- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമർശനത്തിൽ 'അസഹിഷ്ണുത'; സിപിഐ സംസ്ഥാന ഘടകവും ജനറൽ സെക്രട്ടറിയും തമ്മിൽ തുറന്ന പോരിലേക്ക്; 'വിമർശനത്തിൽ' കാനത്തെ പരസ്യമായി തള്ളി ഡി രാജ; താനും പാർട്ടി ഭരണഘടന വായിക്കാറുണ്ടെന്ന് തിരിച്ചടിച്ച് കാനം
ന്യൂഡൽഹി: പരസ്യ പ്രതികരണങ്ങളുടേയും വിമർശനങ്ങളുടേയും പേരിൽ സിപിഐ സംസ്ഥാന ഘടകവും ജനറൽ സെക്രട്ടറിയും തമ്മിൽ തുറന്ന പോരിലേക്ക്. ഡി രാജയ്ക്കെതിരായ കാനത്തിന്റെ പരസ്യ പരാമർശത്തെ സിപിഐ ദേശീയ നിർവാഹക സമിതി അപലപിച്ചു. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് അംഗീകരിക്കില്ലെന്നും പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണമെന്നും നിർവാഹക സമിതി യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഡി രാജ പറഞ്ഞു
ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് സ്വീകാര്യമല്ല. ആഭ്യന്തര ജനാധിപത്യമുണ്ടെങ്കിലും അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് രാജ വ്യക്തമാക്കി. എന്നാൽ താനും പാർട്ടി ഭരണഘടന വായിക്കാറുണ്ടെന്നായിരുന്നു വിഷയത്തിൽ കാനം രാജേന്ദ്രന്റെ മറുപടി. ദേശീയ നേതാക്കൾ പൊതുവിഷയങ്ങളിൽ അഭിപ്രായം പറയരുതെന്നു നിലപാടില്ല. എന്നാലതിനു മുൻപ് കൂടിയാലോചന നടത്താറാണു പതിവെന്നും കാനം പറഞ്ഞു.
ദേശീയ എക്സിക്യൂട്ടിവ് അംഗമായ ആനി രാജ നേരത്തെ സംസ്ഥാന പൊലീസിനെതിരേ ഉന്നയിച്ച വിമർശനമാണ് തർക്കങ്ങൾക്ക് കാരണമായത്. ഈ വിമർശനം സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് വേണമെന്നായിരുന്നു കാനത്തിന്റെ നിലപാട്. എന്നാൽ രാജ ഇത് പരസ്യമായി തള്ളിക്കളഞ്ഞിരുന്നു. ഇതിനെതിരേയാണ് കാനം പരസ്യമായി രംഗത്തുവരികയും ജനറൽ സെക്രട്ടറിയെ വിമർശിക്കുകയും ചെയ്തത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പൊലീസിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ഏത് വിഷയങ്ങളിലും അഭിപ്രായം പറയാൻ സിപിഐ ദേശീയ നേതാക്കൾക്ക് സ്വാന്ത്ര്യമുണ്ടെന്നും ആനി രാജയ്ക്ക് പൂർണ പിന്തുണ നൽകി രാജ പറഞ്ഞു. പാർട്ടിയാണ് വലുത്. ആരും പാർട്ടിക്ക് മുകളിലല്ല. പാർട്ടിയുടെ അച്ചടക്കത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും രാജ വ്യക്തമാക്കി. വിഷയത്തിൽ വിരുദ്ധമായ നിലപാടുകളുമായി രംഗത്ത് വന്നതോടെ സിപിഐ സംസ്ഥാന ഘടകവും ജനറൽ സെക്രട്ടറിയും തമ്മിൽ തുറന്ന പോരിലേക്കാണ് കാര്യങ്ങൾ കടക്കുന്നത്.
സംസ്ഥാന ഘടകത്തോട് ആലോചിക്കാതെ ദേശീയ നേതാക്കൾ സംസ്ഥാന വിഷയത്തിൽ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാകില്ലെന്നെയായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന സമിതി യോഗം ചേർന്നപ്പോഴും ആനി രാജക്കും പിന്തുണച്ച ജനറൽ സെക്രട്ടറിക്കുമെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ കൗൺസിലിന് ശേഷം ചേർന്ന വാർത്ത സമ്മേളനത്തിൽ കാനത്തെ പരസ്യമായി തള്ളി ഡി രാജ രംഗത്തെത്തിയത്.
ആനി രാജയുടെ പരാമർശങ്ങൾക്കുള്ള പിന്തുണ വാർത്തസമ്മേളനത്തിൽ ഡി രാജ ആവർത്തിച്ചു. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് സ്വീകാര്യമല്ലെന്ന് ഡി രാജ പറഞ്ഞു. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ട്. സ്ത്രീ സുരക്ഷയടക്കം പൊതുവിഷയങ്ങളിൽ അഭിപ്രായം പറയാൻ ദേശീയ നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ പാർട്ടി അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ഡി രാജ വിമർശിച്ചു.
കേരള ഘടകം എതിർപ്പ് അറിയിച്ചിട്ടില്ല. മാധ്യമവാർത്തകൾ മാത്രമേ ഉള്ളൂവെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാർ പാർട്ടി വിട്ട സാഹചര്യം പരിശോധിക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ അഭിപ്രായത്തെയും ഡി രാജ തള്ളി. കനയ്യയുടേത് വഞ്ചനായാണെന്നത് തന്നെയാണ് പാർട്ടി നിലപാടെന്ന് രാജ വ്യക്തമാക്കി. കനയ്യയ്ക്ക് ആവശ്യമായ പരിഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കനയ്യ കുമാറിന്റെ കാര്യത്തിൽ വസ്തുത മനസ്സിലാക്കണമായിരുന്നുവെന്നും കാനത്തിന്റെ പരാമർശം ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വവും പ്രതികരിച്ചു. ദേശീയ കൗൺസിൽ വിഷയം ചർച്ച ചെയ്തില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. എന്നാൽ, ജി രാജയുടെ വിമർശനത്തെ തള്ളിയ കാനം താനും പാർട്ടി ഭരണഘടന വായിക്കാറുണ്ടെന്ന് തിരിച്ചടിച്ചു. അച്ചടക്കം പാലിക്കാറുണ്ടെന്നും ഡി രാജക്ക് കാനം മറുപടി നൽകി. അതേസമയം, വിജയവാഡയിലെ പാർട്ടി കോൺഗ്രസ് അടുത്ത വർഷം ഒക്ടോബർ 14 മുതൽ 18 വരെ നടത്താൻ ദേശീയ കൗൺസിൽ തീരുമാനിച്ചു.
ന്യൂസ് ഡെസ്ക്