാൻ കഴിയാതെ നടുക്കടലിൽ തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നവരും അനവധി.
സഹപ്രവർത്തകരും സുഹൃത്തുക്കളുമായി ഗൾഫിലുള്ള സിറിയക്കാരോട് അവരുടെ നാടിനെ കുറിച്ച് ചോദിക്കാൻ ഭയമാണ്. സ്ത്രീകളാണെങ്കിൽ സംഭാഷണം അവസാനിപ്പിക്കുക മിക്കവാറും പൊട്ടികരച്ചിലിൽ ആവും. പുരുഷന്മാർ തൊണ്ടയിടറിയോ കണ്ണീരിൽ ചാലിച്ചോ കദനകഥകൾ പങ്കുവെക്കും. ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടപ്രതാപത്തിന്റെ സിറിയൻ ഗാഥകൾ! മാസങ്ങളായി യാതൊരു ആശയവിനിമയവുമില്ലാതെ കൊല്ലപ്പെട്ടിരിക്കാം എന്നു വിശ്വസിക്കുന്ന മാതാപിതാക്കളെ കുറിച്ച്, അടുത്ത ബന്ധുക്കളെ കുറിച്ച്, സുഹൃത്തുക്കളെ കുറിച്ച് ....... അവർ വാചാലരാവും. ശാസ്ത്ര- സാഹിത്യ-കലാ രംഗങ്ങളിലെല്ലാം ലോകത്തിന് വലിയ സംഭാവനകൾ നൽകിയ ഈ പുരാതന രാഷ്ട്രം ഇപ്പോൾ മെഡിക്കൽ സയൻസിനു നൽകിയിരിക്കുന്ന പുതിയ പദമാണ്, സിറിയൻ സിൻഡ്രോം! തങ്ങളുടെ നാടിന്റെ ദുർവിധിയെ ഓർത്തുള്ള മാനസിക സംഘർഷങ്ങളാൽ വിദേശങ്ങളിൽ കഴിയുന്ന സിറിയക്കാരിൽ വിവിധ രീതിയിൽ പ്രകടമാവുന്ന രോഗങ്ങളാണിത്.
സുന്നീ ഭൂരിപക്ഷമായ സിറിയയിൽ പതിറ്റാണ്ടുകളായി കുടുംബവാഴ്ച നടത്തുന്ന സുന്നിയും ശിയയുമല്ലാത്ത ബഷറുൽ അസദിനെ നമുക്ക് വിമർശിക്കാം. അദ്ദേഹത്തിന് സകലവിധ നശീകരണ ആയുധങ്ങളും നൽകി റിബലുകൾക്കൊപ്പം ലക്ഷക്കണക്കിന് സിവിലിയന്മാരെ കൊന്നൊടുക്കാൻ സഹായിക്കുന്ന റഷ്യയെയും വ്‌ലാഡിമർ പുട്ടിനെയും നമുക്ക് വിമർശിക്കാം! ജനങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന സിറിയയിൽ മുല്ലപ്പൂ വിപ്ലവമുണ്ടാക്കാൻ ആളും അർത്ഥവും നൽകി റിബലുകളെ പിന്തുണച്ച അമേരിക്കയെയും സഖ്യകക്ഷികളെയും നമുക്ക് വിമർശിക്കാം! പക്ഷേ ഈ വിമർശനങ്ങൾക്കൊന്നും സിറിയൻ ജനതയ്ക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ചു നൽകാൻ കഴിയില്ല. പ്രതാപിയായ പഴയ സിറിയ ഭൂമുഖത്തിനി പുനഃസൃഷ്ടിക്കപ്പെടില്ല.
സിറിയയിൽ നമുക്ക് പാഠമുണ്ട്. വലിയ പാഠം! സമാധാനപരമായ സഹവർത്തിത്വം എന്നും നിലനിൽക്കപ്പെടണമെന്ന പാഠം. താൽക്കാലിക വിട്ടുവീഴ്ചകൾ തോൽവിയായി തോന്നേണ്ടതില്ല. അത്തരം തോൽവികൾ വരാനിരിക്കുന്ന വലിയ വിപത്തുകളെ പ്രതിരോധിക്കാനുള്ളതാണ്.
മതത്തിന്റെ പേരിൽ, ജാതീയതയുടെ പേരിൽ, വിഭാഗീയതയുടെ പേരിൽ, രാഷ്ട്രീയത്തിന്റെ പേരിൽ; നാം വിഭജിക്കപ്പെട്ടു കൂടാ. മുതലെടുക്കാൻ കഴുകന്മാർ ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ടാവാം!
ബോംബു വർഷങ്ങളിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കടിയിൽ മരണ വെപ്രാളത്തിന്റെ ഭയവിഹ്വലതകൾക്കിടയിലും; ചോര വാർന്നൊലിക്കുന്ന മുറിവുകളുടെ കൊടിയ വേദനകളിൽ ഒന്നു കരയാൻ പോലും കഴിയാതെ നിസ്സംഗമായിരിക്കുന്ന അഞ്ചു വയസ്സുകാരൻ ഇമ്രാന്റെ കണ്ണുകൾ നമ്മോടത് പറയാതെ പറയുന്നുണ്ട്.
സമാധാനത്തിന്റെ വില!