പാളയത്തിലെ പട ഇപ്പോൾ വലച്ചുകൊണ്ടിരിക്കുന്നത് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെത്തന്നെയാണ്. ഡൽഹിയിലെ പ്രമുഖൻ വെളുപ്പിക്കാൻ നൽകിയ കള്ളപ്പണത്തിലെ സിംഹഭാഗവും കൊണ്ട് മുങ്ങിയ അനുയായിയാണ് ദാവൂദിന്റെ തലവേദന. മുങ്ങിയ ഖലീഖ് അഹമ്മദ് എന്ന പഴയ വിശ്വസ്തനെ തേടി ദാവൂദ് തന്നെ രംഗത്തിറങ്ങിയതായും സൂചനയുണ്ട്.

45 കോടിയാണ് ഖലീഖിന്റെ കൈയിൽ ഡൽഹിയിലെ പ്രമുഖൻ ഏൽപിച്ചത്. ഇതിൽ ദാവൂദിന്റെ വിഹിതമായ അഞ്ചുകോടി ഒഴിച്ചുള്ള 40 കോടിയുമായി ഇയാൾ മുങ്ങിയെന്നാണ് സൂചന. ദാവൂദിന്റെ പാക്കിസ്ഥാനിലെ ഇടപാടുകാരൻ ജബീർ മോട്ടിയും ഖലീഖുമായുള്ള ഫോൺ സംഭാഷണം ചോർന്നതോടെയാണ് ഈ ഇടപാടിനെക്കുറിച്ച് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിക്കുന്നത്.

ദാവൂദിനുള്ള അഞ്ചുകോടി സൂക്ഷിച്ചശേഷം 40 കോടി ഹവാല വഴികളിലൂടെ വിദേശത്തേയ്ക്ക് കടത്തിയതായാണ് ഖലീഖ് അവകാശപ്പെടുന്നത്. എന്നാൽ, പണവും ഖലീഖും മുങ്ങിയതോടെ ഡി കമ്പനിയിൽ ചതി വ്യക്തമായി. ഫോൺ സംഭാഷണത്തിൽ ഖലീഖിനോട് ചതിയെക്കുറിച്ച് റസാഖ് ഭായി മനസ്സിലാക്കിയെന്ന് ജബീർ മോട്ടി പറയുന്നുണ്ട്.

ബഡേ ഹസ്രത്തിന്റെ പേരുപയോഗി്ച്ച് തട്ടിപ്പുനടത്തിയെന്നാണ് മോട്ടിയുടെ ആരോപണം. ദാവൂദിനെയാണ് ബഡേ ഹസ്രത്തെന്നു വിളിക്കുന്നത്. തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ദാവൂദിന്റെ രഹസ്യാന്വേഷണ സംഘം 2015 നവംബർ 25-ന് ഡൽഹിയിൽനിന്ന് കാനഡയിലെത്തിയതായും സൂചനയുണ്ട്.

ഖലീഖ് നിലവിൽ മണിപ്പുരിൽ ഒളിവിൽ താമസിക്കുകയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്ന വിവരം. താൻ തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും ചില ആശയക്കുഴപ്പങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഫോൺ സംഭാഷണത്തിൽ ഖലീഖ് പറയുന്നുണ്ട്. പാനമയിൽ നിക്ഷേപിച്ചിട്ടുള്ള പണം സുരക്ഷിതമാണെന്നും ഖലീഖ് പറയുന്നു.

ഏതായാലും ഡി കമ്പനിയിലെ ആഭ്യന്തര തർക്കം ദാവൂദിന്റെ പാളയത്തിലേക്ക് രഹസ്യാന്വേഷണ ഏജൻസികൾക്ക് പുതിയ വഴി തുറന്നിരിക്കുകയാണ്. ബോളിവുഡ് സൂപ്പർത്താരങ്ങളും രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുമടക്കം ദാവൂദുമായി പണമിടപാട് നടത്തിയവരെ കണ്ടെത്താൻ ഈ ഫോൺ സംഭാഷണങ്ങൾ തുണയ്്ക്കുമെന്നാണ് വിലയിരുത്തൽ.