പാലക്കാട്: കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ കേസിൽ പ്രതിചേർക്കപ്പെട്ട ദളിത് യുവാവ് തൂങ്ങിമരിച്ചു. പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. പാലക്കാട് പള്ളത്തേരി സ്വദേശി സന്തോഷാണ് ചൊവ്വാഴ്‌ച്ച ഉച്ചയോടെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചത്. കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞ കേസിൽ പ്രതിയാണ് സന്തോഷ് എന്ന് പൊലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം സന്തോഷ് അടക്കമുള്ള നാല് പേരെ കസബ പൊലീസ് വിളിപ്പിച്ചിരുന്നു. ബസ്സിന് കേടുപാട് വരുത്തിയതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമായി 60,000 രൂപ അടക്കാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവർ പണം നൽകിയെങ്കിലും സന്തോഷ് പൊലീസിനോട് സാവകാശം ചോദിച്ചു. ഇത് അംഗീകരിക്കാതെ ചൊവ്വാഴ്ച മൂന്ന് മണിക്ക് മുമ്പായി പണം അടക്കാൻ പൊലീസ് ആവശ്യപ്പെട്ടുവെന്നും അറസ്റ്റ് ഭയന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

പണമടച്ചില്ലെങ്കിൽ വീട്ടിലെത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് സന്തോഷിനെ ഭീഷണിപ്പെടുത്തിയെന്നും ഇതിൽ മനം നൊന്താണ് ആത്മഹത്യയെന്നുമാണ് ആരോപണം ഉയർന്നിട്ടുള്ളത്. സംഭവത്തെ തുടർന്ന് പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സന്തോഷിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ നാട്ടുകാർ അനുവദിച്ചില്ല. പാലക്കാട്-പൊള്ളാച്ചി ദേശീയപാതയും നാട്ടുകാർ ഉപരോധിച്ചു.

പിന്നീട് കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്ന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഉറപ്പുലഭിച്ചതിനെ തുടർന്നാണ് ഇൻക്വസ്റ്റിന് നാട്ടുകാർ പൊലീസിനെ അനുവദിച്ചത്. കസബ സ്റ്റേഷനിലെ എഎസ്‌ഐക്ക് എതിരെയാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. കേസിലെ മറ്റു പ്രതികളേയും എഎസ്‌ഐ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. ദളിത് യുവാവിന്റെ ആത്മഹത്യക്ക് കാരണമായവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി-യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ കസബ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.