ബഹറിൻ: രാജ്യത്ത് പ്രചാരത്തിലുള്ള പത്രങ്ങളും മാഗസിനുകളും ഇനി വാർത്തകൾ ഓൺലൈൻ വഴി നൽകണമെങ്കിൽ ഇൻഫർമേഷൻ മന്ത്രാലയത്തിൽ നിന്നും പ്രത്യേക ലൈസൻസ് സ്വന്തമാക്കണമെന്ന് വകുപ്പ് മന്ത്രി അലി ബിൻ മുഹമ്മദ് അൽ റുമൈ ഉത്തരവിട്ടു. ലൈസൻസ് ലഭിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചുള്ള മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

ഓൺലൈനുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും മന്ത്രാലയത്തിന് നൽകണം. വാർത്തയുടെ മേൽനോട്ടം ആർക്കാണോ അയാളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അപേക്ഷയോടപ്പം നൽകണം. പത്രത്തിലെ ഉള്ളടക്കവും പൊതുവെയുള്ള ആശയങ്ങളിലും ഓൺലൈനിൽ സാമ്യത നിലനിർത്തണം. അപേക്ഷയുടെ മേൽ 60 ദിവസത്തിനകം മന്ത്രാലയം തീരുമാനമെടുക്കും. വീഡിയോ ദ്യശ്യങ്ങൾ ഉൾപ്പെടുന്നുണ്ടെങ്കിൽ വീഡിയോ ദൈർഘ്യം 120
സെക്കന്റിൽ കൂടുവാൻ പാടില്ല. ലൈവ് വീഡിയോ സംപ്രേഷണം യാതൊരു കാരണവശാലും അനുവദിക്കുകയില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ സോഷ്യൽ മീഡിയ വഴിയോ വെബ്സൈറ്റ് വഴിയോ വാർത്ത പ്രചരിപ്പിച്ചാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയത്തെ ഉദ്ദരിച്ച് വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രസ്സ്, പ്രിന്റിങ്, പബ്ലിഷിങ് തുടങ്ങിയ മേഖലകളിലുള്ള സ്ഥാപനങ്ങളെല്ലാം തന്നെ ഡെക്രീ നിയമം 472002 അനുസരിച്ചും, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് അനുസരിച്ചുമുള്ള നിയന്ത്രണങ്ങൾ പാലിക്കണം. അതിനാൽ ലൈസൻസ് ഇല്ലാത്ത പത്രങ്ങൾക്ക് ഇന്റർനെറ്റ്, മറ്റ് സാമൂഹ്യമാദ്ധ്യമങ്ങൾ എന്നിവയിലൂടെ വാർത്തകളോ മറ്റോ പ്രചരിപ്പിക്കുന്നതിനുള്ള അനുവാദമില്ല. മാസ്സ് മീഡിയ ഡയറക്ടറേറ്റിൽ നിന്ന് ഒരു വർഷത്തേക്കുള്ള പുതുക്കിയ ലൈസൻസ് കൈവശമുള്ളവർക്ക് മാത്രമാണ് ഇതിനു അനുമതി.

ലൈവ് സ്ട്രീമിങ് അനുവദനീയമല്ല. വാർത്തയുടെ ഉള്ളടക്കം രാജ്യത്തെ പ്രസിദ്ധീകരണ നിയമവുമായി ചേർന്നുപോകുന്നതാകണം. മാസ് മീഡിയ ഡയറക്ടറേറ്റിൽ നിന്നും പ്രസിദ്ധീകരണങ്ങൾ ലൈസൻസ് വാങ്ങിയിരിക്കണമെന്നും നിബന്ധനയുണ്ട്. രജിസ്റ്റേഡ് മാദ്ധ്യമങ്ങൾക്കല്ലാതെ വ്യക്തികൾക്ക് വാർത്ത സോഷ്യൽ മീഡിയയിലും മറ്റും നൽകാൻ അനുമതിയില്ല.