ന്യൂഡൽഹി: ദാമൻ ദ്യുവിൽ ഇനി ഓഫീസ് പ്രണയങ്ങൾക്ക് അവധി കൊടുക്കാം. സഹോദര സ്‌നേഹം ഊട്ടിയുറപ്പിക്കാൻ സർക്കാർ ഓഫീസുകളിൽ ഈ മാസം 7 ന് രക്ഷാബന്ധൻ നിർബന്ധമായി ആഘോഷിക്കണമെന്ന് ഭരണകൂടം ഉത്തരവിട്ടു. ആ ദിവസം എല്ലാ സർക്കാർ ഓഫീസുകളും തുറന്നിരിക്കണമെന്ന് മാത്രമല്ല, എല്ലാവരുമൊന്നിച്ച് രക്ഷാബന്ധൻ ആഘോഷിക്കുകയും വേണം. വനിത ജീവനക്കാർ പുരുഷ ജീവനക്കാരുടെ കൈയിൽ രാഖി കെട്ടണമെന്നും സർക്കുലറിൽ പറയുന്നു. പഴ്‌സണേൽ മന്ത്രാലയം ഡപ്യൂട്ടി സെക്രട്ടറി ഗുർപ്രീത് സിംഗാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.

എല്ലാ മതവിശ്വാസത്തിൽ പെട്ട ജീവനക്കാർക്കും ഉത്തരവ് ബാധകമാണോയെന്ന് വ്യക്തമല്ല. അതേസമയം എല്ലാ ജീവനക്കാരും ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ അടുത്ത ദിവസം ഹാജർ റിപ്പോർട്ട് സർക്കാരിന് അയയ്ക്കണമെന്നും നിർദ്ദേശമുണ്ട്.എന്നാൽ സർക്കുലറിനെതിരെ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധവും ഉയർന്നിരിക്കുകയാണ്. രാഖി കെട്ടണമെന്ന് സർക്കാരിന് എങ്ങനെയാണ് നിഷ്‌കർഷിക്കാൻ കഴിയുകയെന്നും, ജോലി സ്ഥലത്ത് പ്രൊഫഷണലിസം പാലിക്കണമെന്നും ചില ജീവനക്കാർ അഭിപ്രായപ്പെട്ടു.

ദാമൻ ദിയു ഭരണാധികാരി പ്രഫുൽ ഖോദാഭായി പട്ടേലിന്റെ പേരിലാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. സർക്കുലറിനെ കുറിച്ച് പ്രതികരിക്കാൻ പട്ടേൽ തയ്യാറായില്ല. ബിജെപി കേന്ദ്രഭരണത്തിലെത്തിയതിനെ തുടർന്ന്, രക്ഷാബന്ധന് ദേശീയ പ്രാധാന്യമുണ്ടെന്നും, ഹിന്ദുസംസ്‌കാരവും, മൂല്യങ്ങളും സംരക്ഷിക്കാൻ അത് ആഘോഷിക്കണമെന്നും രാഷ്ട്രീയ സ്വയം സേവക സംഘം തലവൻ മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം കേന്ദ്രത്തിലെ വനിതാ മന്ത്രിമാർ അതിർത്തിയിൽ സൈനികരോടൊപ്പമാണ് രക്ഷാബന്ധൻ ആഘോഷിച്ചത്.