റിയാദ്: വിവാഹം മുടങ്ങാൻ കാരണങ്ങൾ പലതും നമ്മൾ കേട്ടിട്ടുണ്ട്. വിവാഹ സമയത്ത് പോലും പല വിവാഹങ്ങളും ഉഴപ്പി പോകുന്നതും പതിവാണ്. വധു കാമുകനൊപ്പം ഓടുന്നതും സദ്യയുടെ പേരിൽ വിവാഹം മുടങ്ങിയ കഥയും ഒക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ നിസ്‌കാര സമയം അറിയാത്തതിന്റെ പേരിൽ കാമുകന് കാമുകിയെ നഷ്ടമായ കഥയാണ് സൗദിയിൽ നിന്ന് കേൾക്കുന്നത്.

യാഥാസ്ഥിതിക മുസ്ലിം രാജ്യമായ സൗദിയിൽ മതവിശ്വാസങ്ങൾ പിന്തുടരുന്നവരാണ് ഏറെയും. അതുകൊണ്ട് തന്നെ അഞ്ച് നേരത്തെ നമസ്‌ക്കാര സമയങ്ങൾ കൃത്യമായി അറിയാത്തത് മൂലമാണ് യുവാവിന്റെ വിവാഹം മുടങ്ങിയത്. ഏറെ ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ വീട്ടിലെത്തി യുവാവ് വിവാഹലോചന നടത്തിയപ്പോഴാണ് പിതാവിന്റെ ചോദ്യം എത്തുന്നത്. ചോദ്യത്തിന് ഉത്തരം നല്കിയാൽ മകളെ വിവാഹം ചെയ്ത് നല്കാമെന്ന് പറഞ്ഞ പിതാവിന്റെ മുന്നിൽ യുവാവ് തലകുനിക്കേണ്ടി വന്നു.

കൃത്യമായ ഉത്തരം നൽകായൽ പണമോ, വിവാഹ ചെലവോ നൽകാതെ യുവാവിന് മകളെ നൽകാമെന്ന് വധുവിന്റെ അച്ഛൻ പറഞ്ഞു. എന്നാൽ ചോദ്യത്തിന് മുൻപിൽ യുവാവ് പതറിയതോടെ കാര്യങ്ങൾ കൈവിട്ട് പോകുകയായിരുന്നു. ഇതോടെ മകളെ വിവാഹം കഴിച്ച് നൽകില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ഉറപ്പ് പറഞ്ഞു.

നിസ്‌കാരത്തിലേക്ക് തിരിയാത്ത ഒരാൾക്ക് തന്റെ മകളെ സംരക്ഷിക്കാൻ സാധിക്കില്ലെന്നും ആയതിനാൽ തന്റെ മകളെ വിവാഹം കഴിപ്പിച്ചു തരില്ലെന്നും പെൺകുട്ടിയുടെ പിതാവ് അറിയിക്കുകയായിരുന്നു.