വാഷിങ്ടൻ: ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തിൽ 'ഞെട്ടൽ' രേഖപ്പെടുത്തി അമേരിക്കയുടെ ദേശീയ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഡാൻ കോട്‌സ്. അമേരിക്ക പോലും റോക്കറ്റ് വിക്ഷേപണത്തിന് ഇന്ത്യൻ റോക്കറ്റ് ഉപയോഗിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഐ എസ് ആർ ഒയുടെ നേട്ടങ്ങൾ ബഹിരാകാശ ശാസ്ത്രത്തിൽ അമേരിക്കയെ പോലും പിന്തള്ളുകയാണ്. ഈ സാഹചര്യത്തിലാണ് കോട്‌സിന്റെ പ്രതികരണം.

ഇന്ത്യയുടെ ഈ പരീക്ഷണം തന്നെ അദ്ഭുതപ്പെടുത്തിയതായി ഡാൻ കോട്‌സ് പറഞ്ഞു. ഈ മേഖലയിൽ അമേരിക്ക മറ്റു രാജ്യങ്ങൾക്ക് താഴെ പോകുന്നത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഡാൻ കോട്‌സ് വ്യക്തമാക്കി ദേശീയ ഇന്റലിജൻസിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാളെന്ന നിലയിൽ സെനറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ പരീക്ഷണം തന്നെ അദ്ഭുതപ്പെടുത്തിയതായി മുൻ സെനറ്റർ കൂടിയായ ഡാൻ കോട്‌സ് വ്യക്തമാക്കിയത്.

ഒറ്റ റോക്കറ്റ് ഉപയോഗിച്ച് നൂറിലധികം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണം വിജയം അക്ഷരാർഥത്തിൽ ഞെട്ടിച്ചുവെന്നായിരുന്നു പ്രതികരമം. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങൾ ഉൾപ്പടെ ആറു വിദേശ രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങളാണ് വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവിസി 37 ഉപയോഗിച്ചു വിക്ഷേപിച്ചത്. ഇതോടെ, ഒറ്റയടിക്ക് ഏറ്റവും കൂടുതൽ ഉപഗ്രങ്ങൾ വിക്ഷേപിച്ച രാജ്യമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

മുൻപ് റഷ്യൻ ബഹിരാകാശ ഏജൻസി ഒറ്റയടിക്ക് 37 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചതായിരുന്നു നിലവിലുള്ള റെക്കോർഡ്. കഴിഞ്ഞ വർഷം 20 ഉപഗ്രങ്ങൾ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഇതിനു പുറമെ രണ്ടു ഓർബിറ്റിൽ ഉപഗ്രഹങ്ങൾ എത്തിക്കുന്നതിലും ഐഎസ്ആർഒ വിജയിച്ചു. യുഎസ്, ഇസ്രയേൽ, കസഖ്സ്ഥാൻ, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, യുഎഇ എന്നീ വിദേശരാജ്യങ്ങളുടെ ഉപഗ്രങ്ങളാണ് വിക്ഷേപിച്ചത്. ഇതിൽ 96 എണ്ണം യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതാണ്.

ഇതോടെ ബഹിരാകാശ രംഗത്ത് ഡൊണാൾഡ് ട്രംപ് ഭരണകൂടം കൂടുതൽ മുൻഗണന നൽകാനുള്ള സാധ്യതയാണ് കാണുന്നത്. ഉപഗ്രഹവിക്ഷേപണത്തിന് ഇന്ത്യൻ സഹായം തേടുന്നതും അവസാനിപ്പിച്ചേക്കും.