അഹമ്മദാബാദ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് മുന്നോടിയായി യുപിയിലെ കുശിനഗർ ജില്ലയിലെ ദലിതർക്ക് സോപ്പും ഷാംപും നൽകി 'വൃത്തിയാകാൻ' ആവശ്യപ്പെട്ട സംഭവത്തിന് മറുപടിയുമായി ദലിത് സംഘടന.

'ശുദ്ധിയാകാൻ' യോഗി ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പ് അയച്ചുകൊടുക്കുമെന്നാണ് ഗുജറാത്തിൽ പുതിയതായി രൂപം കൊണ്ട ദലിത് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. 'ഡോ. അംബേദ്കർ വിചാൻ പ്രതിബന്ധ് സമിതി' എന്ന സംഘടനയാണ് കഴിഞ്ഞ ദിവസം ഈ പ്രഖ്യാപനം നടത്തിയത്. ദലിത് പ്രശ്‌നങ്ങളിൽ ഇടപെടുന്ന അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന 'നവസർജൻ' എന്ന എൻജിഒയുടെ സഹായത്തോടെയാണ് നടപടി.

ദലിതരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപ് ഈ സോപ്പ് ഉപയോഗിച്ച് ആദിത്യനാഥിന് ശുദ്ധിവരുത്താമെന്നും ദലിത് വിഭാഗത്തിലെ ഏറ്റവും പിന്നാക്ക സമുദായത്തിൽ നിന്നുള്ള സ്ത്രീയാണ് സോപ്പ് നിർമ്മിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. എന്തുകൊണ്ടാണ് സോപ്പിന് 16 അടി നീളം എന്ന് വ്യക്തമാക്കിയിട്ടില്ല. യോഗി ആദിത്യനാഥിന്റെ മനുവാദ (ജാതീയമായ) നിലപാടുകളെ തുറന്നു കാണിക്കാനാണ് ഈ നടപടികളെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. ആദിത്യനാഥിന് ലക്‌നൗവിലേക്ക് സോപ്പ് അയക്കുന്നതിന് മുൻപ് ജൂൺ ഒൻപതിന് ഈ സോപ്പ് പ്രദർശിപ്പിക്കും.

യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിനുമുമ്പ് കുളിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുശിനഗറിൽ ദലിതർക്ക് സോപ്പും ഷാംപുവും നൽകിയത്. ഈ നടപടി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് കുളിച്ചുവൃത്തിയായി എത്തണമെന്ന് നിർദേശിച്ച് തങ്ങൾക്ക് സോപ്പും ഷാംപുവും നൽകിയതായി ദളിതർതന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.