ചെങ്ങന്നൂർ: തെരഞ്ഞെടുപ്പ് പര്യടനത്തിലെ ഏറ്റവും മാധുര്യമുള്ളൊരു യാത്രയായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി ഇന്ന് ചെങ്ങന്നൂർ നഗരത്തിൽ നടത്തിയത്. രാവിലെ പര്യടനത്തിനായി പത്തനകാട്ടിൽപ്പടിയിൽ എത്തുമ്പോൾ അപ്രതീക്ഷിതമായിട്ടാണ് കൺമുന്നിൽ കേക്കും പിന്നെ നേതാക്കളുടെ ആശംസയുമെല്ലാം എത്തിയത്. തുടർന്ന് സ്ഥാനാർത്ഥി പിറന്നാൾ കേക്ക് മുറിച്ചു. അങ്ങനെ നഗരത്തിലെ പര്യടനത്തുടക്കം മാധുര്യമുള്ളതായി.

പത്തനകാട്ടിൽപ്പടിയിൽ കെ പി സി സി വൈസ്പ്രസിഡന്റ് വി ഡി സതീശൻ പര്യടനം ഉദ്ഘാടനം ചെയ്തു. പി ടി തോമസ് എം എൽ എ, അഡ്വ. ജോൺസൺ എബ്രാഹം, പി മോഹൻരാജ്, എബി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയിൽ തുറന്നിട്ട ജീപ്പിൽ സ്ഥാനാർത്ഥി സ്വന്തം തട്ടകത്തിൽ വന്നിറങ്ങുമ്പോൾ പലഭാഗങ്ങളിൽ നിന്നായി അഭിഭാഷകർ ഉൾപ്പടെയുള്ള സ്നേഹിതർ ഓടിക്കൂടി. ജന്മദിനത്തെക്കുറിച്ചറിഞ്ഞവർ പിറന്നാളാശംസയും വിജയാശംസയും നേർന്നു.

താളമേളങ്ങൾ...വെടിക്കെട്ട് തുടങ്ങി സ്ഥാനാർത്ഥിയെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയിരുന്നത്. സ്വീകരണ സ്ഥലങ്ങളിൽ ചെറിയ വാക്കുകളിൽ നന്ദി പറഞ്ഞ്, തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വിശദീകരിച്ചാണ് സ്ഥാനാർത്ഥി ഡി വിജയകുമാർ മുന്നേറിയത്. ഓരേ സ്ഥലത്തേയ്ക്ക് നീങ്ങുമ്പോഴും ആവേശത്തോടെ ജനങ്ങൾ സ്ഥാനാർത്ഥിക്ക് സമീപത്തേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു.

വിജയേട്ടൻ വിജയിക്കുമെന്ന കാര്യത്തിൽ നൂറുശതമാനം ഉറപ്പ്. കെട്ടിപ്പിടിച്ചാണ് വോട്ടർമാർ ഇത് പറയുന്നത്. കരുവേലിപ്പടി, പടിഞ്ഞാറെ മഠം, പുത്തൻ തെരുവ്, മുണ്ടൻകാവ്, കോടിയാട്ടുകര, കിഴക്കേനട, തിട്ടമേൽ ക്ഷേത്രം, കല്ലുവരമ്പ്, പാണ്ഡവൻപാറ കോളനി, എന്നിവിടങ്ങളിലൂടെ നഗരത്തിലെ 22 വാർഡുകളിലെ 32 പോയിന്റുകളിൽ നിന്നാണ് സ്വീകരണം ഏറ്റുവാങ്ങിയത്. രാത്രി ഏറെ വൈകി പുത്തൻകാവ് പള്ളിപ്പടിയിൽ സ്വീകരണ സമ്മേളനം സമാപിക്കുമ്പോഴും ആശംസയുമായി ജനക്കൂട്ടമെത്തിക്കൊണ്ടേയിരുന്നു.