ഡാലസ്: ഡാലസിൽ ഒക്ടോബർ 22-ന് കാണാതായ മൾട്ടി നാഷണൽ പ്രൊഫഷണൽ സർവീസ് നെറ്റ് വർക്ക് മാനേജിങ് ഡയറക്ടർ ജെയിംസ് അലൻ വൈറ്റിനെ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ അന്വേഷണത്തിനുതകുന്ന എന്തെങ്കിലും സൂചനകൾ നൽകുന്നവർക്കുള്ള പ്രതിഫലം 20,000 ഡോളറായി (ഒന്നരക്കോടി രൂപ) ഉയർത്തിയതായി അധികൃതർ അറിയിച്ചു. നവംബർ 22-നാണ് ഇതുസംബന്ധിച്ച അറിയിപ്പുണ്ടായത്.

ഒക്ടോബർ 22-ന് വൈകിട്ട് 4.40-ന് അലൻ വൈറ്റും, ഭാര്യ റസ്റ്റി ജങ്കിങ്സും ഒരുമിച്ചാണ് വ്യത്യസ്ത ജിമ്മുകളിലേക്ക് വീട്ടിൽ നിന്നും പുറപ്പെട്ടത്. അലൻ ഡാളസ് ഹാൻകൽ അവന്യൂവിലുള്ള എൽ.എ ഫിറ്റ്സ് സെന്ററിൽ നിന്നും പുറത്തിറങ്ങി ഇൻഡസ് റോഡിനും, മേപ്പിൾ അവന്യൂവിനും ഇടയിലുള്ള റേസ് ട്രാക്ക് ഗ്യാസ് സ്റ്റേഷനിൽ നിന്നും പുറത്തുവരുന്നതാണ് സെക്യൂരിറ്റി കാമറകളിൽ കണ്ടെത്തിയത്. ജിമ്മിൽ നിന്നും സാധാരണ ആറരയോടെ വീട്ടിൽ വരാറുള്ള അലനെ കാണാത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

വൈകിട്ട് 7 മണിക്ക് കമ്പനിയുടെ കോൺഫറൻസ് കോളിൽ പങ്കെടുക്കേണ്ട അലനെ റേസ് ട്രാക്കിൽ നിന്നും വീട്ടിലേക്കുള്ള ഒരുമൈൽ ദൂരത്തിനിടയ്ക്കാണ് കാണാതാകുന്നത്.

കാണാതായതിനു ഒരാഴ്ചയ്ക്കുശേഷം ഇദ്ദേഹം ഓടിച്ചിരുന്ന എസ്.യു.വി ബോണിവ്യൂ റോഡിൽ നിന്നും കണ്ടെത്തിയിരുന്നു. വാഹനത്തിന് കേടുപാടുകളോ, അതിക്രമം നടന്നതിന്റേയോ അടയാളങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. അലന്റെ ജീവൻ അപകടത്തിലാണെന്ന് കണ്ടെത്തിയതിനാൽ അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഡാളസ് പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.