- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്ന് അനുമതിക്കായി ഉദ്യോഗസ്ഥരുടെ കാലിൽ വീഴേണ്ടി വന്നു; മോദി ഭരണത്തിന് കീഴിൽ ചുവപ്പുനാടയും ലൈസൻസ് രാജും കുറഞ്ഞു; കേന്ദ്ര സർക്കാരിനെ പ്രകീർത്തിച്ച് സൈറസ് പൂനവാല
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി പ്രമുഖ വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ സൈറസ് പൂനവാല. വ്യവസായ സൗഹൃദ നയമാണ് മോദി സർക്കാർ പിന്തുടരുന്നതെന്ന് സൈറസ് പൂനവാല അഭിപ്രായപ്പെട്ടു. മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ ലൈസൻസ്രാജും ചുവപ്പുനാടയും കുറഞ്ഞതായും സൈറസ് പൂനവാല വ്യക്തമാക്കി.
ലോക്മാന്യ തിലക് ട്രസ്റ്റിന്റെ ലോക്മാന്യത് തിലക് ദേശീയ അവാർഡ് സ്വീകരിച്ച് സംസാരിക്കുന്നതിനിടെയാണ് വ്യവസായ സൗഹൃദ അന്തരീക്ഷം സ്ഥാപിക്കുന്നതിൽ മോദി സർക്കാർ വഹിച്ച പങ്കിനെ സൈറസ് പൂനവാല പ്രകീർത്തിച്ചത്. മുൻകാലങ്ങളിൽ വ്യവസായശാലകൾ നേരിട്ട ബുദ്ധിമുട്ടുകൾ വിവരിച്ച് കൊണ്ടായിരുന്നു നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്.
50 വർഷം മുൻപ് അനുമതി ലഭിക്കുന്നതിന് നേരിട്ട ബുദ്ധിമുട്ടുകളാണ് അദ്ദേഹം ഓർത്തെടുത്തത്. അനുമതി ലഭിക്കുന്നതിന് ഉദ്യോഗസ്ഥവൃന്ദത്തിൽ നിന്ന് ഉപദ്രവങ്ങൾ നേരിടേണ്ടി വന്നു. അനുമതി ലഭിക്കുന്നതിന് ഉദ്യോഗസ്ഥരുടെ കാലിൽ വീഴേണ്ട അവസ്ഥ വരെ ഉണ്ടായതായും അദ്ദേഹം തുറന്നുപറഞ്ഞു.
ഇപ്പോൾ സാഹചര്യങ്ങൾ മാറി. അതുകൊണ്ടാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കോവിഷീൽഡ് വാക്സിൻ വേഗത്തിൽ വിപണിയിൽ എത്തിക്കാൻ സാധിച്ചതെന്നും സൈറസ് പൂനവാല പറഞ്ഞു.1966ലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചത്. വൈദ്യുതി, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ നേടിയെടുക്കുന്നതിന് നിരവധി യാതനകൾ സഹിച്ചു. ഉദ്യോഗസ്ഥരിൽ നിന്ന് കയ്പേറിയ അനുഭവങ്ങളാണ് ഉണ്ടായത്.
ആശയവിനിമയത്തിനും സാധനങ്ങൾ മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്നതിനും നിരവധി കടമ്പകൾ കടക്കേണ്ടി വന്നതായും അദ്ദേഹം ഓർത്തു. എന്നാൽ മോദി സർ്ക്കാരിന്റെ ഭരണത്തിന് കീഴിൽ ചുവപ്പുനാടയും ലൈസൻസ് രാജും കുറഞ്ഞു. എളുപ്പത്തിൽ അനുമതി ലഭിക്കത്തക്കവിധം രാജ്യം വ്യവസായ സൗഹൃദമായെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്