ഭോപ്പാൽ: എത്രകണ്ട് മാറിയെന്ന് പറയുമ്പോഴും ജാതിക്കൊലകളും ദുരഭിമാനഹത്യകളും ഇടക്കിടെ ഉത്തരേന്ത്യക്ക് കളങ്കമാവാറുണ്ട്. ഡെറാഡൂണിലെ ഒരു വിവാഹത്തിൽ മേൽ ജാതിക്കാർക്ക് മുന്നിൽ ഇരുന്ന് ഭക്ഷണം കഴിച്ചതിന് 21 കാരനായ ദളിത് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഇതാ മധ്യപ്രദേശിൽനിന്ന് മറ്റൊരു ദുരനുഭവം കൂടി. മധ്യപ്രദേശിലെ ഛത്തർപൂരിൽ വിരുന്നിൽ വിളമ്പാൻ വെച്ച ഭക്ഷണം തൊട്ടതിന്റെ പേരിലാണ് 25 കാരനായ ദളിത് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. സവർണ ജാതിയിൽപ്പെട്ട രണ്ടുപേരാണ് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.

കിഷാൻപൂർ ഗ്രാമത്തിൽ നടന്ന ഒരു സൽക്കാരത്തിനിടെയായിരുന്നു സംഭവം. പാർട്ടി നടന്ന സ്ഥലം വൃത്തിയാക്കാനായിട്ടാണ് ദളിത് യുവാവായ ദേവരാജ് അനുരാഗിയെ പ്രതികളായ ഭൂര സോണിയും സന്തോഷ് പാലും വിളിച്ചത്.എന്നാൽ സത്ക്കാരത്തിന് എത്തിയവർക്ക് ദേവരാജ് ഭക്ഷണം വിളമ്പി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഭൂര സോണിയും സന്തോഷ് പാലും അവിടേക്ക് എത്തുകയും ദേവരാജിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ ദേവരാജ് കൊല്ലപ്പെട്ടു. സംഭവശേഷം പ്രതികൾ ഒളിവിൽ പോകുകയും ചെയ്തു. പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ഛത്തർപൂർ എസ്‌പി സച്ചിൻ ശർമ പറഞ്ഞു.

ദളിതർക്കെതിരായി നടക്കുന്ന അതിക്രമങ്ങളിൽ വലിയ വർധനവാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഡെറാഡൂണിലും സമാനമായ സംഭവം നടന്നിരുന്നു.