കണ്ണൂർ: ഡാൻസറായ തളിപ്പറമ്പ് സ്വദേശി ഇസ്ഹാക്കിന്റെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. അറിയപ്പെടുന്ന ഡാൻസറായ ഞാറ്റുവേൽ വട്ടപ്പാറയിലെ ഇസ്ഹാക്ക് കഴിഞ്ഞ ഞായറാഴ്ച ഗോവയിലെ നിശാപാർട്ടിയിൽ പങ്കെടുത്ത ശേഷം പുലർച്ചയോടെ കാണാതാവുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടുവരെ അന്വേഷണം തുടർന്നെങ്കിലും ഇസ്ഹാക്കിനെ കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. അതേ തുടർന്ന് ഗോവയിലെ അഞ്ചുന ബീച്ച് പൊലീസിൽ സുഹൃത്തുക്കൾ പരാതി നൽകി. പനാജിയിലെ ഏതോ തെരുവിൽ നിന്നും അവശനിലയിലായ ഒരു യുവാവിനെ ഗോവ പൊലീസ് ആശുപത്രിയിലെത്തിച്ചിരുന്നു. സുഹൃത്തുക്കൾ എത്തിയപ്പോൾ അത് ഇസ്ഹാക്കായിരുന്നുവെന്ന് തിരിച്ചറിയുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ഇസ്ഹാക്ക് അടുത്ത ദിവസം തന്നെ മരണത്തിന് കീഴടങ്ങി.

സംഭവത്തെ തുടർന്ന് സുഹൃത്തും കണ്ണൂർ സ്വദേശിയുമായ ഓം രാജിന്റെ തിരോധാനം മരണത്തിലെ ദുരൂഹതയെ ബലപ്പെടുത്തുന്നു. കൊച്ചിയിലെ ഡിജെ പാർട്ടികളിൽ പൊലീസ് റെയ്ഡ് ശക്തമായതോടെയാണ് ഓം രാജ് ഗോവയിലേക്ക് താവളം മാറ്റിയത്. കേരളത്തിലെ നിരവധി യുവാക്കളെ ഗോവയുമായി ബന്ധപ്പെടുത്തിയത് ഓം രാജ് ആണെന്നാണ് വിവരം. തളിപ്പറമ്പിലും പരിസരങ്ങളിലുമായി മാത്രം 50 ഓളം യുവാക്കൾ ഗോവയിലെ ഡാൻസ് ബാറുകളിൽ എത്താറുണ്ട്. ഇസ്ഹാക്കിനൊടൊപ്പം ഗോവയിലെത്തിയ തലശ്ശേരി, എറണാകുളം സ്വദേശികളെക്കുറിച്ചും ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഗോവയുടെ ബീച്ചുകളോടനുബന്ധിച്ച് ബാറുകളിൽ നടക്കുന്ന ഡി.ജെ. പാർട്ടി പുലരുവോളം നീണ്ടു നിൽക്കാറുണ്ട്. 5,000 രൂപ മുതൽ 25,000 രൂപ വരെയാണ് അവിടത്തെ ചാർജ്. മദ്യവും മയക്കു മരുന്നും മദിരാക്ഷിയും എല്ലാം അവിടെ പതിവാണ്. ഓൺലൈൻ വഴിയാണ് ബുക്കിങ്ങുകൾ. ഇതിന്റെ പ്രധാന ഇടനിലക്കാരനാണ് ഓം രാജ് എന്ന് പറയുന്നു. എന്നാൽ ഓം രാജ് ഇപ്പോഴും ഒളിവിലാണ്. അയാളെക്കുറിച്ച് ബന്ധുക്കൾക്കു പോലും ഒരു വിവരവുമില്ല.

ഈ മാസം 17 ാം തീയ്യതിയാണ് ഏതാനും സുഹൃത്തുക്കൾക്കൊപ്പം ഇസ്ഹാക്ക് ഗോവയിലേക്ക് പുറപ്പെട്ടത്. ഓം രാജ് എന്ന യുവാവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഗോവയിൽ നിന്നും 40 കിലോ മീറ്റർ അകലെയുള്ള പ്രസിദ്ധ കടലോര ടൂറിസ്റ്റ്‌കേന്ദ്രമായ അഞ്ചുനയിലെ യു.എ. ബാർ ഹോട്ടലിലാണ് ഇവർ നിശാപാർട്ടിക്കെത്തിയത്. നിശാപാർട്ടിയിൽ ഇസ്ഹാക്കും എറണാകുളം ഉൾപ്പെടെയുള്ള നഗരങ്ങളിലെ ചില സുഹൃത്തുക്കളും എത്തിയിരുന്നു. പാർട്ടി കഴിഞ്ഞ ശേഷം എല്ലാവരും ഹോട്ടലിൽ വൈകിയാണെത്തിയതെന്ന് പറയുന്നു. എന്നാൽ പുലർച്ചെ നാല് മണിയോടെ ഇസ്ഹാക്കിനെ കാണാതായെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്. ഇസ്ഹാക്ക് ആശുപത്രിയിലാണെന്ന വിവരമറിഞ്ഞ് സഹോദരൻ അബ്ദുൾ സമദും ഭാര്യാ പിതാവ് അലി റാവുത്തറും തളിപ്പറമ്പിൽ നിന്നും ഗോവയിലെത്തിയിരുന്നു. ഞായറാഴ്ച വൈകീട്ടോടെ അയാൾ മരണമടയുകയും ചെയ്തിരുന്നു.

സംഭവത്തോടനുബന്ധിച്ച് അഞ്ചുന പൊലീസ് ഓം രാജിനേയും മറ്റു സുഹൃത്തുക്കളേയും ചോദ്യം ചെയ്യാൻ രണ്ടു ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ വിട്ടയച്ചശേഷം ഓം രാജിനെക്കുറിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ ദിവസം ഇസ്ഹാക്കിന്റെ കബറടക്കൽ ചടങ്ങിനുപോലും ഓം രാജ് എത്തിയിരുന്നുമില്ല. മറ്റുള്ളവർ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇസ്ഹാക്കിന്റെ ബന്ധുക്കളോട് പോലും അയാൾ ബന്ധപ്പെട്ടുമില്ല. ഓം രാജിന്റെ ഈ നീക്കം ഇസ്ഹാക്കിന്റെ മരണത്തിൽ സംശയം പടർത്തിയിരിക്കയാണ്. കേരളത്തിനകത്തും പുറത്തുമുള്ള വൻ നഗരങ്ങളിലെ നിശാപാർട്ടി സംഘാടകരുമായി അടുത്ത ബന്ധമുള്ളയാളാണ് ഓം രാജെന്നു പറയുന്നു.

ഗോവയിൽ ഇസ്ഹാക്കും കൂട്ടുകാരും താമസിച്ച ഹോട്ടൽ അധോലോക സംഘങ്ങളുമായി ബന്ധമുള്ളതായും ആരോപണമുണ്ട്. ഓം രാജാണ് ഈ ഹോട്ടലിലെ നിശാപാർട്ടിക്കുള്ള ഒത്താശ ചെയ്തതെന്ന് വിവരമുണ്ട്. നിശാപാർട്ടികളിലെ ചെറിയ തർക്കങ്ങൾ പോലും കൊലപാതകത്തിൽ കലാശിക്കുന്ന പതിവും ഈ ഹോട്ടൽ കേന്ദ്രീകരിച്ചുണ്ടെന്ന് വിവരമുണ്ട്. മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് അഞ്ജുന പൊലീസ് പറയുമ്പോഴും ദുരൂഹത വിട്ടൊഴിയുന്നില്ല. നിശാപാർ്ട്ടി കഴിഞ്ഞ് ഹോട്ടലിലെത്തിയ ഇസ്ഹാക്ക് എങ്ങനെ അകലെയുള്ള തെരുവിൽ അവശനിലയിലെത്തി. ഇതിന്റെ പിന്നിൽ ആരാണ്. ഈ സംശയങ്ങൾ ചോദ്യമായി ഉയരുന്നു. ഇസ്ഹാക്കിന്റെ ആന്തരാവയവങ്ങൾ രാസ പരിശോധനക്കായി ഹൈദരബാദിലെ ഫോറൻസിക് ലാബിൽ അയച്ചിട്ടുണ്ട്. ഇസ്ഹാക്കിന്റെ സഹോദരി നീതിപൂർവ്വകമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം അയച്ചിട്ടുണ്ട്. വളപട്ടണം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.