- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നായ രക്ഷകനായി; കൂടെ 13 കാരനായ മലയാളി പയ്യനും; മാഞ്ചസ്റ്ററിൽ ബോധരഹിതനായി കിടന്ന മനുഷ്യൻ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം വളർത്തു നായ്ക്കളും അയൽവാസിയായ ഡാനിയും; സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ
ലണ്ടൻ: കൂൾ ഡോഗ് എന്ന അമേരിക്കൻ സിനിമയെ വെല്ലുന്ന സസ്പെൻസ് ത്രില്ലറിൽ പങ്കാളിയായ സന്തോഷമാണ് മാഞ്ചസ്റ്ററിലെ ടിമ്പർലിയിൽ താമസിക്കുന്ന സംഗീതിന്റെയും നിഷയുടെയും മകൻ ഡാനിക്ക് പങ്കുവയ്ക്കാനുള്ളത്. നായകൾ മനുഷ്യ ജീവനുകൾ രക്ഷിക്കുന്ന കഥകളൊക്കെ സിനിമയിലും നോവലിലും കേട്ടറിഞ്ഞിട്ടുള്ള യുകെ മലയാളികൾക്ക് ഇപ്പോഴത് തൊട്ടരികെയുള്ള ഒരു ജീവിതാനുഭവമാണ്. ആ അനുഭവമാണ് ഡാനിക്ക് മറുനാടൻ മലയാളി വായനക്കാരോട് പങ്കുവയ്ക്കാനുള്ളത്.
രണ്ടു നായകൾ മൂലം ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ കാരണക്കാരനായ ഡാനി സംഗീത് ഇപ്പോൾ അൾട്രയ്ഞ്ചമിലെ നോർത്ത് സെസ്ട്രിയൻ സസ്കൂളിലെ ഹീറോയായി മാറിയിരിക്കുകയാണ്. വിവരമറിഞ്ഞു പ്രദേശത്തുള്ള മലയാളികളും ഡാനിയെ അഭിനന്ദിച്ചു സന്ദേശങ്ങൾ അയക്കുന്ന തിരക്കിലാണ്..
സംഭവിച്ചതു ഇങ്ങനെ ....
പതിവ് പോലെ സ്കൂളിലേക്ക് ഇറങ്ങിയ ഡാനിക്ക് സ്കൂൾ ബസ് ലഭിക്കാതായതോടെ മറ്റൊരു റൂട്ടിൽ എത്തി ബസ് പിടിക്കാനുള്ള വ്യഗ്രതയിലായിരുന്നു ആ ഒൻപതാം ക്ളാസ് വിദ്യാർത്ഥി. അത്ര പരിചയമുള്ള റോഡ് അല്ലാത്തതിനാൽ വേഗത്തിൽ നടന്നു ബസ് സ്റ്റോപ്പിൽ എത്താനായിരുന്നു ഡാനിക്ക് തിടുക്കം. എന്നാൽ അല്പം നടന്നപ്പോൾ തന്നെ സാമാന്യം വലിപ്പമുള്ള ലാബ്രഡോർ ഇനത്തിൽ ഉള്ളത് പോലെയുള്ള രണ്ടു നായ്ക്കൾ ഡാനിക്ക് നേരെ ഓടിയെത്തി.
ആദ്യം പകച്ചു നിന്നു പോയ ഡാനിക്ക് നേരെ കുരച്ചു ചാടിയ നായ്ക്കൾ സ്കൂൾ യൂണിഫോമിലോക്കെ പിടിച്ചു വലിക്കുകയും പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കാനും തുടങ്ങി. നായകൾ ആക്രമിക്കുകയല്ലെന്നു പെട്ടെന്ന് തിരിച്ചറിഞ്ഞ ഡാനിക്ക് അവ എന്തോ പറയാൻ എന്ന മട്ടിൽ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങിയതോടെ അല്പം ധൈര്യം വന്നു തുടങ്ങി. നായകളിൽ ഒരാൾ ഡാനിയെ എന്തോ കാണിച്ചു കൊടുക്കാൻ ഉണ്ടെന്ന ഭാവത്തിൽ പതിയെ മുന്നോട്ടു നീങ്ങിയപ്പോൾ എന്തെന്നറിയാൻ ഉള്ള കൗതുകത്തോടെ ഡാനിയും പിന്നാലെ നടന്നു തുടങ്ങി .
തുറന്നു കിടന്ന ഡോറിലൂടെ കണ്ടത് അവിശ്വസനീയ കാഴ്ച
റോഡിൽ നിന്നും അല്പം ഉള്ളിലേക്ക് കേറി നിൽക്കുന്ന ഒരു വീട്ടിലേക്കാണ് നായകൾ ഡാനിയെ പിടിച്ചു വലിച്ചെത്തിച്ചത്. തുറന്നു കിടന്ന ഡോറിലൂടെ ഉള്ളിലേക്ക് നോക്കിയ ഡാനി തരിച്ചു പോയി എന്നതാണ് സത്യം. കാരണം നല്ല ശരീര ഭാരമുള്ള, അറുപതു വയസിനു മുകളിൽ പ്രായം തോന്നുന്ന ഒരു മനുഷ്യൻ നിലത്തു വീണു കിടക്കുന്നു. ശ്വാസം ഉണ്ടോ എന്ന കാര്യത്തിൽ ഡാനികും സംശയമാണ്. ഭയം കാരണം തൊട്ടരികെ എത്തി നോക്കാനും പ്രയാസം. ഉടനെ 999 വിളിച്ചു കാര്യം വിശദാമാക്കിയ ഡാനി ലൊക്കേഷനും ആംബുലൻസ് ജീവനക്കാർക്ക് കൈമാറി. എന്നിട്ടും ആ വീട്ടിൽ തനിയെ നില്ക്കാൻ ഭയം തോന്നിയതോടെ ഡാനി വീണ്ടും പുറത്തിറങ്ങി എന്നാൽ അപകടത്തിലായ തങ്ങളുടെ യജമാനനെ ഒറ്റയ്ക്കാക്കിയിട്ടു ഡാനി മുങ്ങുകയാണോ എന്ന സംശയത്തോടെ നായ്ക്കളും കൂടെയിറങ്ങി.
തിരികെ വഴിയിലെത്തി കടന്നു പോയ കാറുകൾക്ക് കൈകാട്ടിയെങ്കിലും അവ നിർത്താൻ തയ്യാറല്ല. എന്നാൽ നാലഞ്ച് കാറുകൾ കടന്നു പോയ ശേഷം എത്തിയ ഒരു കാർ ഡാനിക്ക് വേണ്ടി നിർത്താൻ തയ്യാറായി. ഭാഗ്യത്തിന് കാറിൽ ഉണ്ടായിരുന്നത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ കൂടി ആയിരുന്നു .ആംബുലൻസ് എത്തും വരെ അവരും ഡാനിയോടൊപ്പം നില്ക്കാൻ തയ്യാറായതോടെ ഡാനിക്കും ധൈര്യമായി. മിനിറ്റുകൾക്കകാം കുതിച്ചെത്തിയ ആംബുലൻസ് ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകി വീട്ടുടമ അപകടാവസ്ഥയിൽ അല്ലെന്നു വ്യക്തമാക്കി. എന്നാൽ ആംബുലൻസ് എത്തിയതോടെ അവരുടെ അനുമതിയോടെ ഡാനി തിരികെ വീട്ടിലേക്കു മടങ്ങിയിരുന്നു.
ഡാനി സ്കൂളിന്റെ അഭിമാനം
ചെളി നിറഞ്ഞ ഡ്രെസ് മാറാൻ ഡാനി തിരികെ വീട്ടിൽ എത്തിയതോടെയാണ് വീട്ടുകാർ കാര്യം അറിയുന്നത്. എന്നാൽ ഭയന്ന് പോയ ഡാനി സംഭവം ആരോടും പറയണ്ട എന്നാണ് 'അമ്മ നിഷയോട് ആദ്യം പറഞ്ഞത്. എന്നാൽ ഇതിനകം സ്കൂൾ സമയം കടന്നു പോയതോടെ വൈകി സ്കൂളിൽ എത്തിയതിനു കാരണം ബോധിപ്പിക്കേണ്ടതിനാൽ നിഷ തന്നെ കുട്ടിയുമായി സ്കൂളിൽ എത്തുക ആയിരുന്നു. സംഭവം സ്കൂളിൽ റിപ്പോർട്ട് ചെയ്തതോടെ സ്കൂളിന് തന്നെ അഭിമാനമായി മാറുകയായിരുന്നു ഡാനി ഇതോടെ സ്കൂൾ ധീരതയ്ക്കുള്ള പ്രത്യേക അവാർഡിന് വേണ്ടി ഡാനിയെ പരിഗണിക്കും എന്നാണ് സൂചന. ഡാനി നടത്തിയ ധീര കർമം സ്കൂൾ വിദ്യാർത്ഥികളെ അറിയിച്ചു കഴിഞ്ഞു.
ചങ്ങനാശേരി സ്വദേശികളായ സംഗീതിന്റെയും നിഷയുടെയും ഇളയ മകനാണ് ഡാനി. ഇരുവരും നഴ്സുമാരാണ്. സംഗീത് വിഥിൻഷൗ ഹോസ്പിറ്റലിലെ സ്പെഷ്യൽ നഴ്സാണ്. നായ എന്ന് പോയിട്ട് വളർത്തു മൃഗങ്ങൾ എന്ന് കേട്ടാൽ പോലും മുഖം തിരിക്കുന്ന ഒരു വീട്ടിൽ നിന്നുമാണ് ഡാനി രണ്ടു നായ്ക്കളുടെ ഹൗളിങ് ശബ്ദം കേട്ട് ഭയക്കാതെ അവയ്ക്കു എന്തോ പറയാനുണ്ട് എന്ന് തിരിച്ചറിയുന്നത്. ഈ സംഭവ ശേഷം ഒരു നായ വീട്ടിൽ ഉണ്ടെങ്കിലെന്താ കുഴപ്പം എന്ന മട്ടിലാണ് ഇപ്പോൾ നിഷയും സംഗീതും ചിന്തിക്കുന്നത് പോലും.
നായകളോട് തനിക്കും പ്രത്യേക മമത ഒന്നും ഇല്ലെങ്കിലും സംഭവ ദിവസം ഓടിയെത്തിയ നായകൾക്ക് തന്നെ ആക്രമിക്കുക എന്നതല്ല എന്തോ പറയാനുണ്ട് എന്ന് തോന്നിയതാണ് തനിക്കിപ്പോൾ ഏറ്റവും സന്തോഷം നൽകുന്ന നിമിഷമെന്നു കൂട്ടിച്ചേർക്കുകയാണ് മുഖത്തെപ്പോഴും പുഞ്ചിരി സൂക്ഷിക്കുന്ന ഡാനി. സംഭവ ശേഷം നായ്ക്കൾ കാണിച്ച വീട്ടിൽ ഡാനിയും നിഷയും എത്തിയപ്പോൾ നന്ദി പറയാൻ വാക്കുകൾ ഇല്ലെന്നാണ് ഗൃഹനാഥൻ പ്രതികരിച്ചത്. എന്താണ് സത്യത്തിൽ സംഭവിച്ചത് എന്ന് അദ്ദേഹത്തിനും അറിയില്ല. സൈലന്റ് അറ്റാക്കോ മറ്റോ ആയിരിക്കാം എന്നാണ് അദ്ദേഹം കരുതുന്നതും .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.