മാമിലെ പ്രധാന മൊബൈൽ സൂഖുകളിലൊന്നായ അൽമിറ കെട്ടിടത്തിൽ തീപിടുത്തം. മലയാളികളുടേത് ഉൾപ്പെടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ നഷ്ടമുണ്ടായതായാണ് പ്രഥമിക റിപ്പോർട്ട്. നഗരത്തിലെ പ്രധാന മൊബൈൽ സൂഖുകളിലൊന്നാണ് ഇവിടെ പ്രവർത്തിക്കുന്നത്.

നഗരത്തിലെ പ്രധാന മൊബൈൽ മൊത്ത വിതരണക്കാരായ 'സീറോ ഫൈവ് സീറോ' എന്ന സ്ഥാപനം പൂർണമായും അഗ്‌നി വിഴുങ്ങി. മലപ്പുറം വേങ്ങര സ്വദേശികളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ മാത്രം ലക്ഷങ്ങളുടെ സാധനങ്ങളാണ് കത്തിപ്പോയത്. മലയാളി മനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന റോയൽ സൂപ്പർമാർക്കറ്റ്, സ്‌കൈനെറ്റ് മൊബൈൽ ഷോപ്പ്, ബി.പി.എൽ കാർഗോ, നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വദേശി തുണിക്കടകളിലൊന്നായ ഖലീഫ ഫാബ്രിക്‌സ്, നിരവധി മൊബൈൽ ഷോപ്പുകൾ എന്നിവയെല്ലാം കെട്ടിടത്തിലുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരിൽ പലരും കെട്ടിടത്തിന്റെ മുകളിൽ തന്നെയാണ് താമസിക്കുന്നത്.

ഉച്ച വിശ്രമത്തിന് കടയടച്ച സമയത്താണ് തീ പടർന്നത്.താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്നവരെ സിവിൽ ഡിഫൻസ് ക്രെയിനിലാണ് താഴേക്കിറക്കിയത്. ഈ കെട്ടിടത്തിന് സമീപത്തെ ബ്‌ളാങ്കറ്റുകളുടെ കടകളിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

കെട്ടിടത്തിൽ നിന്നുയർന്ന കറുത്ത പുക പലരിലും കണ്ണെരിച്ചിലിനും ശ്വാസ തടസ്സത്തിനും കാരണമായി. നഗരത്തിൽ കിലോ മീറ്റർ ചുറ്റളവിൽ പുക പടർന്നു. പരിസരത്തുള്ള കടകളെല്ലാം അധികൃതർ അടച്ചിട്ടു. ഈ ഭാഗത്തു കൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതിനാൽ സീകോ ബിൽഡിങ് പരിസരത്ത് വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.