രോഗിയെ ഓപ്പറേഷന് കിടത്തിയാൽ സാധാരണ ഡോക്ടർമാർക്കും നഴ്സുമാർക്കും അത് കഴിയുന്നത് വരെ ഇരിക്കപ്പൊറുതിയില്ലാത്ത വെപ്രാളമായിരിക്കും. എന്നാൽ തങ്ങൾ അങ്ങനെയല്ലെന്നും ആ സമയത്തും പരമാവധി ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് ചെയ്യുകയെന്നുമാണ് കൊളംബിയയിലെ ബൊളിവറിലുള്ള സാന്താ ക്രൂസ് ഡി ബോകാഗ്രാൻഡെ ക്ലിനിക്കിലുള്ള ഒരു പറ്റം ഡോക്ടർമാരും നഴ്സുമാരും തെളിയിച്ചിരിക്കുന്നത്. ഇവിടെ ഓപ്പറേഷൻ ടേബിളിൽ പൂർണ നഗ്‌നയായി രോഗി കിടക്കുമ്പോൾ യൂണിഫോം അണിഞ്ഞ നഴ്സുമാരും ഡോക്ടർമാരും ചുറ്റിനും നൃത്തം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർതത്തി സഹപ്രവർത്തകർ രംഗത്തിന് കൊഴുപ്പേകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് അഞ്ച് മെഡിക്കൽ ജീവനക്കാർക്ക് സസ്പെൻഷൻ ലഭിച്ചിട്ടുമുണ്ട്.

ഇവിടെ രോഗി പൂർണനഗ്‌നയായി അബോധാവസ്ഥയിൽ ഓപ്പറേഷൻ ടേബിളിൽ ഓപ്പറേഷൻ കാത്ത് കിടക്കവെയാണ് ഇവർ ഉത്തരവാദിത്വമില്ലാതെ നൃത്തം ചെയ്തിരിക്കുന്നത്. ഈ ഓപ്പറേഷൻ സംഘത്തിൽ പെട്ട ഒരാൾ തന്നെയാണീ വീഡിയോ പകർത്തിയിരിക്കുന്നതെന്നാണ് വിശ്വസിക്കുന്നത്. ഇതിൽ നഴ്സുമാരും ഡോക്ടർമാരും ചിരിച്ച് കൊണ്ട് എല്ലാം മറന്ന് രോഗിക്ക് ചുറ്റും നൃത്തം ചെയ്യുന്നത് കാണാം. എങ്ങനെയോ ഓൺലൈനനിൽ ചോർന്ന ഈ വീഡിയോ പെട്ടെന്ന് വൈറലാവുകയായിരുന്നു. വീഡിയോയിൽ കണ്ട അഞ്ച് ജീവനക്കാരെയും സസ്പെൻഡ് ചെയ്തുവെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

എല്ലാ ഹെൽത്ത് പ്രോട്ടോക്കോളുകളും ലംഘിക്കുന്ന വീഡിയോ ആണിതെന്നും അധികൃതർ പറയുന്നു. തങ്ങളുടെ ക്ലിനിക്കിലെത്തുന്ന ഓരോ രോഗിക്കും ബഹുമാനം നൽകുകയെന്നത് തങ്ങളുടെ ക്ലിനിക്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും അതിനാൽ ജീവനക്കാർ നടത്തിയ അനുചിതമായ പ്രവൃത്തിയിൽ ഖേദിക്കുന്നുന്നും ക്ലിനിക്ക് ബോസുമാർ പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നു. ഈ വീഡിയോ തങ്ങളുടെ സർജറി റൂമുകളിലൊന്നിൽ വച്ചാണ് പകർത്തപ്പെട്ടിരിക്കുന്നതെന്നും ക്ലിനിക്ക് ബോസുമാർ സമ്മതിക്കുന്നു.

തങ്ങളുടെ ക്ലിനിക്ക് കഴിഞ്ഞ ഏഴ് വർഷങ്ങളായി നല്ല നിലയിൽ സൽപ്പേരോട് കൂടിയാണ് പ്രവർത്തിക്കുന്നതെന്നും ഇത്തരത്തിലുള്ള ഒരു പെരുമാറ്റം ജീവനക്കാരുടെ ഭാഗത്ത് നിന്നും ആദ്യമായാണ് ഉണ്ടായിരിക്കുന്നതെന്നും ക്ലിനിക്ക് തലവന്മാർ വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാനുള്ള ചില നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നും അവർ വ്യക്തമാക്കുന്നു.