ന്യൂഡൽഹി: പാക് അതിർത്തി കടന്നുള്ള ഇന്ത്യൻ സേനയുടെ സർജിക്കൽ സ്‌ട്രൈക്കിനെ തുടർന്ന് ഇന്ത്യ-പാക് ബന്ധം സംഘർഷഭരിതമാകുന്ന സാഹചര്യത്തിൽ കരസേനാ മേധാവി ദൽബീർ സിങ് സുഹാഗ് കശ്മീരിലെ അതിർത്തിപ്രദേശങ്ങൾ സന്ദർശിച്ചും. പാക് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തുന്നതിന് കൂടിയാണ് കരസേനാ മേധാവി കാശ്മീരിലെത്തിയത്. മേഖലയിലെ സൈനികവിന്യാസം അദ്ദേഹം വിലയിരുത്തി.

അതിനിടെ, പാക് ഭീകരർ 19 ഇന്ത്യൻ ഭടന്മാരെ വധിച്ച ഉറി സൈനിക ക്യാമ്പിലെ ബ്രിഗേഡ് കമാൻഡർ കെ. സോമശങ്കറെ ചുമതലയിൽ നിന്ന് മാറ്റി. പാക് ഭീകര ക്യാമ്പിൽ സർജിക്കൽ സ്‌ട്രൈക്ക് ആസൂത്രണം ചെയ്തു നടപ്പാക്കിയ നോർതേൺ കമാൻഡിന്റെ ഉധംപൂർ ആസ്ഥാനവും കരസേനാ മേധാവി സന്ദർശിച്ചു. നോർത്തേൺ കമാൻഡിനെ അഭിനന്ദിച്ച അദ്ദേഹം ഓപറേഷനിൽ പങ്കെടുത്ത സൈനികരെയും കണ്ടു. അവിടെ ചേർന്ന ഉന്നതതല യോഗത്തിൽ കോർ കമാൻഡർമാർ കരസേനാ മേധാവിയോട് സ്ഥിതിഗതികൾ വിവരിച്ചു. നോർത്തേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫും മൂന്ന് കോർ കമാൻഡർമാരും യോഗത്തിൽ പങ്കെടുത്തു. പാക്കിസ്ഥാൻ തിരിച്ചടിച്ചാൽ നേരിടാനുള്ള സൈന്യത്തിന്റെ തയ്യാറെടുപ്പ് അദ്ദേഹം വിലയിരുത്തി.

ഇന്ത്യ നടത്തിയതിന് സമാനമായ ആക്രമണം പാക്കിസ്ഥാൻ നടത്തിയേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സേനയോട് ഒരുങ്ങിയിരിക്കാൻ സേനാമേധാവി ഉത്തരവിട്ടെന്നാണ് അറിയുന്നത്. സൈന്യത്തിന്റെ തയ്യാറെടുപ്പുകളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. സേനയുടെ വെസ്‌റ്റേൺ കമാൻഡും അദ്ദേഹം സന്ദർശിക്കും. ഉറിയിൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സേനയുടെ അന്വേഷണം കഴിയുന്നതുവരെ ഉറി സേനാ കേന്ദ്രത്തിന്റെ ചുമതലയുള്ള ബ്രിഗേഡിയർ കെ. സോമശങ്കറെ മാറ്റി നിറുത്തുകയാണെന്ന് സേനാ വൃത്തങ്ങൾ വെളിപ്പെടുത്തി. 28 മൗണ്ടൻ ഡിവിഷനിലെ ഓഫീസർക്ക് പകരം ചുമതല നൽകി.

ബ്രിഗേഡിയർ സോമശങ്കർ മികവുകൊണ്ട് ശ്രദ്ധേയനായ ഓഫീസറാണ്. പക്ഷേ 19 സൈനികർ കൊല്ലപ്പെട്ടതിന്റെ ഗൗരവം നോക്കുമ്പോൾ അദ്ദേഹത്തിന് ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാനാകില്ല. ഒരു ഓഫീസറുടെ ഒരു പിഴവ് അദ്ദേഹത്തിന്റെ അവസാനത്തെ പിഴവായിരിക്കണം. ചെറിയ പിഴവ് വലിയ ദുരന്തത്തിന് കാരണമാകുമെന്നും സേനാ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നലെ കാശ്മീരിലെത്തിയ കരസേനാ മേധാവി ധൽബീർ സിംഗാണ് സസ്‌പെൻഷൻ തീരുമാനിച്ചത്.

ചണ്ഡീഗഢ് ആസ്ഥാനമായുള്ള പടിഞ്ഞാറൻ കമാൻഡിലും കരസേനാ മേധാവി സന്ദർശനം നടത്തി. പടിഞ്ഞാറൻ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ലെഫ്. ജനറൽ സുരീന്ദർ സിങ് ഉൾപ്പെടെയുള്ളവരുമായി സേനാ മേധാവി സ്ഥിതിഗതികൾ വിലയിരുത്തി. മേഖലയിൽ നിതാന്തജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തിപ്പെടുത്താനും അദ്ദേഹം നിർദ്ദേശം നൽകി. ഉറിയിലെ കരസേനാകേന്ദ്രത്തിനുനേരേ പാക് പിന്തുണയുള്ള ഭീകരർ സപ്തംബർ 18ന് ആക്രമണം നടത്തിയതിനെത്തുടർന്നാണ് തിരിച്ചടിക്കാനുള്ള പദ്ധതി കരസേന തയ്യാറാക്കിയത്. പാക് അധീന കശ്മീരിൽ ഇന്ത്യൻസൈന്യം നടത്തിയ മിന്നലാക്രമണത്തിൽ 40ലധികം ഭീകരരും സഹായികളും കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് വിലയിരുത്തുന്നത്.

അതിനിടെ അബദ്ധത്തിൽ നിയന്ത്രണ രേഖ ലംഘിച്ചതിനെ തുടർന്ന് പാക് റേഞ്ചർമാർ ബന്ദിയാക്കിയ 37 രാഷ്ട്രീയ റൈഫിൾസിലെ ചന്തുബാബുലാൽ ചൗഹാനെ മോചിപ്പിക്കില്ലെന്ന് പാക്കിസ്ഥാൻ അറിയിച്ചു. ചന്തുബാബുലാൽ പാക് സേനയുടെ പിടിയിലായ വിവരമറിഞ്ഞ് മുത്തശ്ശി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. സൈനികരും ഗ്രാമവാസികളും അബദ്ധത്തിൽ നിയന്ത്രണ രേഖ ലംഘിക്കുന്നത് പതിവായതിനാൽ ചന്തുബാബുലാലിനെ മോചിപ്പിക്കാൻ ബുദ്ധിമുട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് പറഞ്ഞിരുന്നു. എന്നാൽ വ്യാഴാഴ്‌ച്ചത്തെ സൈനിക ഓപറേഷനു ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം മൂർച്ഛിച്ചത് തിരിച്ചടിയായി. ചന്തുബാബുലാൽ വ്യാഴാഴ്‌ച്ച ഇന്ത്യ നടത്തിയ സൈനിക ഓപറേഷനിൽ പങ്കെടുത്തിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

സർജിക്കൽ സ്‌ട്രൈക്കന് ശേഷം സേന കൈക്കൊള്ളുന്ന സുരക്ഷാ നടപടികളെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാഷ്ട്രപതി പ്രണബ് മുഖർജിയെക്കണ്ടു. ഏറ്റവുമൊടുവിലത്തെ സംഭവവികാസങ്ങൾ അദ്ദേഹം പ്രണബ് മുഖർജിയെ ധരിപ്പിച്ചു. ഉറി ആക്രമണത്തിനു പകരമായി ഇന്ത്യ പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളിൽ മിന്നലാക്രമണം നടത്തിയതിനെ പിന്തുണച്ച് കൂടുതൽ രാഷ്ട്രങ്ങൾ രംഗത്തെത്തി. അമേരിക്കൻ കോൺഗ്രസ് പരസ്യമായിത്തന്നെ പിന്തുണയറിയിച്ചു. ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവയ്ക്കുപുറമേ റഷ്യയും പിന്തുണയറിയിച്ചു. പാക്കിസ്ഥാനിൽ നടക്കാനിരുന്ന സാർക്ക് സമ്മേളനത്തോട് മാലെദ്വീപ് അതൃപ്തി പ്രകടിപ്പിച്ചു. മറ്റ് അംഗരാഷ്ട്രങ്ങൾ നേരത്തേതന്നെ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ, ശനിയാഴ്ചയും അതിർത്തിയിൽ പാക്കിസ്ഥാൻ വെടിയുതിർത്തു. അഖ്‌നൂർ മേഖലയിലായിരുന്നു വെടിവെപ്പ്. ഇന്ത്യാപാക്കിസ്ഥാൻ തർക്കപരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പറഞ്ഞു. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്‌നം കൂടുതൽ വഷളാക്കിയതിനെത്തുടർന്നാണ് വാഗ്ദാനം.

യു.എന്നിലെ പാക്കിസ്ഥാൻ പ്രതിനിധി മലീഹ ലോധി, ബാൻകി മൂണിനോട് നേരിട്ട് പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരുരാഷ്ട്രങ്ങളും പരമാവധി സംയമനം പാലിക്കാനും സംഘർഷം കുറയ്ക്കാൻ അടിയന്തരനടപടി സ്വീകരിക്കാനും മൂൺ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങൾക്കും സ്വീകാര്യമാണെങ്കിൽ തന്റെ ഓഫീസ് മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.