വെള്ളറട: ഓണാഘോഷത്തിനിടെ ഒരു ദാരുണമായ മരണ വാർത്ത. നൃത്തത്തിനിടെ ചുവടു പിഴച്ചു വീണ് ഡാൻസർ മരിച്ചു. മലയൻകാവ് ജംഗ്ഷനു സമീപം അത്തപ്പൂക്കളത്തനടുത്ത് നൃത്തം ചെയ്തു കൊണ്ടിരുന്ന പ്രൊഫഷണൽ ഡാൻസറാനാണ് മറിഞ്ഞ് വീണ് മരിച്ചത്. കുടയാൽ തുരത്തിമൂല പി. എസ് ഭവനിൽ പരേതനായ പൊന്നയ്യൻ സാറാമ്മ ദമ്പതികളുടെ മകൻ വിനീത് എന്ന സജിൻ (20) ആണ് മരിച്ചത്.

ഡാൻസിനിടെ കരണം മറിഞ്ഞപ്പോൾ ചുവട് പിഴച്ച് റോഡിൽ വീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്രാടദിനത്തിൽ സുഹൃത്തുക്കൾ ഒരുക്കിയ അത്തപ്പൂക്കളത്തിന് സമീപം ഡാൻസ് ചെയ്യുമ്പോഴായിരുന്നു സംഭവം. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സഹോദരൻ വിനോദ് വിദേശത്താണ് . ഇന്ന് രാവിലെ 10നാണ് സംസ്‌കാരം. വെള്ളറട പൊലീസ് കേസെടുത്തു.