തിരുവനന്തപുരം: രക്തസാക്ഷിയായ വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ള ഇനി വിശുദ്ധൻ. ദേവസഹായം പിള്ള ഉൾപ്പെടെ 5 വാഴ്‌ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്ക് മാർപ്പാപ്പ ഉയർത്തി. വത്തിക്കാനിലായിരുന്നു ചടങ്ങ്. ഇന്ത്യയിലെ വൈദികനല്ലാത്ത ആദ്യ വിശുദ്ധനാണ് ദേവസഹായം പിള്ള. വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ അൽമായ രക്തസാക്ഷിയും ദേവസഹായം പിള്ളയാണ്.

അല്മായ രക്തസാക്ഷിയായ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപനം നടത്തിയത്. ദേവസഹായം പിള്ളയോടൊപ്പം മറ്റ് ഒന്പതു വാഴ്‌ത്തപ്പെട്ടവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. വിശുദ്ധരായി പ്രഖ്യാപിക്കുന്നവരിൽ അഞ്ചു വാഴ്‌ത്തപ്പെട്ടവർ ഇറ്റലിക്കാരാണ്. മൂന്നു പേർ ഫ്രഞ്ചുകാരും ഒരാൾ ഹോളണ്ടുകാരനുമാണ്.

ഹോളണ്ട് സ്വദേശി ടൈറ്റസ് ബ്രാൻഡ്‌സ്മ, ഫ്രഞ്ച് വൈദികൻ സേസർ ദെ ബ്യു, ഇറ്റലി സ്വദേശികളായ വൈദികർ ലൂയിജി മരിയ പലാസോളോ, ജസ്റ്റിൻ റുസ്സൊലീലൊ, ഫ്രാൻസുകാരനായ സന്ന്യസ്തൻ ചാൾസ് ദെ ഫുക്കോ, ഫ്രഞ്ചുകാരിയായ മരീ റിവിയെ, ഇറ്റലിക്കാരികളായ അന്ന മരിയ റുബാത്തോ, കരോലീന സാന്തൊകനാലെ, മരിയ മന്തൊവാനി എന്നിവരെയാണ് ദേവസഹായം പിള്ളയോടൊപ്പം വിശുദ്ധരായി പ്രഖ്യാപിച്ചത്.

ദേവസഹായത്തിന്റെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതപ്രവർത്തി ഫ്രാൻസിസ് മാർപ്പാപ്പ അംഗീകരിച്ചിരുന്നു. കേരളാ കത്തോലിക്കാ സഭയിലെ ആഗോള വിഭാഗമായ ലത്തീൻ സഭയുടെ പ്രതിനിധിയാണ് ദേവ സഹായം പിള്ള. സീറോ മലബാർ ഭയ്ക്ക് ചാവറയച്ചനും അൽഫോൻസാമ്മയും എവുപ്രാസിയമ്മയും മറിയം ത്രേസ്യയും അടക്കം നാലു പേർ വിശുദ്ധ പദവിയിലുണ്ട്. ഇപ്പോൾ ലത്തീൻ സഭയിൽ നിന്ന് ദേവസഹായവും. അങ്ങനെ തമിഴ്‌നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിൽ ജനിച്ച മലയാളിയും വിശുദ്ധനാകുകയാണ്.

തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മാർത്താണ്ഡത്തിനടുത്തു നട്ടാലത്ത് 1712 ഏപ്രിൽ 23 നാണ് ദേവസഹായം പിള്ളയുടെ ജനനം. നീലകണ്ഠപ്പിള്ള എന്നായിരുന്നു പേര്. മാർത്താണ്ഡവർമ മഹാരാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് 1752 ജനുവരി 14ന് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണു വിശ്വാസം. 2012 ഡിസംബർ 2നാണ് വാഴ്‌ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്.

കന്യാകുമാരിയിലെ നട്ടാലത്ത് 1712 ഏപ്രിൽ 23ന് ജനിച്ച്, തിരുവിതാംകൂർ രാജാവിന്റെ സൈന്യാധിപ പദവി വരെ അലങ്കരിച്ച, നീലകണ്ഠപിള്ളയുടെ ജ്ഞാനസ്നാന പേരാണ് ദേവസഹായം. കാറ്റാടിമലയിൽ 1752 ജനുവരി 14ന് രക്സാക്ഷിത്വം വരിച്ച ദേവസഹായത്തിന്റെ ഭൗതികശരീരം കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് കത്തീഡ്രലിലാണ് സംസ്‌കരിച്ചത്. 2012 ഡിസംബർ 2നാണ് അദ്ദേഹത്തെ കത്തോലിക്കസഭ വാഴ്‌ത്തപ്പെട്ടവായി പ്രഖ്യാപിച്ചത്. കന്യാകുമാരി ജില്ല തമിഴ്‌നാട്ടിലാണ്. എന്നാൽ ദേവസഹായത്തിന്റെ കാലത്ത് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. അതുകൊണ്ടാണ് ദേവ സഹായത്തേയും മലയാളിയായും കേരള കത്തോലിക്കാ സഭയുടേയും ഭാഗമായി വിലയിരുത്തുന്നത്.

ദേവസഹായംപിള്ളയുടെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതം അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹത്തെ വിശുദ്ധ പട്ടികയിലേക്കു ചേർക്കുന്നത്. ഭാരതസഭയിൽനിന്നു വിശുദ്ധ പദവിയിലേക്കുയരുന്ന ആദ്യ അല്മായനാണിദ്ദേഹം. വിശുദ്ധരുടെ നാകരണത്തിനായുള്ള തിരുസംഘം ഇതിനായി സമർപ്പിച്ച രേഖകൾ ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ നട്ടലം എന്ന സ്ഥലത്ത് 1712ൽ ഒരു ഹൈന്ദവ കുടുംബത്തിൽ ജനിച്ച നീലകണ്ഠപിള്ളയാണു പിന്നീടു ലാസർ ദേവസഹായംപിള്ളയായത്. തിരുവിതാംകൂറിൽ പടത്തലവനായിരുന്ന ഡച്ചുകാരൻ ബനഡിക്റ്റസ് യുസ്റ്റാച്ചിയോ ഡിലനായി (തിരുവിതാംകൂർ ചരിത്രത്തിൽ വലിയകപ്പിത്താൻ എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്)യാണ് ഇദ്ദേഹത്തെ ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചത്.

ജനനം 1712 ൽ ഒരു നമ്പൂതിരിക്കുടുംബത്തിൽ. ജന്മം കൊണ്ടു സിദ്ധിച്ച പേര് നീലകണ്ഠൻ പിള്ള. വാസുദേവൻ നമ്പൂതിരിയും ദേവകിയമ്മയും മാതാപിതാക്കൾ. മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയ പിള്ള ആയോധനകലകളും വ്യാകരണവും മികവോടെ വശത്താക്കി. യൗവനമായപ്പോൾ അമരാവതിപുരം മേക്കൂട്ട് തറവാട്ടിലെ ഭാർഗവിയമ്മയെ വേളികഴിച്ചു. പിന്നീട് കഥ മാറി. 1745-ൽ ഈശോസഭാംഗമായ ഫാ. ജ്യോവാനി ബുട്ടാരി ഇദ്ദേഹത്തിനു ജ്ഞാനസ്‌നാനം നൽകി. ലാസർ ദേവസഹായംപിള്ള എന്ന പേരു സ്വീകരിച്ചു. തിരുവിതാംകൂർ രാജാവിന്റെ കീഴിൽ ഉദ്യോഗസ്ഥനായിരുന്നു അന്ന് അദ്ദേഹം. ഭാര്യ ഭാർഗവി അമ്മാളും ജ്ഞാനസ്‌നാനം സ്വീകരിച്ചു ക്രിസ്തുമതത്തിൽ ചേർന്നു. തെരേസ എന്നർഥം വരുന്ന ജ്ഞാനപ്പൂ അമ്മാൾ എന്ന പേര് സ്വീകരിച്ചു. വിരോധികൾ ഇദ്ദേഹത്തെപ്പറ്റി അപവാദം പ്രചരിപ്പിച്ചതിനാൽ തിരുവിതാംകൂർ ഭരണാധികാരികൾ ഇദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു. ഏറെ പീഡനങ്ങൾക്കു ശേഷമാണ് 1752 ജനുവരി 14-ന് ആരുവാമൊഴിക്കടുത്തു കാറ്റാടി മലയിൽവച്ച് ഇദ്ദേഹത്തെ വെടിവച്ചു വധിച്ചത്. വനത്തിലെറിയപ്പെട്ട ശരീരം പിന്നീടു നാഗർകോവിലിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിൽ സംസ്‌കരിച്ചു.

മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്താണ് പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം പണികഴിപ്പിച്ചത്. കൊട്ടാരം പണിയുടെ മേൽനോട്ടക്കാരനും നീലകണ്ഠസ്വാമി ക്ഷേത്രത്തിന്റെ 'കാര്യക്കാരനു' മായി നിയമിതനായ നീലകണ്ഠപിള്ള ധർമ്മനിഷ്ഠനും ഈശ്വരാന്വേഷിയുമായ ഒരു സാത്വികനായിരുന്നു. 1741-ലെ കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. ഡച്ച് സൈനിക മേധാവിയായിരുന്ന ക്യാപ്റ്റൻ ഡിലനായി തടവിലാക്കപ്പെട്ടു. എന്നാൽ കർമ്മകുശലനും ധിഷണാശാലിയും സത്യസന്ധനുമായിരുന്ന ക്യാപ്റ്റൻ ഡിലനായിയുടെ സാമുദ്രിക വിജ്ഞാനവും മറ്റു കഴിവുകളും മനസിലാക്കിയ മഹാരാജാവ് അദ്ദേഹത്തെ തന്റെ അംഗരക്ഷകസേനയുടെ അധിപനാക്കി. പാശ്ചാത്യശൈലിയിലുള്ള സൈനിക പരിശീലനം, ആയുധസംഭരണം തുടങ്ങിയവയിലൂടെ തിരുവിതാംകൂർ സേനയെ ശക്തിപ്പെടുത്തിയ ഡിലനായി പത്മനാഭപുരത്തിനടുത്തുള്ള ഉദയഗിരിയിൽ ഒരു നെടുങ്കൻ കോട്ട സ്ഥാപിച്ചു.

വലിയ ക്രിസ്തു ഭക്തനായിരുന്ന അദ്ദേഹം കോട്ടയ്ക്കുള്ളിൽ തന്നെ ക്രൈസ്തവ ദേവാലയവും രാജകീയ അനുമതിയോടെ പണികഴിപ്പിച്ചിരുന്നു. സ്വന്തം നാടും നാട്ടുകാരും നഷ്ടപ്പെട്ട് ഒറ്റയ്ക്ക് ജീവിക്കേണ്ടിവന്ന ആ ഡച്ചുകാരൻ ഔദ്യോഗിക കൃത്യങ്ങൾക്കുശേഷമുള്ള സമയം മുഴുവനും പ്രാർത്ഥനയിലും വേദവായനയിലും ചിലവഴിച്ച് സ്വന്തം വേദന മറന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം തൊട്ടടുത്തുള്ള പത്മനാഭപുരം കൊട്ടാരം പണിയുടെ കാര്യക്കാരനായി നിയമിതനായ നീലകണ്ഠപിള്ളയുമായി പരിചയപ്പെടുന്നത്. അവരുടെ സൗഹൃദം വളർന്നു. ഡിലനായിയുടെ പ്രാർത്ഥനാജീവിതവും വിശുദ്ധിയും ധാർമ്മികതയും കണ്ട നീലകണ്ഠപിള്ളയ്ക്ക് യേശുവിനെക്കുറിച്ച് അറിയുവാൻ താല്പര്യമായി.

മുപ്പത്തിമൂന്നാം വയസ്സിൽ ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയായിത്തീർന്ന ദേവസഹായം പിള്ള അന്നുമുതൽ തന്നെ ക്രിസ്തുവിന്റെ വഴിയിലൂടെയുള്ള യാത്ര ആരംഭിച്ചു. നീലകണ്ഠപിള്ളയുടെ മതപരിവർത്തനം ബ്രാഹ്മണരിൽ വലിയ വെറുപ്പുളവാക്കി. രാമയ്യൻ ദളവായ്ക്ക് ഇത് രാജാവിനോടും രാജാവിന്റെ മതത്തോടുമുള്ള വെല്ലുവിളിയായി തോന്നി. ദളവാ ദേവസഹായംപിള്ളയെ വിളിച്ച് ശാസിച്ചു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊന്നുകളയും എന്നുവരെ ഭീഷണിപ്പെടുത്തി. പക്ഷേ ദേവസഹായം പിള്ള കുലുങ്ങിയില്ല. അവസാനം ജയിലറ. എന്നിട്ടും വഴങ്ങാതെ വന്നതോടെ രാജ കൽപ്പനം അതിക്രൂരമായി. ''കഴുത്തിൽ എരുക്കിൻ പൂമാലയിട്ട് റോഡിലൂടെ നടത്തി അപമാനിക്കുക, നാടായ നാടെല്ലാം ജനം അതു കണ്ട് ഭയചകിതരാകണം.'' ഇതായിരുന്നു ആ കല്പന. എന്നിട്ടും മനസ്സ് മാറിയില്ല. ''ദേവസഹായംപിള്ളയെ കാറ്റാടിമലയിൽ കൊണ്ടുപോയി വെടിവച്ച് കൊല്ലുക.''എന്ന ഉത്തരവും എത്തി.

അങ്ങനെ നാല്പതാം വയസിൽ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ദേവസഹായംപിള്ള കാറ്റാടിമലയിൽ വെടിയേറ്റു മരിച്ചു. ദേവസഹായംപിള്ള രക്തസാക്ഷിത്വം വരിച്ച കാറ്റാടിമലയ്ക്ക് സമീപം ഇന്ന് വ്യാകുലമാതാവിന്റെ ഒരു വലിയ പള്ളി സ്ഥിതിചെയ്യുന്നു. അദ്ദേഹം വെടിയേറ്റുവീണ സ്ഥലത്ത് ഇന്ന് അനേകർ പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി എത്തിച്ചേരുന്നുണ്ട്. അതുപോലെ ദേവസഹായംപിള്ളയ്ക്ക് അത്ഭുതനീരുറവ നൽകപ്പെട്ട പുലിയൂർക്കുറിശ്ശിയിലും ഒരു കുരിശുപള്ളി സ്ഥാപിതമായിട്ടുണ്ട്.