ഉന്നാവ്: ഉത്തർപ്രദേശിൽ രണ്ടുമാസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം മുന്മന്ത്രിയുടെ മകന്റെ പറമ്പിലെ സെപ്റ്റിക്ക് ടാങ്കിൽ കണ്ടെത്തി. എസ്‌പി നേതാവും മുന്മന്ത്രിയുമായ ഫത്തെ ബഹദൂർ സിങ്ങിന്റെ മകൻ രജോൾ സിംഗിന്റെ പറമ്പിലാണ് സംഭവം.മന്ത്രിയുടെ മകനെതിരെ പെണ്കുട്ടിയുടെ വീട്ടുകാർ നേരത്തെ തന്നെ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്ത് വന്നത്.

പ്രദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം 2021 ഡിസംബർ 8നാണ് യുവതിയെ കാംഷിറാം ചൗക്ക് ഏരിയയിൽ നിന്നും കാണാതായത്.തുടർന്ന് ഉന്നാവ് ജില്ലയിലെ കാബ്ബ കേദാ പ്രദേശത്തെ അശ്രമത്തിന് അടുത്തുള്ള ആളോഴിഞ്ഞ പറമ്പിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 22 വയസുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന കേസിൽ നേരത്തെ എസ്‌പി മുൻ മന്ത്രിയുടെ മകൻ രജോൾ സിംഗിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്ത് എത്തിയികുന്നു.

പരാതിയെത്തുടർന്ന് ഫെബ്രുവരി 4ന് പൊലീസ് രജോൾ സിംഗിനെ എട്ടുമണിക്കൂറോളം ചോദ്യം ചെയ്തു.ഇതിലൂടെയാണ് ഇയാളുടെ സഹായി സൂരജിലേക്കും അന്വേഷണം നീണ്ടത്.ഇയാളിൽ നിന്നാണ് രജോൾ കൊലപാതകം നടത്തിയെന്ന സൂചനയും, മൃതദേഹം ഒളിപ്പിച്ചയിടത്തെക്കുറിച്ചുള്ള സൂചനയും ലഭിച്ചത്. രജോൾ പെൺകുട്ടിയെ ആശ്രമത്തിലേക്ക് വിളിച്ചുവരുത്തുകയും സഹായികൾക്കൊപ്പം പെൺകുട്ടിയെ കൊലപ്പെടുത്തുകയുമായിരുന്നു, എന്നാണ് പൊലീസ് അസിസ്റ്റന്റ് കമ്മീഷ്ണർ ശശി ശേഖർ സിങ് പറയുന്നത്.

വ്യക്തമായ വിവരങ്ങളെ തുടർന്നാണ് മുൻ മന്ത്രി പുത്രന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പരിശോധിച്ചത് എന്നും. പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു.കഴുത്ത് ഞെരിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വെളിവാക്കുന്നത്. തലയിൽ മറ്റ് രണ്ട് മുറിവുകളും ഉണ്ട്.

അതേ സമയം കഴിഞ്ഞ ജനുവരി 24ന് പെൺകുട്ടിയുടെ അമ്മ ലഖ്‌നൗവിൽ അഖിലേഷ് യാദവിന്റെ വാഹനത്തിന് മുന്നിൽ നിന്ന് പ്രതിഷേധിച്ചത് വാർത്തയായിരുന്നു. ഇത് ബിജെപി നേതാക്കൾ അടക്കം ട്വീറ്റ് ചെയ്തിരുന്നു. 'രണ്ട് മാസത്തോളം പൊലീസ് നടത്തിയ അന്വേഷണം മകളുടെ മൃതദേഹമെങ്കിലും ലഭിച്ചു, കുറ്റവാളികളെ തൂക്കിക്കൊല്ലണം' പെൺകുട്ടിയുടെ അമ്മയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൂടാതെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും, കേസിന്റെ തുടക്കത്തിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഓഫീസറെ പിരിച്ചുവിടുകയും ചെയ്യണമെന്നും, അല്ലാതെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് അറിയിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.

അതേസമയം പ്രതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിഎസ്‌പി നേതാവ് മായാവതി രംഗത്ത് എത്തിയിട്ടുണ്ട്. വളരെ ഗൗരവമേറിയ കാര്യമാണ് ഇതെന്നാണ് മായവതി പ്രതികരിച്ചത്. സമാജ്വാദി പാർട്ടി നേതാവിന്റെ മകനെതിരെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന സംശയം വീട്ടുകാർ നേരത്തെ ഉന്നയിച്ചിരുന്നു. അതിനാൽ തന്നെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുത്ത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം മായാവതി ട്വീറ്റ് ചെയ്തു.