അഹമ്മദാബാദ്: ദളിതർക്കെതിരെ ക്രൂരമായ പീഡനം നിരന്തരം അരങ്ങേറുന്ന ഗുജറാത്തിൽ നിന്ന് വീണ്ടും ഒരു ദളിതുകൊലപാതകം. കമ്പനി ഉടമയുടെ നിർദ്ദേശത്തെ തുടർന്ന് മുകേഷ് എന്ന ദളിത് യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു. രാജ്‌കോട്ടിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം പങ്കുവച്ചത് എംഎൽഎയും ദളിത് നേതാവും കൂടിയായ ജിഗ്നേഷ് മേവാനിയാണ്.

ഓടി രക്ഷപ്പെടാൻ സമ്മതിക്കാതെ കെട്ടിയിട്ട കയറിന്റെ അറ്റം വലിച്ചുപിടിച്ച് ഒരു അക്രമി പിടിച്ചുവച്ച യുവാവിനെ മറ്റൊരാൾ വലിയ വടികൊണ്ട് ക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. മർദനമേൽക്കുന്നയാൾ അതിദയനീയമായി കരഞ്ഞിട്ടും മർദനം നിർത്തുന്നില്ല. കയ്യുയർത്തി തടയാൻ ശ്രമിച്ചപ്പോൾ പിന്നീടൊരിക്കൽ കയ്യും തല്ലിയൊടിച്ചാണ് മർദ്ദനം തുടരുന്നത്. മർദ്ദകന് കൈ തളർന്നപ്പോൾ കരുത്തനായ മറ്റൊരാൾ കൂടെയെത്തി മർദ്ദനം തുടരുന്നത് ദൃശ്യങ്ങളിൽ കാണം. ഇത്തരത്തിൽ മർദ്ദമേറ്റ യുവാവ് മരിച്ചതായും കൂടെ മർദ്ദനമേറ്റ ഈ യുവാവിന്റെ ഭാര്യ ആശുപത്രിയിലാണെന്നും വ്യക്തമാക്കിയാണ് ജിഗ്നേഷ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ച്.

ജിഗ്‌നേഷ് മേവാനി ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്നുള്ള ഈ ഞെട്ടിക്കുന്ന വിഡിയോ പങ്കുവച്ചതോടെ ഇത് വലിയ ചർച്ചയായിരിക്കുകയാണ്. മുകേഷ് ജോലി ചെയ്തിരുന്ന ഫാക്ടറിയിലെ ജീവനക്കാരാണ് ഉടമയുടെ നിർദ്ദേശപ്രകാരം മർദിച്ചത്. മുകേഷിന്റെ ഭാര്യയ്ക്കും അതിക്രൂരമായ മർദനമേറ്റെന്ന് മേവാനി ട്വീറ്റ് ചെയ്തു. വിവിധ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടാണ് 'ഗുജറാത്ത് ദലിതർക്ക് സുരക്ഷിതമല്ല' എന്ന ഹാഷ്ടാഗോടെയുള്ള മേവാനിയുടെ ട്വീറ്റ്. വിഷയം ദേശീയതലത്തിൽ ചർച്ചയായി. വലിയ പ്രതിഷേധവും ഇതിനെതിരെ ഉയരുന്നു.

ന്യുഡൽഹി: രാജ്‌കോട്ട് ജില്ലയിലെ ഷാപർ വ്യവസായ മേഖലയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. അഞ്ച് പേർ ചേർന്ന് വാനിയയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കെട്ടിയിട്ടാണ് അടിച്ചത്. ഏറെ നേരം മർദ്ദിച്ചതിന്റെ ഫലമായിട്ടാണ് മരണം. ഗുജറാത്തിലെ ഫാക്ടറി ഉടമ, സഹായി എന്നിവരുൾ്‌പെടെയാണ് മർദ്ദിച്ചതെന്നാണ് വിവരം. ഉന സംഭവത്തേക്കാൾ നീചം എന്ന് പറഞ്ഞാണ് ജിഗ്നേഷ് മേവാനി രാവിലെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. പശുവിന്റെ തൊലി ഉരിഞ്ഞതിന്റെ പേരിൽ 2016ലാണ് നാലു ദലിതരെ ക്രൂരമായി മർദിച്ചത്. എന്ന ഹാഷ് ടാഗോട് കൂടിയാണ് മേവാനി വീഡിയോ പോസ്റ്റ് ചെയ്തത്.

'ഉന സംഭവത്തിൽ അവർ മർദനത്തിന് ഇരയാകുകയും അപമാനിക്കപെടുകയും ചെയ്തു. എന്നാലിവിടെ ജാതി അക്രമത്തിന്റെ പേരിൽ ഒരാളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടു. മുൻകാല പിഴവുകളിൽ നിന്ന് ഗുജറാത്ത് സർക്കാർ ഇതുവരെ പാഠം ഉൾകൊണ്ടിട്ടില്ല ' ജിഗ്നേഷ് മേവാനി ഫേസ്‌ബുക്കിലും കുറിച്ചു.

മോഷ്ടാക്കളെന്ന് കരുതിയാണ് മർദ്ദിച്ചതെന്ന് പ്രചാരണമുണ്ട്. എന്നാൽ പൊലീസ് ഇക്കാര്യം തള്ളി. കാരണം പ്രചരിക്കുന്ന വീഡിയോയിൽ മോഷ്ടക്കളാണെന്ന് തോന്നുന്ന ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്താണ് കൊലപാതകത്തിന് കാരണമെന്നും വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബോധം നഷ്ടപ്പെട്ടിട്ടും അക്രമികൾ യുവാവിനെ മർദ്ദിച്ചുകൊണ്ടിരുന്നു. ബന്ധുക്കൾ രാജ്‌കോട്ട് സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വാനിയ മരിച്ചത്. ആശുപത്രിയിൽ എത്തും മുമ്പെ യുവാവ് മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഷാപർ വെരാവൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഭാര്യ ജയ, മറ്റൊരു യുവതി സവിത എന്നിവർക്കൊപ്പം നിൽക്കുമ്പോഴാണ് വാനിയയെ അക്രമികൾ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരും ചേർന്ന് റഡാഡിയ വ്യവസായ സ്ഥാപനങ്ങളുടെ അടുത്ത് ആക്രി പെറുക്കുകയായിരുന്നു.

ഈ സമയമാണ് ഫാക്ടറിയിലെ മൂന്ന് തൊഴിലാളികൾ അതുവഴി വന്നത്. യുവതികളെ അഞ്ചു പേരും ചേർന്ന് ആദ്യം മർദിച്ചു. ബെൽറ്റ് കൊണ്ടാണ് അടിച്ചതെന്ന് ജയ നൽകിയ പരാതിയിൽ പറയുന്നു. അടി കൊണ്ട ജയയും സവിതയും ഓടി രക്ഷപ്പെടുകയായിരുന്നു.

യുവാവിനെ മർദ്ദിക്കുന്ന വീഡിയോ ജിഗ്നേഷ് മേവാനി ഉൾപ്പെടെയുള്ള പ്രമുഖർ പുറത്തുവിട്ടിട്ടുണ്ട്. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാക്ടറി മുതലാളിമാരാണ് കൊലപാതകത്തിന് പിന്നിലെന്ന് എംഎൽഎ ആരോപിച്ചു. കൊലപാതകത്തിൽ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതികളെ പിടികൂടാൻ ആദ്യം പൊലീസ് ശ്രമിച്ചിരുന്നില്ല. എന്നാൽ പ്രതികളെ പിടികൂടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ അറിയിച്ചതോടെയാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്. കുടുംബാംഗങ്ങൾ ആശുപത്രിക്ക് മുമ്പിൽ തമ്പടിച്ചു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.