'What is important to me is not the word, but the pain and sorrow it represents'

- Sharan Kumar Limbale

ഹസ്രാബ്ദങ്ങളായി ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തിന്റെ പ്രമാണപത്രികകളായി കരുതപ്പെട്ടുപോരുന്ന എത്രയെങ്കിലും സമവാക്യങ്ങളുടെ ചരിത്രപരമായ അപനിർമ്മിതിയാണ് ദളിത്സാഹിത്യത്തിനു നിർവഹിക്കാനുള്ള പരമപ്രധാനമായ ഭാവുകത്വധർമം. കാരണം അത് സാമൂഹ്യശാസ്ത്രപരമെന്നതുപോലെതന്നെ സൗന്ദര്യശാസ്ത്രപരവുമായ ഒരു രാഷ്ട്രീയസമരത്തിന്റെ കൊടിപ്പടം നാട്ടലാണ് - പുറമ്പോക്കുകളിൽ നിന്ന് നടുമുറ്റങ്ങളിലേക്കു പടരുന്ന കറുപ്പിന്റെ കണ്ണീരുപ്പുചാലുകളാണ്. 'Satyam, Shivam, Sundaram is a foolish aesthetic concept' എന്ന ലിംബാളെയുടെ പ്രസ്താവന സൂചിപ്പിക്കുന്നതും ഇതുതന്നെ. ദളിത്സാഹിത്യത്തിന്റെ മൂല്യവും പ്രസക്തിയും നിലകൊള്ളുന്നത് അതു മുന്നോട്ടുവയ്ക്കുന്ന ജാതിജീവിതത്തിന്റെ ചുട്ടുപൊള്ളുന്ന ഭാവമണ്ഡലത്തിലാണ്. അല്ലാതെ സവർണസമ്മതി ലക്ഷ്യമിട്ടുള്ള രൂപനിർമ്മതിയിലല്ല. ആഖ്യാനത്തിന്റെ അടരടരായുള്ള ധ്വനിതലങ്ങളിലോ ഭാഷയുടെ പണ്ഡിതോചിതമായ പ്രയോഗവൈവിധ്യങ്ങളിലോ സാഹിത്യപാരമ്പര്യങ്ങളുടെ അനന്തവൈവിധ്യമാർന്ന രീതിപദ്ധതികളിലോ അല്ല, അനുഭവത്തിന്റെ അനന്യതയിലും ഭാഷണത്തിന്റെ നേരിലും ജീവിതത്തിന്റെ ചൂരിലുമാണ് ദളിത്സാഹിത്യത്തിന്റെ സാംസ്‌കാരികമൂലധനം കുടികൊള്ളുന്നത്. സവർണ്ണകാവ്യശാസ്ത്രങ്ങളുടെ സ്വച്ഛന്ദനിയമാവലികൾ കാറ്റിൽപറത്തി, വിലാപങ്ങളിൽ കലാപവും വാക്കുകളിൽ ഊക്കും നിറച്ച് ഭാവനയുടെ ആകാശങ്ങളെ അത് പ്രകമ്പനം കൊള്ളിക്കുന്നു. വരേണ്യലാവണ്യവാദികളേ, നിങ്ങളുടെ സൗന്ദര്യത്തിന്റെ അളവുപാത്രങ്ങളും ലാവണ്യത്തിന്റെ തൂക്കുകട്ടകളും കൊണ്ട് ഈ സാഹിത്യത്തിനു വിലയിട്ടുകളയാമെന്നു കരുതരുത്. ഇത് വേറൊരു സാഹിത്യമാണ്, ഭാവുകത്വമാണ്, ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ഇത് നിങ്ങളുടെ ദന്തഗോപുരകലാമണ്ഡലങ്ങൾ അടിപടലം കിടിലം കൊള്ളിച്ചുകഴിഞ്ഞു.

ദളിതരോടുള്ള രാഷ്ട്രീയാനുഭാവം മുൻനിർത്തി ഇതരസമുദായത്തിൽ നിന്നുള്ളവരെഴുതുന്ന സഹാനുഭൂതിസാഹിത്യമല്ല ദളിത്സാഹിത്യം. അത് ദളിതരെഴുതുന്ന, അവരുടെ തന്നെ അനുഭവസാക്ഷ്യങ്ങളും ജീവിതഭാഷ്യങ്ങളുമാണ്.

മലയാളത്തിലെ ദളിത്സാഹിത്യത്തിന്റെ കഥ നോക്കൂ. 'പുലയനുണ്ടോ ആത്മാവുള്ളു?' എന്ന ഇടിമുഴക്കം പോലുള്ള ചോദ്യത്തിലാരംഭിക്കുന്ന മിഷനറിനോവലുകളിലും 'കാണുന്നീലൊരക്ഷരവും എന്റെ വംശത്തെക്കുറിച്ച്' എന്ന് ക്ഷോഭിക്കുന്ന പൊയ്കയിൽ അപ്പച്ചന്റെ കവിതകളിലും നിന്ന് ഇക്കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകാലം കൊണ്ട് മലയാളത്തിലെ ദളിത്സാഹിത്യഭാവന എത്തിനിൽക്കുന്ന രാഷ്ട്രീയ-ലാവണ്യലോകത്തിന് പൊതുവിൽ ആറ് സന്ദർഭങ്ങളിലായി പന്ത്രണ്ട് ഭാവധാരകളാണുള്ളത്.

I. ദൈവശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായി ദളിത് ക്രൈസ്തവതയോടു സ്വീകരിക്കുന്ന സമീപനങ്ങളുടെ ഇരുധാരകളുടെ സന്ദർഭമാണ് ഒന്നാമത്തേത്. മുകളിൽ സൂചിപ്പിച്ചതുപോലെ, ഇതാണ് കേരളത്തിലെ ദളിത് ബൗദ്ധിക സാംസ്‌കാരിക ജീവിതത്തിന്റെ പ്രാരംഭഘട്ടത്തിലെ ഏറ്റവും വലിയ സന്ദിഗ്ദ്ധതകളിലൊന്ന്.

II. ഹിന്ദുമതത്തോടും ബ്രാഹ്മണ്യത്തോടും അംബേദ്കറും മറ്റും ഉന്നയിച്ച വിമർശനത്തിന്റെ പലവഴികളിലുള്ള യോജിപ്പുകളും വിയോജിപ്പുകളുമാണ് രണ്ടാമത്തെ സന്ദർഭം. പൊതുവിൽ ബ്രാഹ്മണ്യത്തെ ദളിത്ബൗദ്ധികലോകം ഏകപക്ഷീയമായി എതിർക്കുന്നുണ്ടെങ്കിലും ഹിന്ദുമതത്തിനു പുറത്തുകടക്കുക എന്ന നയത്തിൽ അവർ മിക്കവരും നിശ്ശബ്ദരാണ്.

III. മാർക്സിസത്തോടും വർഗസമൂഹസങ്കല്പത്തോടുമുള്ള ഇന്ത്യൻ/കേരളീയ ദളിത് നിലപാടുകളുടെ നിരന്തരസംഘർഷങ്ങളുടേതാണ് മൂന്നാമത്തെ സന്ദർഭം. മാർക്സിസത്തിന്റെ യൂറോകേന്ദ്രിത വർഗസങ്കല്പനം ഇന്ത്യൻ പശ്ചാത്തലത്തിൽ അപ്രസക്തമാണെന്നും ഇന്ത്യൻ സാമൂഹ്യയാഥാർഥ്യമായ ജാതിയെ മാർക്സിസത്തിനുൾക്കൊള്ളാനാവില്ല എന്നുമുള്ള വസ്തുത മുൻനിർത്തി ഈ രംഗത്തു നിലനിൽക്കുന്ന ആശയചർച്ചകളുടെ രണ്ടു ധാരകൾ ഇന്ത്യൻ/കേരളീയ ദളിത്പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ, സാഹിത്യ അബോധങ്ങളിൽ പ്രമുഖമാണ്.

IV. കൊളോണിയലിസം, നവോത്ഥാനം, അടിമത്തം, ദേശീയത, സ്വാതന്ത്ര്യം, വികസനം, ആസൂത്രണം, ഭൂപരിഷ്‌ക്കരണം, ജനാധിപത്യം എന്നിവതൊട്ട് ആഗോളവൽക്കരണം വരെയുള്ള ചരിത്ര/രാഷ്ട്രീയ/സാമൂഹ്യാനുഭവങ്ങൾ ദളിതരുടെ ജീവിതത്തിലും അവസ്ഥയിലും സൃഷ്ടിച്ച പ്രതീതികളെക്കുറിച്ചുള്ള ഭിന്നവീക്ഷണങ്ങളാണ് നാലാമത്തെ സന്ദർഭം. പൊതുസമുഹ/വരേണ്യജാതിവിഭാഗങ്ങൾക്ക് ഇവയോരോന്നിനോടുമുണ്ടായ സമീപനങ്ങൾക്ക് നേർ വിപരീതമായിരുന്നു ഈ മണ്ഡലങ്ങളിൽ രൂപംകൊണ്ട ദളിത്വിചാര/അനുഭവലോകം.

V. സാഹിത്യരചനയിൽ പൊതു/മുഖ്യധാരാ ഭാഷാവഴക്കങ്ങൾ പിൻപറ്റുന്നവരുടേതും സ്വജാതിഭാഷണശീലങ്ങൾ പുനഃസൃഷ്ടിക്കുന്നവരുടേതുമാണ് അടുത്ത രണ്ടു ധാരകൾ. നോവൽ, കവിത, കഥ എന്നീ മൂന്നു സാഹിത്യഗണങ്ങളിലും ഈ വൈവിധ്യം കാണാം.

VI. ദളിത്ജാതിസമൂഹവും ഇതര ജാതിസമൂഹങ്ങളും തമ്മിലുള്ള നാനാതരം ബാഹ്യവൈരുധ്യങ്ങളുടെ രാഷ്ട്രീയാവിഷ്‌ക്കാരമായി സാഹിത്യത്തെ കാണുന്നവരുടേതും, ദളിത്സമൂഹത്തിന്റെ ആന്തരവൈരുധ്യങ്ങളെ പ്രശ്നവൽക്കരിക്കുന്നവരുടേതും എന്ന മറ്റൊരു വിഭജനവും ഈ രംഗത്തു കാണാം.

പൊയ്കയിൽ അപ്പച്ചൻ, കെ.കെ.എസ്. ദാസ്, എസ്. ജോസഫ്, എം.ആർ. രേണുകുമാർ, എം.ബി. മനോജ്, ഡി. അനിൽകുമാർ, അശോകൻ മറയൂർ തുടങ്ങിയ കവികൾ; ടി.കെ.സി. വടുതല, പോൾചിറക്കരോട്, സി. അയ്യപ്പൻ, രാഘവൻ അത്തോളി, പി.എ. ഉത്തമൻ, രാജു കെ. വാസു, പ്രിൻസ് അയ്മനം തുടങ്ങിയ നോവൽ/കഥയെഴുത്തുകാർ; സി.കെ. ജാനു, എം. ഗീതാനന്ദൻ, സണ്ണി എം. കപിക്കാട്, സെലീന പ്രക്കാനം, കെ.കെ. ബാബുരാജ്, രേഖാരാജ് തുടങ്ങിയ സാമൂഹ്യപ്രവർത്തകർ/സാംസ്‌കാരിക വിമർശകർ; എം. കുഞ്ഞാമൻ, ടി.എം. യേശുദാസൻ, കെ.കെ. കൊച്ച്, പ്രദീപൻ പാമ്പിരികുന്ന്, കെ.എസ്. മാധവൻ, കെ.വി. ശശി തുടങ്ങിയ അക്കാദമിക/സാമൂഹ്യചിന്തകർ... കേരളീയ/മലയാള ദളിത് സാംസ്‌കാരികരംഗത്തെ ബൗദ്ധികമണ്ഡലം ഏതാണ്ടൊന്നടങ്കം ഏറിയും കുറഞ്ഞും മേല്പറഞ്ഞ മുഴുവൻ സന്ദർഭങ്ങളോടും സംഘർഷാത്മകവും സംവാദാത്മകവുമായി ഇടപെടുന്ന രീതികൾ ശ്രദ്ധിക്കൂ. കേരളീയ ദളിത്ചിന്തയുടെ സൂക്ഷ്മചരിത്രം തിരിച്ചറിയാം. സമ്പദ്ഘടന, വികസനം, ഭൂമിയുടെ ഉടമസ്ഥത, ജാതി, മതം, വർഗം, ലിംഗം തുടങ്ങിയ സാമൂഹിക സംഘർഷങ്ങൾ; വിദ്യാഭ്യാസം, വിജ്ഞാനം, ശാസ്ത്രം, യുക്തി, പൊതുമണ്ഡലം തുടങ്ങിയ സാംസ്‌കാരിക വ്യവഹാരങ്ങൾ; സാഹിത്യം, ഭാഷ, കല, മാധ്യമം, സാങ്കേതികത തുടങ്ങിയ വിനിമയപാഠങ്ങൾ എന്നിവയിലൊക്കെ ഈ ചരിത്രം പ്രവർത്തിച്ച ബലതന്ത്രങ്ങൾ നിരീക്ഷിക്കൂ. നമ്മുടെ ആധുനികതാപദ്ധതിയുടെ കാവ്യനീതികൾ എത്രമേൽ ദളിത്വിരുദ്ധമായിരുന്നു എന്നും തിരിച്ചറിയാം. ഈ പശ്ചാത്തലത്തിലാണ് മലയാളത്തിലെഴുതപ്പെട്ട ദളിത്സാഹിത്യമല്ലെങ്കിലും ശരൺകുമാർ ലിംബാളെയുടെ 'ദളിത് ബ്രാഹ്മണൻ' എന്ന കഥാസമാഹാരത്തിന്റെ വായന പ്രസക്തമാകുന്നത്.

പത്തുകഥകളാണ് ലിംബാളെയുടെ ഈ സമാഹാരത്തിലുള്ളത്. അംബേദ്ക്കറിസത്തിന്റെ സ്വാധീനത്തിൽ മറാത്തി ഭാഷയിലാണ് ദളിത്സാഹിത്യം ഇന്ത്യയിൽ ഏറ്റവും പ്രചാരം നേടിയത്. ഇരുപത്തെട്ടാം വയസ്സിലെഴുതിയ 'അക്കർമശി' എന്ന ആത്മകഥയാണ് ലിംബാളെയുടെ ഏറ്റവും പ്രസിദ്ധമായ കൃതി. തുടർന്ന് കഥകളും കവിതകളും നോവലുകളും ലേഖനങ്ങളും നിരന്തരമെഴുതിയ ലിംബാളെ ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും പ്രസിദ്ധനായ ദളിത്സാഹിത്യകാരനും അക്കാദമിക വിമർശകനുമാണ്. സാമ്പ്രദായിക/സവർണസാഹിതീയ മാതൃകകൾക്കും പാഠങ്ങൾക്കും പുറത്താണ് ലിംബാളെയുടെ കഥകളുടെയും നോവലുകളുടെയും കവിതകളുടെയും ലാവണ്യകല രൂപംകൊള്ളുന്നത് എന്നു പറയേണ്ടതില്ലല്ലോ. 'Towards an aesthetic of Dalit Literature' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം വെളിപ്പെടുത്തുന്ന നിലപാടുകളുടെ പാഠമാതൃകകളാണ് അവയോരോന്നും. 'ദളിത് ബ്രാഹ്മണ'നിലെ കഥകളും വ്യത്യസ്തമല്ല. ജാതിസമൂഹങ്ങളുടെ സംഘർഷാത്മകമായ അകംപുറങ്ങൾ, ദാരിദ്ര്യം, ജാതിഭ്രഷ്ട്, നിരക്ഷരത, അടിമത്തം, ലൈംഗികചൂഷണം, സാംസ്‌കാരികമൂലധനത്തിന്റെ അപാരമായ അഭാവം എന്നിങ്ങനെ ദളിതരെ ബഹിഷ്‌കൃതരും പാർശ്വവൽകൃതരും നിശ്ശബ്ദരുമാക്കി മാറ്റുന്ന അവസ്ഥകളോടുള്ള കലാപങ്ങളാണ് ലിംബാളെയുടെ കഥകൾ. ജാത്യധിഷ്ഠിത ജീവിതാനുഭവങ്ങളുടെ തീക്ഷ്ണവും ദുരിതപൂർണവുമായ ആവിഷ്‌ക്കാരങ്ങളെന്ന നിലയ്ക്കാണ് അവയുടെ കഥനകല ഭാവനചെയ്യപ്പെടുന്നത്. ഒപ്പം, ദളിതരുടെ കാമനകളും ശരീരവും സർഗാത്മകതയും നേരിടുന്ന അസാമാന്യമായ തിരസ്‌കാരങ്ങളെക്കുറിച്ചുള്ള വ്യഥകളും. കർതൃശേഷി കൈവരിക്കാൻ കഴിയാതെയും വ്യവസ്ഥകളെ തച്ചുടയ്ക്കാനാവാതെയും മിക്കപ്പോഴും പരാജയപ്പെടുകയും നിരായുധരാക്കപ്പെടുകയും അതുവഴി വിഫലമായിത്തീരുകയും ചെയ്യുന്ന നിശ്ശബ്ദയുദ്ധങ്ങൾ എന്നു വേണമെങ്കിൽ വിളിക്കാം അവയെ.

ആത്മകഥയുടെ ഏടുകൾ എന്നു തോന്നിപ്പിക്കുംവിധം സ്വാനുഭവനിഷ്ഠവും സുതാര്യവുമാണ് ഓരോ കഥയുടെ ആഖ്യാനം. പറച്ചിലാണ് എല്ലാ കഥകളുടെയും കലാപദ്ധതി. സമുദായത്തിന്റെ ഉള്ളിലും പുറത്തും ദളിതരനുഭവിക്കുന്ന സ്വത്വസംഘർഷങ്ങളാണ് മുഴുവൻ കഥകളുടെയും പ്രമേയം. സാമൂഹികമെന്നപോലെ വൈയക്തികവും ചരിത്രപരമെന്നപോലെ സമകാലികവും ഭൗതികമെന്നപോലെ ആത്മീയവും രാഷ്ട്രീയമെന്നപോലെ കാമനാഭരിതവുമാണ് ഈ കഥകളുടെ ഇതിവൃത്തം. സങ്കീർണമായ ഭാവതലങ്ങളോ ദുർഗ്രഹമായ രൂപഘടനയോ ഈ കഥകൾക്കില്ല. പകരം, അനന്യമായ ജീവിതബദ്ധവും അനുഭവപരതയും ആർജ്ജവവുംകൊണ്ട് ഈ കഥകൾ നിങ്ങളുടെ സാഹിത്യധാരണകളെയും സൗന്ദര്യഭാവനകളെയും ആസകലം അസ്വസ്ഥമാക്കും. ചരിത്രത്തിന്റെ ഒരു റോളർ കോസ്റ്റർ സഞ്ചാരത്തിലെന്നപോലെ ഈ കഥകളുടെ വായന നിങ്ങളുടെ ജീവിതസ്വസ്ഥതയുടെ കുടൽമാല കുടഞ്ഞുമറിക്കും. ഇന്ത്യൻ ദളിതരുടെ ഇനിയുമെഴുതപ്പെടാത്ത പതിനായിരക്കണക്കായ ദുരിതകാവ്യങ്ങളുടെ അനന്തപരമ്പരയിലേക്ക് ലിംബാളെ കണ്ണിചേർക്കുന്ന മഹാർജാതിയിൽപെട്ട മനുഷ്യരെക്കുറിച്ചുള്ള ഈ കഥകൾ വായിക്കൂ.

ഭഗവാന്റെ പോരാട്ടം സുൽത്താൻപൂരിലെ സദാശിവ് എന്ന മഹാർജാതിക്കാരന്റെ മകനും പട്ടാളക്കാരനുമായ ഭഗവാന്റെ കഥയാണ്. യുദ്ധത്തിൽ മുറിവേറ്റ് നാട്ടിലെത്തിയ ഭഗവാൻ, ജന്മിയും സവർണനുമായ ദേശ്മുഖിന്റെ അടിമയായി കഴിയാൻ ഇഷ്ടപ്പെട്ടില്ല. എന്നു മാത്രമല്ല തന്റെ പിതാവും സഹോദരിയും അയാളുടെ വീട്ടിൽ വേലയ്ക്കു പോകരുത് എന്നയാൾ വിലക്കുകയും ചെയ്തു. അവർ അതിനു വഴങ്ങുന്നില്ലെങ്കിലും സംഭവങ്ങൾ തകിടം മറിഞ്ഞത് വളരെ പെട്ടെന്നാണ്. തന്റെ സഹോദരി ദേശ്മുഖിന്റെ മകനിൽ നിന്ന് ഗർഭിണിയായി എന്നറിയുന്ന ഭഗവാൻ അവളെയും കൊണ്ട് ദേശ്മുഖിന്റെ വീട്ടിലെത്തി മരുമകളായി അവളെ സ്വീകരിക്കാൻ ദേശ്മുഖിനോടാവശ്യപ്പെടുന്നു. ജാതിവെറി മൂത്ത സവർണർ ഭഗവാനെ വേട്ടയാടുകമാത്രമല്ല അയാളുടെ ഭാര്യയെയും പിതാവിനെയും കത്തിച്ചുകൊല്ലുകയും ചെയ്തു. സഹോദരിയെ കാണാതായി. ചെറുത്തുനിന്ന ഭഗവാന്റെ കണ്ണുകൾ അവർ ചൂഴ്ന്നെടുത്തു. ഗ്രാമീണർ കാട്ടിലേക്ക് ഓടിപ്പോയി. ജാതിഗ്രാമങ്ങളിൽ നിന്ന് ഒരിക്കലും സവർണർക്കെതിരെ ഉയരാനിടയില്ലാത്ത ഒരു പ്രതിരോധത്തിന്റെ ഹാസ്യാനുകരണം പോലെ, അന്ധനായ ഭഗവാൻ സ്‌കൂൾകുട്ടികളെയും കൊണ്ടു നടത്തുന്ന ഒരു പരേഡിൽ കഥ അവസാനിക്കുന്നു.

ദളിതനായി ജനിച്ചുവെങ്കിലും ഉദ്യോഗം നേടി ജീവിതസാഹചര്യം മാറിയതോടെ സവർണർക്കിടയിൽ ജീവിക്കാനിഷ്ടപ്പെടുന്ന കഥാനായകൻ 'ദളിത് ബ്രാഹ്മണനാ'യി സ്വയം കരുതിത്തുടങ്ങുന്നു. ദളിത്പ്രസ്ഥാനത്തിൽ ഹിന്ദുത്വവാദികളുടെ സ്വാധീനം വർധിക്കുന്ന കാലം. സഹസ്രാബ്ദങ്ങളായി ജാതിവിവേചനം നടത്തിവന്ന ബ്രാഹ്മണരും സവർണരും തന്നെ ദളിത്സംരക്ഷണം ഏറ്റെടുക്കുന്നതോടെ അംബേദ്കറിസ്റ്റുകൾ എതിർപ്പുമായി രംഗത്തുവരുന്നു. ബ്രാഹ്മണനായ സമീർജോഷി സുഹൃത്തായിട്ടും ഒടുവിൽ ദളിതനായ ദിനേശ് കാംബ്ലെ തന്നെ വേണ്ടിവന്നു, നായകനെ അക്രമങ്ങളിൽനിന്നു രക്ഷിക്കാൻ.

മഹാർജാതിക്കാരനായ ഹണമ്യയുമായി ചങ്ങാത്തം സ്ഥാപിക്കുന്ന ലിംഗായത് ജാതിക്കാരനായ നായകന്റെയും കുടുംബത്തിന്റെയും കഥയാണ് 'ജാതിചോദിക്കരുത്'. ഹണമ്യയുടെ ജാതി, അയാളോടുള്ള സ്നേഹം മൂലം മറച്ചുവച്ചാണ് സ്വന്തം വീട്ടിൽ പോലും നായകൻ സുഹൃത്തിനെ കയറ്റുന്നത്. പക്ഷെ ഹണമ്യയുടെ രഹസ്യങ്ങൾ പുറത്താകാൻ അധികസമയം വേണ്ടിവന്നില്ല. രോഗാവസ്ഥയിൽ, അയാളുടെ രക്തം സ്വീകരിക്കാൻപോലും നായകന്റെ അമ്മ തയ്യാറാകുന്നില്ല. ഇന്ത്യൻ ഗ്രാമങ്ങളിൽ ജാതിക്ക് ചോരയെക്കാൾ കടുപ്പമുണ്ട് എന്നു തെളിയിച്ചുകൊണ്ട് കഥ അവസാനിക്കുന്നു.

ഇവയ്ക്കുപുറമെ, പശുരാഷ്ട്രീയത്തിന്റെ സമീപകാലസാഹചര്യങ്ങൾ ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന ജാതികലാപങ്ങൾ ചിത്രീകരിക്കുന്ന ഗോവധം; അദ്വാനിയുടെ രഥയാത്രയിൽ പങ്കെടുക്കുന്ന ഒരു കീഴാളന്റെ രാഷ്ട്രീയ, ജീവിതപരിണാമങ്ങൾ നാടകീയമായവതരിപ്പിക്കുന്ന 'രഥയാത്ര', ദളിത് കോളനികളിലെത്തുന്ന സാമൂഹ്യപ്രവർത്തകർക്കെതിരെ ദലിത് യുവാക്കൾ സംഘടിക്കുന്നതിന്റെ കഥപറയുന്ന 'മറുപടി ഇല്ല'; ആത്മകഥയെഴുതി ജനശ്രദ്ധയാകർഷിക്കാൻ ഒരു ദളിത് എഴുത്തുകാരൻ നടത്തുന്ന ശ്രമങ്ങളുടെ നർമ്മഭരിതവും അതേസമയംതന്നെ രാഷ്ട്രീയതീഷ്ണവുമായ ശ്രമങ്ങളുടെ വിവരണമായി മാറുന്ന 'ആത്മകഥ'; കൂടുതൽ രതിസുഖത്തിനായി ദളിത്യുവാവിനെ പ്രണയിക്കുകയും വീട്ടുകാരറിയുമ്പോൾ അയാളെ തള്ളിപ്പറയുകയും ചെയ്യുന്ന സവർണയും ജന്മിപുത്രിയുമായ യുവതിയുടെ കഥ പറയുന്ന 'നീചജാതി'; കോളേജധ്യാപകർക്കിടയിൽ നിലനിൽക്കുന്ന ജാതിവ്യത്യാസങ്ങളുടെയും അത് സൃഷ്ടിക്കുന്ന ചില പ്രണയ/രതിബന്ധങ്ങളിലെ വിചിത്രപരിണാമങ്ങളുടെയും കഥപറയുന്ന 'സുധ ഡിയർ'; ഗ്രാമത്തിൽ, രത്ന എന്ന കീഴാളയുവതിയുമായി പ്രണയത്തിലാകുന്ന നായകന്റെ ജീവിതത്തിലെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും സൂചിതമാകുന്ന 'രത്ന' എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

ഒന്നൊഴിയാതെ മുഴുവൻ രചനകളും മഹാർവിഭാഗത്തിൽപെട്ടവരെ കേന്ദ്രകഥാപാത്രങ്ങളാക്കുകയും തമ്മിൽ തമ്മിൽ ഭിന്നങ്ങളായ ജീവിതസാഹചര്യങ്ങളിലും സാമൂഹ്യപശ്ചാത്തലങ്ങളിലും നിന്ന് അവരുടെ ജാതിജീവിതത്തിന്റെ ചോരയും കണ്ണീരും വാക്കുകളിൽ ഒപ്പിയെടുക്കുകയും ചെയ്യുന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനുശേഷവും ബാബ്റിമസ്ജിദ് പ്രക്ഷോഭത്തിനൊപ്പവും 1980കളുടെ ഒടുവിലും 1990കളുടെ തുടക്കത്തിലും ഇന്ത്യയിൽ രൂപംകൊണ്ട ദളിതരുടെ ഹിന്ദുത്വവൽക്കരണത്തിന്റെ രാഷ്ട്രീയമാണ് ഈ കഥകളിൽ പലതിന്റെയും ചരിത്രപശ്ചാത്തലം. ഒരുവിഭാഗം ദളിതർക്കിടയിൽ വേരുപടർത്തുന്ന സവർണജാതികളുമായുള്ള സമീകരണത്തിന്റെ രാഷ്ട്രീയമാണ് വേറൊന്ന്. ആത്മകഥാപരമാണ് മിക്ക രചനകളുടെയും ആഖ്യാനകല. വ്യംഗ്യങ്ങളും ധ്വനികളും ശാഖാചംക്രമണങ്ങളുമില്ലാത്ത സുതാര്യമായ കഥപറച്ചിൽ. ആഴങ്ങളും മുഴക്കങ്ങളും സൃഷ്ടിക്കുന്ന അസാധാരണമായ ധ്വനിപാഠപരത സ്വന്തമായുള്ള സി. അയ്യപ്പന്റെ കഥകളുമായി, പ്രമേയതലത്തിലും രൂപതലത്തിലും സാമൂഹികതലത്തിലും രാഷ്ട്രീയതലത്തിലും ലിംബാളെകഥകൾക്കുള്ള ഉപരിതലസാമ്യം കാണാതിരിക്കാനാവില്ല.

നിശ്ചയമായും കേരളത്തിൽ ദളിതരോടുള്ള ജാതിവെറിയും വിവേചനവും ചൂഷണവും, പ്രത്യക്ഷവും പരോക്ഷവും പ്രച്ഛന്നവും പ്രതീകാത്മകവുമായ ഹിംസകളും വർഗീയതയുമായി സാമൂഹ്യാസ്തിത്വം നേടിക്കഴിഞ്ഞ യാഥാർഥ്യങ്ങളാണ്. എങ്കിലും ഇന്ത്യയിൽ മിക്കയിടങ്ങളിലുമുള്ളതുപോലെ സംഘടിതമായ ജാതികലാപങ്ങളും വംശഹത്യയോടടുക്കുന്ന കൂട്ടക്കൊലകളും തൊഴിലധിഷ്ഠിത ആവാസഇടങ്ങളും സാമൂഹ്യമതിലുകളും സാമ്പത്തികാടിമത്തവും പരസ്യമായ വിലക്കുകളും ലൈംഗികാതിക്രമങ്ങളും കേരളത്തിൽ അത്രമേൽ സാധാരണമല്ല. അതുകൊണ്ടുതന്നെ ലിംബാളെകഥകൾ പലതിന്റെയും പ്രത്യക്ഷജീവിതം നമ്മുടെ ജാതിസാമൂഹികതക്കു പുറത്താണ്-പക്ഷെ അല്പംപോലും നമുക്കപരിചിതമോ അവിശ്വസനീയമോ അല്ലതാനും. മഹാരാഷ്ട്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ, മധ്യ-ഉത്തരേന്ത്യയിൽ മുഖ്യമായും, നിലനിൽക്കുന്ന കൊടിയ ജാതിവൈരുധ്യങ്ങളുടെ കനൽപ്പാതകളിലൂടെയാണ് ലിംബാളെ തന്റെ കഥാപാത്രങ്ങളെ നഗ്‌നപാദരായി നടത്തുന്നത്. അതു സൃഷ്ടിക്കുന്ന പൊള്ളലും പിടച്ചിലും തന്നെയാണ് ഈ കഥകളുടെ ഭാവമൂല്യവും. എൻ.എം. സണ്ണിയുടെ വിവർത്തനം സൂക്ഷ്മരാഷ്ട്രീയചിഹ്നങ്ങളാൽ ഭാവസമ്പന്നവും വായനാക്ഷമവുമാണ്.

കഥയിൽനിന്ന്:-

'നീലുവും ഞാനും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. ഞങ്ങൾ എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ ഇപ്പോൾ കാണുമ്പോൾ എന്തോ ഒരു സംഘർഷം. അന്ന് അത്ര ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. ഞങ്ങൾ കണ്ടുമുട്ടുമ്പോൾ ഞങ്ങളുടെ ഹൃദയങ്ങളും കണ്ടുമുട്ടിയിരുന്നു. ഞങ്ങളുടെ ജാതിയെ കുറിച്ച് അപ്പോൾ ഓർമ്മ വന്നിരുന്നില്ല. അപ്പോൾ ജാതി ഒരു തടസ്സമായിരുന്നില്ല. അവൾ എന്റേതായിരുന്നു. അവൾ മറ്റാരുടെയുമായി മാറില്ല എന്ന വിശ്വാസമുണ്ടായിരുന്നു. എനിക്ക് അവളിലുള്ള അത്രയും അധികാരം അവളുടെ അച്ഛനോ അമ്മയ്ക്കോ, മതത്തിനോ ഇല്ലെന്ന് അവൾക്ക് വിശ്വാസമുണ്ടായിരുന്നു. ഞാൻ അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു. അവളുടെ മന്ദഹാസം എന്റെ ഓരോ അണുവിലും നിലാവ് വർഷിച്ചിരുന്നു. നീലു എന്റെ മടിയിൽ തലചായ്ച്ച് കിടന്നു. അവളുടെ സൗന്ദര്യത്തിൽ ഞാൻ സ്വയം മറന്നുപോയിരുന്നു. എന്നെപ്പോലെ ഒരു ദരിദ്രനോടൊപ്പം സുന്ദരിയായ ഒരു പെൺകുട്ടി ചേർന്നിരിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ആയിരക്കണക്കിനു വർഷങ്ങളായി അനേകം തലമുറകൾ നീലുവിന്റെ ജാതിയെ ഭയപ്പെട്ടിരുന്നു. നീലുവിന്റെ ജാതിക്കാർ ഞങ്ങളുടെ സ്പർശത്തെയും നിഴലിനെ പോലും അകറ്റിനിർത്തിയിരുന്നു. ഞങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി ഈ നിഴലിനും സ്പർശത്തിനും വേണ്ടി ദാഹിക്കുന്നവരാണ്.

ഒരു സവർണയുവതി എന്റെ കരവലയങ്ങളിലാണ് എന്നതിൽ എനിക്ക് അഭിമാനം തോന്നി. ഞാൻ അവളെ ആലിംഗനം ചെയ്യുന്നു. ഒരു സുന്ദരി എന്ന തരത്തിലോ, കാമുകി എന്ന അർത്ഥത്തിലോ മാത്രമല്ല, ഒരു ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീ എന്നോട് ഇത്രയും ചേർന്ന് ഇരിക്കുന്നു എന്നത് ഞാൻ അഭിമാനമായി കരുതി. ഈ കാഴ്ച എന്റെ പൂർവ്വികർ കാണേണ്ടതായിരുന്നു. ഇതിനെ കുറിച്ച് ചർച്ചകൾ നടക്കേണ്ടതാണ്. പ്രണയം വ്യക്തികളെ പരസ്പരം അടുപ്പിക്കും. ജാതിക്കോ മതത്തിനോ അതിനെ തടയാനാവില്ല. പ്രണയം ജാതി ഏതെന്ന് ചോദിക്കില്ല. പ്രണയം ജാതിയെ ഇല്ലാതാക്കും. എന്റെ ഹൃദയം ആനന്ദം കൊണ്ട് തുള്ളിച്ചാടി. നീലു എന്നോട് ഒട്ടിച്ചേർന്നിരുന്ന് വിശ്രമിച്ചു. ഞാൻ അടിമുതൽ മുടിവരെ അവളെ ചുംബിച്ചു. എനിക്ക് അവൾ പവിത്രമായി തോന്നി. ഞാൻ അവളെ പൂജിക്കുകയാണ്. ജാതി മഹത്വത്തിന്റെ ആയിരക്കണക്കിനു പടികൾ ചവിട്ടി അവൾ താഴം ഇറങ്ങി വന്നിരിക്കുന്നു. എന്റെ പാദങ്ങളെ അവൾ തീർത്ഥാടനസ്ഥാനമായി കാണുന്നു. ഞാൻ അവളെ അഗാധമായി സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അവളുടെ കാലുകൾ ഈശ്വരനെക്കാൾ ശ്രേഷ്ഠമായി കണക്കാക്കുന്നു. ഞാൻ അവളുടെ കാൽപ്പാദങ്ങൾ ചുംബിച്ചു. അവൾ ആനന്ദം കൊണ്ട് മതിമറന്നു പോയിരിക്കുന്നു. അവളുടെ നിരാവൃത ദേഹം ഏതോ മോഹിപ്പിക്കുന്ന സുന്ദരമൂർത്തിയെപ്പോലെ തോന്നി. അവളുടെ മനോഹരമായ മുടി, വത്താകാരമായ നിതംബങ്ങൾ, ആകർഷകമായ അരക്കെട്ട്, പൂമൊട്ടുകൾ പോലുള്ള ചുണ്ടുകൾ, സംഭോഗോത്സുകമായ കണ്ണുകൾ, ജന്മജന്മന്തരം ആ സൗന്ദര്യം നോക്കി ഇരുന്നു പോകും. എന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളോടു ചേർത്ത് വെച്ചു. എനിക്ക് സന്തോഷം കൊണ്ട് ഭ്രാന്തുപിടിച്ചു. അവളുടെ കണ്ണുകളിൽ സമുദ്രം അലയടിച്ചു.

ഞാൻ ഇന്ന് വളരെ സന്തോഷവതിയാണ്. ഇത്രത്തോളം സന്തോഷം എനിക്ക് ജീവിതത്തിൽ ഒരിക്കൽ പോലും ലഭിച്ചിട്ടില്ല. സെക്സിന് നിന്നെപ്പോലുള്ള ദളിത് യുവാക്കളാണ് നല്ലത്. നീ രസികനുമാണ്.

അവളുടെ വാക്കുകൾ സ്വപ്നം പോലെയായിരുന്നു. നിർവൃതിയുടെ തടാകത്തിൽ അവൾ സ്വയം മറന്നു. പക്ഷെ ഞാൻ എന്റെ സ്വത്വത്തെ തീവ്രമായി നേരിടുകയായിരുന്നു. ഒരിക്കൽ നീലുവിന്റെ അച്ഛൻ അതുപോലെ എന്തോ പറഞ്ഞു. ഇപ്പോഴും ആ വാക്കുകൾ ഓർമ്മ വരുന്നു. അപ്പോൾ ഞാനും നീലുവും അഞ്ചാം ക്ലാസ്സിലായിരുന്നു. ഞാൻ അമ്മയോടൊപ്പം നീലുവിന്റെ വീട്ടിൽ പോയതാണ്. അമ്മ നീലുവിന്റെ വീട്ടിൽ മുറ്റമടിച്ചിരുന്നു. കാലിത്തൊഴുത്ത് വൃത്തിയാക്കിയിരുന്നു. നീലുവിന്റെ അച്ഛൻ ചണ്ഡാള സ്ത്രീയോടു പറഞ്ഞു ഉറങ്ങാൻ ദളിത് സ്ത്രീകളാണ് നല്ലത്.

എനിക്ക് ഭ്രാന്തു പിടിച്ചു. നീലുവിനും നീലുവിന്റെ അച്ഛനും ഓരോ മാനസികാവസ്ഥയാണ്. ലൈംഗിക സുഖത്തിനു വേണ്ടിയാണ് അവർ ഞങ്ങളെ സ്നേഹിക്കുന്നത്. നീലുവിന്റെ അച്ഛൻ ജന്മിയുടെ അധികാരം ഉപയോഗിച്ച് വശത്താക്കുന്നു. നീലു സ്നേഹം നടിച്ച് കരവലയത്തിൽ ഒതുക്കുന്നു. ഞങ്ങൾ അത് പ്രണയമെന്ന് തെറ്റിദ്ധരിച്ച് വീണുപോകുന്നു. എന്റെ ഞരമ്പുകളിൽ രക്തം ഇരച്ചു കയറി. എന്റെ രക്തത്തിൽ നാഗം ഫണം വിടർത്തിയാടി. നീലുവിന്റെ നഗ്‌നമേനിയിൽ അത് ഇഴയാൻ തുടങ്ങി. അടിമുതൽ മുടി വരെ അവളുടെ ശരീരത്തിൽ തുപ്പണമെന്ന് തോന്നി. അവളുടെ നേരെ നോക്കുമ്പോൾ എനിക്ക് മൃതശരീരമാണ് ഓർമ്മ വരുന്നത്.

ഒരേ ഗ്രാമത്തിൽ നിന്ന് കോളേജിൽ പ്രവേശനം ലഭിച്ച രണ്ടു പേരാണ്. ഞങ്ങൾ, നീലുവും ഞാനും. കോളേജിൽ ഞങ്ങളുടെ പ്രണയം എല്ലാവരുടെയും ഇടയിൽ ചർച്ചയാണ്. ഞങ്ങളെ രണ്ട് പേരേയും ആളുകൾ പലവട്ടം ഒരുമിച്ച് കണ്ടിട്ടുണ്ട്. എന്റെയും നീലുവിന്റെയും പേരുരൾ ചുമരുകളിൽ എഴുതി വെച്ചിട്ടുണ്ട്. നീലു ഗർഭനിരോധന സാമഗ്രികൾ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് ഭയമേതും കൂടാതെ ഞങ്ങൾ സെക്സിലേർപ്പെട്ടിരുന്നു. നീലു ആനന്ദത്തിലാറാടി. അവൾ ബോധം കെട്ടതു പോലെ കിടന്നു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. പിന്നെ സാവധാനം അവളുടെ ശരീരത്തിലേക്ക് കണ്ണുകൾ തിരിഞ്ഞു. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ഞാൻ അവളുടെ നഗ്‌നശരീരത്തിലേക്ക് ഒരു ഷാൾ വലിച്ചിട്ടു'.

ദളിത് ബ്രാഹ്മണൻ
ശരൺകുമാർ ലിംബാളെ
വിവ: എൻ.എം. സണ്ണി
ബുക്കർ മീഡിയ പബ്ലിക്കേഷൻസ്
2021, 160 രൂപ.