കൊച്ചി: 'കല്യാണം കഴിഞ്ഞെത്തിയ ദിവസം വസ്ത്രം മാറാൻ ചേട്ടത്തിയമ്മയുടെ മുറിയിൽ കയറാൻ അവളെ അനുവദിച്ചില്ല. അവിടെ കൂടിയിരുന്നവർ പറഞ്ഞപ്പോഴാണ് അനുവാദം നൽകിയത്. മുറിയിൽ നിന്ന് ചീപ്പും ടർക്കിയും എടുത്തതിന് ചേട്ടത്തിയമ്മ അറപ്പോടെ പെരുമാറി. ഇനി ഇതെനിക്ക് വേണ്ടെന്ന് പറഞ്ഞ് അവർ വലിച്ചെറിഞ്ഞു. കാരണം അവളുടെ ജാതിയായിരുന്നു'-സാക്ഷര കേരളത്തെ ഈ ആരോപണങ്ങൾ ഞെട്ടിച്ചിരുന്നു. കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയിൽ നിറയുന്നത് ക്രൂര പീഡനമാണ്.

പ്രണയമായണ് വിവാഹത്തിലേക്ക് എത്തിയത്. എന്നിട്ടും പീഡനം. കേസിൽ ഭർത്താവും ഭർതൃമാതാവും അടക്കം മൂന്ന് പേർ അറസ്റ്റിലായി. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളത്തെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതിയുടെ മുന്നിലെ പുറമ്പോക്കിൽ കഴിയുന്ന സംഗീതയുടെ കുടുംബം നീതിക്കായുള്ള പോരാട്ടം ഇനിയും തുടരുമെന്ന് പറയുന്നു.

കഴിഞ്ഞ ജൂൺ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 2020 ലായിരുന്നു സുമേഷിന്റെയും സംഗീതയുടെയും വിവാഹം. സംഗീതയെ ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി വീട്ടുകാർ ആരോപിച്ചിരുന്നു. ഭർതൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കാണിച്ച് സംഗീതയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

'അവർ പ്രണയത്തിലായിരുന്നു. അവൻ വീട്ടിൽ വന്ന് ചോദിച്ചാണ് വിവാഹം കഴിച്ചത്. സ്ത്രീധനം നൽകാൻ ഉണ്ടായിരുന്നില്ല. അവൻ ഉയർന്ന ജാതിയും അവൾ താഴ്ന്ന ജാതിയുമായത് വലിയ പ്രശ്‌നമായി. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ ജാതി പറഞ്ഞ് അപമാനിക്കാൻ തുടങ്ങി. ചേട്ടന്റെ ഭാര്യയും ഭർത്താവിന്റെ അമ്മയും ഒരുപാട് അപമാനിച്ചു. ക്രൂരത കാട്ടി-ഇതായിരുന്നു സംഗീതയുടെ കുടുംബത്തിന്റെ ആരോപണം.

സ്ത്രീധനം കൊണ്ടുവന്നില്ലെന്ന് പറഞ്ഞ് കസേരയിൽ ഇരിക്കാൻ പോലും അനുവദിച്ചിട്ടില്ല. അവൾക്ക് കഴിക്കാൻ പ്രത്യേക ഗ്ലാസും പ്ലേറ്റും ഉണ്ടായിരുന്നു. ഗർഭിണിയായപ്പോഴും പ്രസവത്തോടെ കുഞ്ഞു മരിച്ചപ്പോഴും അവൾ നേരിട്ടത് വല്ലാത്ത ക്രൂരതകളാണ്. കുഞ്ഞിന്റെ മൃതദേഹം പോലും അവർ വീട്ടിൽ കയറ്റിയില്ല. ഈ കുടുംബത്തിൽ ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് താഴ്ന്ന ജാതിയിൽപെട്ട സ്ത്രീയിൽ ആയല്ലോ എന്നാണ് ഭർത്താവിന്റെ അമ്മ പറഞ്ഞത്.' കുടുംബം ആരോപിക്കുന്നു.

പ്രണയത്തിനൊടുവിൽ 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്. രണ്ടാഴ്ച പിന്നിടും മുൻപേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങി. ശാരീരിക ഉപദ്രവങ്ങൾക്ക് പുറമേ ശാരീരിക പീഡനം. സ്ത്രീധനം ലഭിച്ചില്ലെങ്കിൽ ബന്ധം വേർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുമേഷ്, സംഗീതയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. പരാതി നൽകിയെങ്കിലും പൊലീസ് സംഗീതയെ സുമേഷിനോടൊപ്പം അയച്ചു. വീട്ടിലെത്തിയ സംഗീത തൂങ്ങിമരിക്കുകയായിരുന്നു.

പിന്നോക്ക സമുദായ അംഗമായ സംഗീതയെ ഉൾക്കൊള്ളാൻ ഈഴവ സമുദായത്തിൽപ്പെട്ട സുമേഷിന്റെ വീട്ടുകാർ തയ്യാറായിരുന്നില്ലെന്നതാണ് പ്രശ്‌നത്തിന്റെ മൂല കാരണം. പിന്നീട്, സുമേഷും സംഗീതയും കൊച്ചിയിലെ വാടകവീട്ടിലേക്ക് താമസം മാറിയെങ്കിലും സ്ത്രീധനത്തിന്റെ പേരിൽ സമ്മർദ്ദം തുടർന്നു. സ്ത്രീധനം തന്നില്ലെങ്കിൽ ബന്ധം വിട്ടൊഴിയുമെന്നായിരുന്നു സുമേഷിന്റെ ഭീഷണി. ഇതിനിടയിൽ സംഗീത ഗർഭിണിയായി. എന്നാൽ ഗർഭാവസ്ഥയിൽ അഞ്ചാം മാസത്തിൽ കുഞ്ഞ് മരിച്ചു. ഇതോടെ സുമേഷിന്റ വീട്ടുകാരുടെ ഭാഗത്ത് നിന്നും അധിക്ഷേപം വർധിച്ചു. ഒടുവിൽ സഹിക്കവയ്യാതെ ഒരു സാരിത്തുമ്പിൽ സംഗീത ജീവനൊടുക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന സുമേഷ് സംഗീതയെ രക്ഷിച്ചില്ലെന്നും വിവരം മറച്ചുവച്ചുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തെങ്കിലും 40 ദിവസമായിട്ടും സുമേഷിനെ പിടികൂടിയില്ല. പ്രതി ഒളിവില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുംപൊലീസ് വിശദീകരിച്ചു. ഒടുവിൽ അറസ്റ്റും.