ഹൈദരാബാദ്: ഏറ്റവും കൂടുതൽ സിനിമ നിർമ്മച്ചതിന്റെ ഗിന്നക്‌സ് റിക്കോർഡിന് ഉടമയായ രാമ നായിഡു(79) അന്തരിച്ചു.

പ്രോസ്റ്റേറ്റ് കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചതിരിഞ്ഞ് ഹൈദരാബാദിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

ചലച്ചിത്ര രാഷ്ട്രീയ മേഖലകളിലെ നിരവധി പേർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു. നാളെ വൈകിട്ട് സംസ്‌ക്കാര ചടങ്ങുകൾ നടക്കും.

തെലുങ്ക് ഭാഷയിൽ സിനിമാ നിർമ്മാണം ആരംഭിച്ച നായിഡു 15 ഭാഷകളിലായി 150ഓളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. പത്മവിഭൂഷൺ പുരസ്‌കാര ജേതാവായ രാമ നായിഡു തെലുങ്കേദേശം പാർട്ടിയുടെ പ്രതിനിധിയായി ലോക്‌സഭാ അംഗവുമായിട്ടുണ്ട്.

അരനൂറ്റാണ്ടായി തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ശക്തനായ നിർമ്മാതാവാണ് രാമനായിഡു. 1936ൽ ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽ ജനിച്ച രാമനായിഡു 1963ൽ അനുരാഗം എന്ന സിനിമയിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്. ഇതിനോടകം നൂറ്റിനാൽപ്പതോളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.

തെലുങ്ക് സിനിമകൾ മാത്രമല്ല തമിഴ്, കന്നഡ, ഗുജറാത്തി, മറാത്തി, ഭോജ്പുരി, ഹിന്ദി, ബംഗാളി, ഒറിയ, അസാമീസ്, മലയാളം ഭാഷകളിലും രാമനായിഡു സിനിമകൾ നിർമ്മിച്ചു. ജയരാജ് സംവിധാനം ചെയ്ത 'അശ്വാരൂഢൻ' എന്ന മലയാള ചിത്രത്തിന്റെ നിർമ്മാതാവ് രാമനായിഡുവാണ്. അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രങ്ങളായ ഗോപാല ഗോപാല, ദൃശ്യം എന്നിവയും നിർമ്മിച്ചത് അദ്ദേഹമായിരുന്നു.

സിനിമാ ലോകത്തെ സമഗ്രസംഭാവനകൾക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തെന്നിന്ത്യയിൽ സിനിമാ വളർച്ച ലക്ഷ്യമിട്ട് രാമനായിഡു സ്ഥാപിച്ച ഹൈദരാബാദിലെ രാം നായിഡു സ്റ്റുഡിയോ നൽകിയ സേവനങ്ങൾ മഹത്തരമാണ്.

പിന്നീട് ഈ സ്റ്റുഡിയോയുടെ മേൽനോട്ടം മൂത്തമകനായ സുരേഷ് ഏറ്റെടുത്തു. തെലുങ്ക് സൂപ്പർതാരം വെങ്കടേഷും രാം നായിഡുവിന്റെ മകനാണ്. ചലച്ചിത്ര താരം റാണ ദഗ്ഗുബതി ചെറുമകനാണ്.