- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌സി, എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള കോടതിവിധിക്ക് വഴിയൊരുക്കിയത് കേന്ദ്രത്തിന്റെ ഒത്താശ; പട്ടികജാതി-വർഗ നിയമപ്രകാരമുള്ള പരാതിയിൽ ഉടനടി അറസ്റ്റ് പാടില്ലെന്ന വിധി അരക്ഷിത ബോധം പടർത്തി; ദളിത് രോഷം ആളിപ്പടർന്നപ്പോൾ ഉത്തരേന്ത്യ കലാപഭൂമിയായി; ഹിന്ദി ഹൃദയഭൂമിയിലെ ദളിത് രോഷം ബിജെപിക്കും മോദിക്കും കനത്ത പ്രഹരം; വിധി പുനഃപരിശോധിക്കാൻ ഹർജി നൽകി കേന്ദ്രം അനുനയ പാതയിൽ
ന്യൂഡൽഹി: ദളിത് രോഷത്തിൽ കലാപഭൂമിയായി ഉത്തരേന്ത്യ. എസ്‌സി, എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള കോടതിവിധിക്കെതിരായ രോഷം തെരുവിലെത്തിയപ്പോൾ ഇന്നലെ ഒമ്പത് പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. സമരക്കാർ പലയിടത്തും അക്രമാസക്തമായി മാറുകയായിരുന്നു. മധ്യപ്രദേശിൽ ആറു പേരും ഉത്തർ പ്രദേശിൽ രണ്ടും രാജസ്ഥാനിൽ ഒരാളും കൊല്ലപ്പെട്ടു. പല സംസ്ഥാനങ്ങളിലും പൊലീസിനു നേരേ വ്യാപകമായ ആക്രമണമാണുണ്ടായത്. പലയിടങ്ങളിലായി നൂറോളം ട്രെയിനുകൾ തടഞ്ഞു. ദേശീയപാതകളിലും ഗതാഗതം സ്തംഭിപ്പിച്ചു. നിരവധി സ്ഥലങ്ങളിൽ വാഹനങ്ങൾക്കു തീവച്ചു. ഉത്തർ പ്രദേശിൽ മാത്രം നൂറോളം വാഹനങ്ങൾ അഗ്‌നിക്കിരയായി. മധ്യപ്രദേശിലെ ഭിൻഡിൽ സൈന്യത്തെ വിന്യസിച്ചു. പഞ്ചാബിൽ സൈന്യവും കേന്ദ്രസേനയും സുസജ്ജരായി രംഗത്തുണ്ട്. ഉത്തർ പ്രദേശിലും മധ്യപ്രദേശിലും കേന്ദ്രദ്രുതകർമസേനയെ രംഗത്തിറക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല. മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രതിഷേധപ്രകടനത്തിനിടെ ഒരാൾ കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്തർ പ്രദേശ്, ബിഹാർ, പഞ്ചാബ
ന്യൂഡൽഹി: ദളിത് രോഷത്തിൽ കലാപഭൂമിയായി ഉത്തരേന്ത്യ. എസ്‌സി, എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള കോടതിവിധിക്കെതിരായ രോഷം തെരുവിലെത്തിയപ്പോൾ ഇന്നലെ ഒമ്പത് പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. സമരക്കാർ പലയിടത്തും അക്രമാസക്തമായി മാറുകയായിരുന്നു. മധ്യപ്രദേശിൽ ആറു പേരും ഉത്തർ പ്രദേശിൽ രണ്ടും രാജസ്ഥാനിൽ ഒരാളും കൊല്ലപ്പെട്ടു. പല സംസ്ഥാനങ്ങളിലും പൊലീസിനു നേരേ വ്യാപകമായ ആക്രമണമാണുണ്ടായത്. പലയിടങ്ങളിലായി നൂറോളം ട്രെയിനുകൾ തടഞ്ഞു. ദേശീയപാതകളിലും ഗതാഗതം സ്തംഭിപ്പിച്ചു. നിരവധി സ്ഥലങ്ങളിൽ വാഹനങ്ങൾക്കു തീവച്ചു. ഉത്തർ പ്രദേശിൽ മാത്രം നൂറോളം വാഹനങ്ങൾ അഗ്‌നിക്കിരയായി. മധ്യപ്രദേശിലെ ഭിൻഡിൽ സൈന്യത്തെ വിന്യസിച്ചു. പഞ്ചാബിൽ സൈന്യവും കേന്ദ്രസേനയും സുസജ്ജരായി രംഗത്തുണ്ട്. ഉത്തർ പ്രദേശിലും മധ്യപ്രദേശിലും കേന്ദ്രദ്രുതകർമസേനയെ രംഗത്തിറക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രതിഷേധപ്രകടനത്തിനിടെ ഒരാൾ കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്തർ പ്രദേശ്, ബിഹാർ, പഞ്ചാബ്, ഹരിയാന, ഒഡീഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലും വ്യാപക സംഘർഷമുണ്ടായി.
പട്ടികജാതി/വർഗ പീഡന നിയമത്തിന്റെ ദുരുപയോഗം തടയാനായി കഴിഞ്ഞ 20-നു പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി മുന്നോട്ടുവച്ച നിബന്ധനകൾ ഈ നിയമത്തിൽ വെള്ളം ചേർക്കുന്നതാണെന്നും പട്ടികവിഭാഗക്കാരുടെ അവകാശങ്ങൾ ഹനിക്കുന്നതുമാണെന്നാണു ബന്ദിന് ആഹ്വാനം നൽകിയ ദളിത് സംഘടനകളുടെ ആക്ഷേപം. ഈ വിധി പട്ടികവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ ഹനിക്കുന്നതാണെന്നു വാദിച്ച് കേന്ദ്ര സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്.
മധ്യപ്രദേശിലെ ഗ്വാളിയറിലാണു പൊലീസ് വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഭിൻഡിലും മൊറേനയിലും ഓരോ മരണങ്ങളുണ്ടായി. രാജസ്ഥാനിലെ ആൾവാറിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. യു.പിയിലെ മുസഫർ നഗറിലാണു മരണം. സമരക്കാരുടെ ആക്രമണത്തിൽ നൂറുകണക്കിനു പൊലീസുകാർക്കു പരുക്കേറ്റു.യു.പി. മീററ്റിലെ ശോഭാപുരിൽ പ്രക്ഷോഭകർ പൊലീസ് എയ്ഡ്പോസ്റ്റിനു തീവച്ചു. ഒരു കാറും മോട്ടോർ സൈക്കിളും അടിച്ചുതകർത്തു. രാജസ്ഥാനിലെ ആൾവാറിൽ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകർ നിരവധി വാഹനങ്ങൾക്കു തീവച്ചു. ആക്രമിക്കപ്പെടുമെന്ന ഭീതിയിൽ കടയുടമ നടത്തിയ വെടിവയ്പിൽ അഞ്ചു പേർക്കു പരുക്കേറ്റു. ഝാർഖണ്ഡിൽ ചരക്കുലോറിക്കു പ്രക്ഷോഭകർ തീവച്ചു.
സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ച് പഞ്ചാബിൽ സി.ബി.എസ്.ഇ. ഇന്നലെ നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവച്ചു. പഞ്ചാബിൽ ഇന്റർനെറ്റ് സേവനം വിഛേദിച്ചു. ജലന്ധറിലും അമൃത്സറിലും വ്യാപാരകേന്ദ്രങ്ങൾ തുറന്നില്ല. ദേശീയപാതകളിലും ഗതാഗത തടസം സൃഷ്ടിച്ചു. ബിഹാറിൽ പലേടത്തും ദീർഘദൂര ട്രെയിനുകൾ തടഞ്ഞു. ഡൽഹിയിലെ ഗസ്സിയാബാദിലും പഞ്ചാബിലെ പട്യാലയിലും ബിഹാറിലെ ഫോർബ്സ്ഗഞ്ചിലും മധ്യപ്രദേശിലെ മൊറേനയിലും ഒഡീഷയിലെ സംബൽപുരിലും ട്രെയിൻ തടഞ്ഞു.
ദളിത് രോഷത്തിന് കാരണമെന്ത്?
എസ്.സി., എസ്.ടി. നിയമത്തിന്റെ ദുരുപയോഗം തടയാൻ സുപ്രീംകോടതി ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് മാർച്ച് 20-ന് ഇറക്കിയ മാർഗനിർദ്ദേശങ്ങളാണ് ദളിത് സംഘടനകളെ ചൊടിപ്പിച്ചത്. നിർദ്ദേശങ്ങൾക്കെതിരേ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. പട്ടികജാതി-വർഗ നിയമപ്രകാരമുള്ള പരാതിയിൽ ഉടനടിയുള്ള അറസ്റ്റ് പാടില്ലെന്നായിരുന്നു വിധിയിലെ പ്രധാന നിർദ്ദേശം. സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയാണ് പരാതിയെങ്കിൽ, നിയമനഅധികാരിയിൽനിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടിൽ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥൻ പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തശേഷമേ അറസ്റ്റ് ചെയ്യാവൂ.
സർക്കാരുദ്യോസ്ഥരല്ലെങ്കിൽ, അറസ്റ്റിന് ജില്ലാ പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണം. കള്ളക്കേസാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ ജാമ്യവും നൽകാം. പട്ടികജാതി-വർഗ (പീഡനം തടയൽ) നിയമം നടപ്പാക്കുന്നതിന്റെ ഉദ്ദേശ്യം നിരപരാധികളെ കുറ്റക്കാരാക്കുകയും സർക്കാർ ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയുമാകരുതെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഈ ലഘൂകരണം ദളിതർക്കെതിരായ അക്രമങ്ങൾ വർധിപ്പിക്കുമെന്നാണ് വിമർശനം. ദളിതർക്കെതിരായ അക്രമങ്ങൾ കാലങ്ങളായി വർധിച്ചതിനെക്കുറിച്ചും അത്തരം കേസുകളിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നത് അപൂർവമാണെന്നതും കേന്ദ്രം സുപ്രീംകോടതിയെ വേണ്ടവിധം അറിയിച്ചിരുന്നെങ്കിൽ കോടതി മറ്റൊരു നിഗമനത്തിൽ എത്തിയിരുന്നേനെയെന്ന് അവർ പറഞ്ഞു. വിധി മാർച്ച് 20-ന് വന്നശേഷം ഇത്രയും ദിവസം അതിനെതിരേ കോടതിയെ സമീപിക്കാൻ സർക്കാർ ശ്രദ്ധിക്കാത്തതും ദളിത് സംഘടനകൾ എടുത്തുകാട്ടുന്നുണ്ട്.
വിധിക്ക് വഴിയൊരുക്കിയത് കേന്ദ്രസർക്കാറിന്റെ നിലപാടുകൾ
പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് രാജ്യം ഉറപ്പുനൽകുന്ന നിയമപരമായ സുരക്ഷ ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയ സുപ്രീം കോടതി വിധിക്ക് വഴിയൊരുക്കിയത് കേന്ദ്രസർക്കാറിന്റെ നിലപാട് തന്നെയാണ്. ദളിതുകളെ സംരക്ഷിക്കാനുള്ള നിയമത്തിൽ ഭരണകൂടം കൈവക്കുന്നുവെന്ന തോന്നലുണ്ടാക്കിയ അരക്ഷിതബോധമാണ് രാജ്യമാകെ പ്രതിഷേധമായി പടർന്നത്.
സുപ്രീംകോടതിയിൽ കേസു വന്നപ്പോൾ കക്ഷിചേർന്നവരെല്ലാം വാദിച്ചത് എസി - എസ്ടി നിയമപ്രകാരം വ്യാപകമായി വ്യാജപരാതികൾ ഉന്നയിക്കപ്പെടുന്നു എന്നാണ്. സർക്കാറിന്റെ ഔദ്യോഗിക രേഖകളും ഉദ്ധരിച്ചു. നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2016ലെ റിപ്പോർട്ട് അടക്കം കോടതിയിൽ ഹാജരാക്കി. ഇതോടെയാണ് കോടതി വിധഇ പ്രതികൂലമായി മാറിയത്. എന്തായാലും ഹിന്ദിഹൃദയഭൂമിയിൽ പൊട്ടിപ്പുറപ്പെട്ട ദളിത് രോഷം ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.
രോഷം ശമിപ്പിക്കാൻ പുനഃപരിശോധനാ ഹർജി നൽകി കേന്ദ്രം
ദളിത് രോഷം രാജ്യം മുഴുവൻ ആളിപ്പടരുമ്പോൾ സുപ്രീംകോടതി വിധിക്കെതിരേ കേന്ദ്രം പുനഃപരിശോധനാ ഹർജി നൽകി. മാർച്ച് 20-ന്റെ സുപ്രീംകോടതി വിധി ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹികനീതി മന്ത്രാലയത്തിന്റെ ഹർജി. നിയമത്തെ ദുർബലപ്പെടുത്തുന്നത് ദളിതുകൾക്കും ആദിവാസികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ വർധിപ്പിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധിക്കെതിരേ ഭരണ- പ്രതിപക്ഷ ഭേദമെന്യേ വിവിധ രാഷ്ട്രീയപ്പാർട്ടികളും ദളിത് സംഘടനകളും രംഗത്തെത്തിയതിനെ തുടർന്നാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് എസ്.സി/, എസ്.ടി. ഓർഗനൈസേഷൻ നൽകിയ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹർജി ഉചിതസമയത്ത് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബിജെപി.യും നരേന്ദ്ര മോദി സർക്കാരും ദളിതുകൾക്കൊപ്പമാണെന്ന് പുനഃപരിശോധനാ ഹർജി നൽകിയ കാര്യം വിശദീകരിച്ച് നിയമമന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി.യിലാണ് ഏറ്റവും കൂടുതൽ ദളിത് സാമാജികരുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദളിത് രോഷത്തെ ഏകോപിപ്പിച്ച് പ്രതിപക്ഷം, ബിജെപിക്ക് തിരിച്ചടി
ഉത്തരേന്ത്യ മുഴുവൻ പടരുന്ന രോഷത്തെ ഏകോപിപ്പിച്ചതിൽ പ്രതിപക്ഷ പാർട്ടികൾക്കും പങ്കുണ്ട്. ഫലത്തിൽ ബിജെപിക്ക് എതിരായ രോഷത്തിന്റെ കാരണമായി ഈ സംഭവം മാറുകയായിരുന്നു. ഉത്തർപ്രദേശിൽ അടക്കം രോഷം ആളിക്കത്തിച്ചത് ബിഎസ്‌പി പ്രവർത്തകരാണ്. ദളിത് നേതാവും ഗുജറാത്ത് എംഎൽഎ.യുമായ ജിഗ്‌നേഷ് മേവാനിയാണ് അഹമ്മദാബാദിൽ ബന്ദ് നയിച്ചത്. അഹമ്മദാബാദിൽത്തന്നെ അംബേദ്കർ പ്രതിമയെ രക്തതിലകം ചാർത്താനായി കൈഞരമ്പ് മുറിച്ച ഒരു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദളിത് സംഘടനകൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ സിപിഐ.(എം.എൽ.) പ്രവർത്തകരും തീവണ്ടികൾ തടയാനെത്തി. മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പ്രശ്നബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. 30 കമ്പനി അധികസേനയെയാണ് ഇവിടെ വിന്യസിച്ചത്. കലാപം നേരിടാൻ പരിശീലനം ലഭിച്ചിട്ടുള്ള എണ്ണൂറോളം സുരക്ഷാസൈനികർ മധ്യപ്രദേശിലേക്കും ഉത്തർപ്രദേശിലേക്കും തിരിച്ചുകഴിഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. ക്രമസമാധാനനില പാലിക്കണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും ജനങ്ങളോട് അഭ്യർത്ഥിച്ചു. സംഘർഷാവസ്ഥയെത്തുടർന്ന് യാത്രാത്തീയതികൾ മാറ്റിയതിനും റീഫണ്ടുകൾ നൽകുന്നതിനും ഏർപ്പെടുത്തുന്ന പിഴ ജെറ്റ് എയർവേയ്സ് തിങ്കളാഴ്ച ഒഴിവാക്കി.