ഡാളസ് : ഇന്ത്യയിൽ കോവിഡ് മഹാമാരിയാൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനു ഡാളസ് കൗണ്ടി മേയർ എറിക്ക് ജോൺസൺ ഒരു മില്യൻ ഡോളറിന്റെ പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് ഇന്ത്യയിലേക്ക് അയക്കുമെന്ന് മെയ് 18 ചൊവാഴ്ച ഒരു പ്രസ്താവനയിലൂടെ അറിയിച്ചു .

ഇന്ത്യയിലെ ജയ്പൂർ മേഖലയിലേക്കാണ് പിപിഇ കിറ്റ് അയയ്ക്കുന്നതെന്നും തന്റെ ഓഫീസും നോൺ പ്രോഫിറ്റ് ഡാലസ് ഫൗണ്ടേഷനും സഹകരിച്ചാണ് ഇത്രയും സംഖ്യ സമാഹരിക്കുന്നതെന്നും മേയർ പറഞ്ഞു. കൂടുതൽ സംഭാവനകൾ ലഭിക്കുകയാണെങ്കിൽ കൂടുതൽ ഉപകരണങ്ങൾ അയയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തുകൊണ്ട് ജയ്പൂർ തിരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സിറ്റിയിൽ പത്താം സ്ഥാനത്താണ് ജയ്പൂരെന്നും, ഇങ്ങനെയൊരു ധാരണ രണ്ടു സിറ്റികളും തമ്മിൽ ഉണ്ടാക്കുന്നതിന് ജയ്പൂരിൽ നിന്നുള്ള അരുൺ അഗർവാളാണ് (ഡാലസ് പാർക്ക് ആൻഡ് റിക്രിയേഷൻ ബോർഡ് മെമ്പർ) നേതൃത്വം നൽകിയതെന്നും ഡാലസ് സിറ്റി മേയർ എറിക് ജോൺസൺ പറഞ്ഞു. ആഗോളതലത്തിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് ഡാളസ് സിറ്റി സുപ്രധാന പങ്കുവഹിക്കുന്നുവെന്നത് മറ്റുള്ളവർക്ക് പ്രചോദനം നൽകുമെന്ന് വിശ്വസിക്കുന്നതായി മേയർ പറഞ്ഞു.

ചൊവാഴ്ച ലഭ്യമായ കണക്കുകൾ അനുസരിച്ച് 25 മില്യണിലധികം കോവിഡ് കേസുകളും 2,79000 മരണവും നടന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4000 പേരാണ് ഇന്ത്യയിൽ കോവിഡ് രോഗം മൂലം മരിച്ചത്. അമേരിക്കയിൽ 33 മില്യൺ കോവിഡ് രോഗികളും 580000 മരണവും ഇതുവരെ സംഭവിച്ചിട്ടുണ്ട്.