കൊച്ചി: അവർണ്ണൻ വേദം പഠിക്കുന്നത് കുറ്റകരമാണെന്നത് പഴയ ചാതുർവർണ്ണ്യ കാലത്തെ അന്ധവിശ്വാസമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എന്നാൽ ഈ കാലത്തും ഇത്തരത്തിൽ സംഭവങ്ങൾ നടക്കുന്നുണ്ട് എന്നറിയുക.

പുതിയ കാലത്ത് അത്തരം അന്ധവിശ്വാസങ്ങൾക്ക് ഇടമില്ലെന്ന് കരുതുകയാണോ നിങ്ങൾ? എങ്കിൽ ആ ധാരണ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദേവഭാഷ പഠിക്കാൻ ആഗ്രഹിച്ചെത്തിയ പിന്നോക്ക വിഭാഗക്കാരായ വിദ്യാർത്ഥികൾക്കു പ്രവേശനം നിഷേധിച്ചിരിക്കുകയാണ് കൊച്ചുകേരളത്തിലെ പ്രമുഖ കോളേജ്.

കൊച്ചി മഹാരാജാസ് കോളേജ് അധികൃതരാണ് സംസ്‌കൃതം പഠിക്കുന്നതിൽ നിന്നും അഞ്ച് ദളിത് വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയതായി പരാതി ഉയർന്നത്. മഹാത്മാഗാന്ധി സർവ്വകലാശാലക്ക് കീഴിലുള്ള ചരിത്ര പ്രസിദ്ധമായ മഹാരാജാസ് കോളേജിൽ സ്വയംഭരണത്തിന്റെ ആദ്യ രക്തസാക്ഷികളാകുകയാണ് ഈ ദളിത് വിദ്യാർത്ഥികൾ.

പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന എൻ എസ് സോമകൃഷ്ണൻ, വി എസ് സനൽ, വി യു സ്വാതി സതീഷ്, എം കെ കിരൺ ദാസ്, ജോബിൻ പി ജോസ് എന്നീ കുട്ടികൾക്കാണ് സംസ്‌കൃതം ബിരുദ കോഴ്‌സിന് മഹാരാജാസിൽ പ്രവേശനം നിഷേധിച്ചത്. ആവശ്യമായ യോഗ്യതകൾ ഉള്ള ഇവർക്ക് പ്രായപരിധിയുടെ പേരുപറഞ്ഞാണ് കോളേജ് പ്രവേശനം നിഷേധിച്ചത്.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ ഇത്തരമൊരു നിയമമുണ്ടെന്നു പറഞ്ഞാണ് വിദ്യാർത്ഥികളെ സംസ്‌കൃതം പഠിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്. 22 വയസ് പൂർത്തിയായതിനാലാണ് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതെന്നാണ് ഗവേണിങ്ങ് കൗൺസിലിന്റെ നിലപാട്. എന്നാൽ അങ്ങനെ ഒരു നിയമം ഇല്ലെന്ന് കേരള ദളിത് മഹാസഭ നേതാവ് പി എസ് മുരളി മറുനാടൻ മലയാളിയോട് പറഞ്ഞു.

മാത്രമല്ല, അധികൃതരുടെ അവകാശവാദം തെറ്റാണെന്നതിന് കോളേജിൽ തന്നെ കൃത്യമായ ഉദാഹരണങ്ങളുമുണ്ട്. ഹിന്ദി, മലയാളം കോഴ്‌സുകളിൽ 22 വയസ് പൂർത്തിയായവർ പഠിക്കുന്നുണ്ട്. എന്നാൽ, ഇവരാരും ദളിത് വിഭാഗത്തിൽപ്പെടുന്നവരല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇതോടെ ദളിത് വിദ്യാർത്ഥികളോട് കോളേജ് വിവേചനം കാണിക്കുന്നു എന്ന ആക്ഷേപമാണ് ശക്തമായിരിക്കുന്നത്.

സ്വയംഭരണം നേടിയതിന്റെ മറവിലാണ് തോന്നിയത് പോലെ ഗവേണിങ്ങ് കൗൺസിൽ പ്രവേശനം നടത്തുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. സ്വയംഭരണത്തിനെതിരെ എസ്എഫ്‌ഐ സമരം അവസാനിപ്പിക്കുമ്പോൾ സർവ്വകലാശാല നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. സർവ്വകലാശാല അറിയാതെ ഒരുതരത്തിലുള്ള പ്രവേശനവും നിയമനവും നടത്താൻ പാടില്ലെന്നായിരുന്നു അന്നത്തെ ഉറപ്പ്. പക്ഷേ സർവ്വകലാശാല അറിഞ്ഞല്ല ഇപ്പോഴത്തെ കോളേജ് അധികൃതരുടെ പ്രവേശന കാര്യത്തിലെ തീരുമാനമെന്നാണു സൂചന.

ഇതോടെ സ്വയംഭരണമെന്നത് അഴിമതിക്കും സ്വജന പക്ഷപാതത്തിനുമുള്ള വഴിയായി മാറുമെന്ന് നേരത്തെ ഉയർന്ന ആരോപണങ്ങൾ ശക്തിപ്പെട്ടിരിക്കുകയാണ്. എസ്എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾക്കെല്ലാം ഈ വിഷയത്തിൽ വിദ്യാർത്ഥി അനുകൂല നിലപാടാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കേരള ദളിത് മഹാസഭ ശക്തമായ പ്രക്ഷോഭം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി സംഘടന കോളേജിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, എസ്‌സി - എസ്ടി കമീഷനും കോളേജ് ഗവേണിങ്ങ് ബോഡിക്കും വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇത്രദിവസം പിന്നിട്ടിട്ടും പരാതി പരിഗണിക്കാതെ അധികൃതർ ഒളിച്ചോടുകയാണെന്നാണ് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആരോപണം. ഇനിയും നീതി കിട്ടിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അവർ. പോരാട്ടത്തിന്റെ ഗതഗാല പൈതൃകം പേറുന്ന മഹാരാജാസ് ക്യാമ്പസിൽ ചാതുർവർണ്യ കാലത്തെ അപരിഷ്‌കൃത നിയമങ്ങൾ നടപ്പാക്കുന്നതിനെതിരായി കൂടുതൽ പ്രതിഷേധം ഉയർന്ന് വരുമെന്നാണ് സൂചന.