തിരുവനന്തപുരം: അരുവിക്കരയിൽ വോട്ട് നൽകാമെന്ന് പറഞ്ഞ് യുഡിഎഫുമായി പെന്തകോസ്ത് സഭയിലെ ചിലർ ആശയവിനിമയം നടത്തിയത് കവിയൂർ മനയ്ക്കച്ചിറയിൽ മണിമലയാറിന്റെ തീരഭൂമി കൈയേറി നിർമ്മിച്ച വൻകിട ഫ്‌ലാറ്റിന് വേണ്ടിയെന്ന മറുനാടൻ മലയാളി വാർത്തയെ തുടർന്ന് സഭയിൽ പ്രതിഷേധം വ്യാപകം. അതിനിടെ മറുനാടൻ വാർത്തയെ തള്ളിപ്പറയാൻ ഒരു വിഭാഗം പുറത്തുവിട്ട രേഖകൾ കള്ളക്കളിക്ക് തെളിവാകുന്നു. ടൈപ്പ് ചെയ്ത മിനിറ്റസ് പുറത്തുവിട്ടത് ആശയക്കുഴപ്പുണ്ടാക്കി തടിതപ്പാനെന്നാണ് വാദം.

സാധാരണ യോഗങ്ങളിൽ സ്വന്തം കൈപ്പടകൊണ്ടാണ് മിനിറ്റ്‌സുകൾ എഴുതാറുള്ളത്. എന്നാൽ മറുനാടൻ മലയാളി വാർത്തയെ തള്ളിപ്പറയാൻ ഡാനിയൽ കൊന്ന പുറത്തുവിട്ടത് ടൈപ്പ് ചെയ്ത മിനിറ്റ്‌സ് ബുക്കിന്റെ രേഖയാണ്. ഇത് സമ്മർദ്ദത്തിലൂടെ കൃത്രിമമായി ഉണ്ടാക്കിയതെന്നാണ് വിമർശനം. ഇതിനൊപ്പം രമേശ് ചെന്നിത്തലയുടെ ചടങ്ങിന്റെ എഡിറ്റ് ചെയ്ത വിഡിയോ രേഖകൾ പുറത്തുവിട്ടതും വിവാദത്തിന് പുതിയ തലം നൽകുന്നു. രമേശ് ചെന്നിത്തലയുമായി രഹസ്യ ചർച്ച നടത്തിയത് പുറത്തുവരാതിരിക്കാനാണ് ഇതെന്നും വാദമുയരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ല യോഗം നടന്നതെങ്കിൽ എന്തിന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ പങ്കെടുത്തു എന്നതാണ് മറ്റൊരു ചോദ്യം. പ്രതിപക്ഷത്തെ ഒന്നാകെ ഒഴിവാക്കി യോഗം നടത്തിയ അരുവിക്കരയിൽവ വോട്ട് നൽകാമെന്ന് പറഞ്ഞ് സ്വന്തം നേട്ടം ഉറപ്പാക്കാനുള്ള സഭയിലെ ചിലരുടെ ശ്രമമായിരുന്നുവെന്ന് തന്നെയാണ് വിമർശനം.

പെന്തകോസ്ത് സഭയുടെ യുവജന വിഭാഗം നേതാവിന്റെ ഫ്‌ലാറ്റിന് നിയമസാധുത നൽകിയാൽ അരുവിക്കരയിൽ വോട്ട് ശബരീനാഥന് നൽകാമെന്നായിരുന്നു യോഗത്തിൽ വാഗ്ദാനം. ആറ്റിങ്ങൽ കലാപ സ്മാരക ലൈബ്രറി ഹാളിലെ പെന്തക്കോസ്തു വിശ്വാസികളുടെ പ്രാർത്ഥനാലയത്തിൽ അമ്പതോളം പേർ അതിക്രമിച്ചുകയറി പ്രാർത്ഥിച്ചുകൊണ്ടിരുന്ന പാസ്റ്ററേയും സ്ത്രീകളേയും കുട്ടികളേയുമടക്കം ക്രൂരമായി മർദ്ദിക്കുകയും പ്രാർത്ഥനാലയം അടിച്ചുതകർക്കുകയും ചെയ്തത് വലിയ വിവാദമായി. ഇതിനെ തുടർന്ന് നടന്ന യോഗമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഡാനിയൽ കൊന്നയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് ഫ്‌ലാറ്റ് വിഷയം ഉയർത്തിയതാണ് വിവാദമായത്. ഈ വിഷയം വിശദമായി തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് നിഷേധക്കുറിപ്പുമായി ഡാനിയൽ കൊന്ന എത്തിയത്.

എന്നാൽ മണമലയാറിലെ വിവാദ ഫ്‌ലാറ്റിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നുമില്ല. ഈ ഫ്‌ലാറ്റുമായി പെന്തക്കോസ്ത സഭയിലെ ഉന്നതർക്ക് ബന്ധമില്ലെന്ന് വിശദീകരിക്കാനും തയ്യാറാകുന്നില്ല. ഡാനിയൽ കൊന്നയുടെ വിശ്വസ്തനായ സുധി കല്ലുങ്കൽ എബ്രഹാമിന്റേതാണ് ഈ ഫ്‌ലാറ്റ്. പെന്തകോസ്ത് സഭയുടെ യുവജനവിഭാഗം പ്രസിഡൻാണ് സുധി. എവി എസ് ഗ്രൂപ്പിന്റെ ഉടമകൂടിയായ സുധിയുടെ പ്രശ്‌നം പരിഹരിച്ചാൽ അരുവിക്കരയിൽ വോട്ടെന്നാണ് ഡാനിയൽ കൊന്ന രമേശ് ചെന്നിത്തലയ്ക്ക് നൽകിയ ഉറപ്പ്. പെന്തകോസ്ത് സഭയുടെ യുവജനവിഭാഗം പ്രസിഡന്റായി സുധി എത്തിയതിന് പിന്നിലും ഡാനിയൽ കൊന്നയുടെ കള്ളക്കളിയാണ്. 35 വയസ് വരെയുള്ളവർക്ക് മാത്രമേ പ്രസിഡന്റാകാൻ കഴിയൂ എന്നതാണ് ചട്ടം. എന്നാൽ തെരഞ്ഞെടുപ്പിൽ കമ്മീഷണറായി എത്തിയ ഡാനിയൽ കൊന്ന എവി എസ് ഗ്രൂപ്പ് ഉടമയായ സുധി കല്ലുങ്കൽ എബ്രഹാമിന് ഇളവ് നൽകിയെന്നും മറുനാടൻ വ്യക്തമാക്കിയിരിക്കുന്നത്.

ഇത് തെറ്റെന്ന് തെളിയിക്കാൻ രണ്ട് രേഖകളും ഡാനിയൽ കൊന്ന പുറത്തുവിട്ടു. അതിൽ പ്രായപരിധിയിൽ ഇളവ് നൽകുന്ന സഭാ യോഗത്തിന്റെ മിനിറ്റ്‌സുമുണ്ട്. എന്നാൽ കൈകൊണ്ടാണ് സാധാരണ മിനിറ്റ്‌സ് എഴുതാറ്. പുറത്തുവിട്ടത് ടൈപ്പ് ചെയ്ത് തയ്യാറാക്കിയ മിനിറ്റ്‌സാണ്. ഈ സാഹചര്യത്തിൽ മിനിറ്റ്‌സ് കൃത്രിമമായി നിർമ്മിച്ചതാകാമെന്ന അഭ്യൂഹവും സജീവമാണ്. യോഗത്തിൽ ഒന്നും സംഭവിച്ചില്ലെന്ന് വരുത്താൻ എഡിറ്റ് ചെയ്ത വിഡിയോ വിട്ടതും പുതിയ വിവാദത്തിന് തുടക്കമിട്ടു. പ്രബോധനം വോയിസ് എന്ന പത്രത്തിലൂടെ യുവജനവിഭാഗം തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്ന് മാപ്പു ചോദിക്കലും വാർത്തയായി വന്നുകഴിഞ്ഞു. അതിന് ശേഷമാണ് തട്ടിപ്പ് തെളിവുമായി ഡാനിയൽ കൊന്ന രംഗത്ത് വന്നത്. എഡിറ്റ് ചെയ്യാത്ത മുഴുവൻ വിഡിയോയും പുറത്തുവിടണമെന്ന അഭിപ്രായം സഭയ്ക്കുള്ളിൽ സജീവമാവുകയാണ്. ഇതിനെല്ലാം പുറമേ രമേശ് ചെന്നിത്തലയുമായി ഡാനിയൽ കൊന്ന രഹസ്യം പറയുന്നതും വിഡിയോവിൽ വ്യക്തമാണ്. ഇത് സുധിക്കായുള്ള ശുപാർശയായിരുന്നുവെന്നാണ് ഉയരുന്ന വിമർശനം. സത്യം സത്യമായി എന്ന പേരിൽ യു ട്യൂബിൽ വന്ന വിഡിയോവിൽ ചെന്നിത്തലയുടെ കാതിൽ കൊന്ന കാര്യങ്ങൾ പറയുന്നത് വ്യക്തമാണ്.

കവിയൂർ മനയ്ക്കച്ചിറയിൽ മണിമലയാറിന്റെ തീരത്ത് രണ്ടര ഏക്കർ പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ ഫ്‌ലാറ്റിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. കവിയൂർ പഞ്ചായത്തിന്റെ പരാതിയിൽ സർവേ, റവന്യൂ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിൽ കൈയേറ്റം സത്യമാണെന്ന് ബോധ്യപ്പെട്ടു. റവന്യൂ രേഖകളിൽ റീസർവേ നമ്പർ 6665ലുള്ള ഈ ഭൂമി പഞ്ചായത്തിന്റേതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി തഹസിൽദാർ, സർവേ സൂപ്രണ്ട്, സർവേ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ നടത്തിയ അന്വേഷണത്തിൽ 1.0344 ഹെക്ടർ സ്ഥലം സർക്കാരിന് നഷ്ടമായതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഏകദേശം രണ്ടര ഏക്കർ വരും. എന്നാൽ ഈ സ്ഥലം കരമടച്ചുവരുന്നതാണ് എന്നതാണ് ഉടമകളുടെ വാദം. ഇക്കാര്യം ശരിയാണെന്ന് അഡീഷണൽ തഹസിൽദാരുടെ റിപ്പോർട്ടിൽ പറയുന്നുമുണ്ട്.

പക്ഷേ, പഞ്ചായത്ത് രാജ് നിയമം വന്നതിനുശേഷം പുഴ, തോട് എന്നിവയുടെ പുറമ്പോക്ക് അവകാശം പഞ്ചായത്തിനാണ്. ഇവിടെ പഞ്ചായത്ത് ഈ പുറമ്പോക്ക് സ്ഥലം ആർക്കും പതിച്ചുനൽകിയില്ലെന്നും അഡീഷണൽ തഹസിൽദാർ കണ്ടെത്തി. പഞ്ചായത്ത് അറിയാതെ സർവേ അദാലത്ത് മുഖേന ഭൂമി സ്വകാര്യ വ്യക്തികൾക്ക് പോക്കുവരവ് നടത്തികൊടുത്തു എന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഇത് നിയമവിരുദ്ധമാണ്. 2014 മെയ് 14ന് കവിയൂർ പഞ്ചായത്ത് ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. സർവേ അദാലത്ത് അനധികൃതമാെണന്നും അതിൽ പോക്കുവരവിന് തീരുമാനമെടുത്തത് ശരിയല്ലെന്നും പഞ്ചായത്ത് പ്രമേയത്തിൽ പറഞ്ഞിരുന്നു.

പട്ടയമില്ലാത്ത ഭൂമിയിലാണ് ഇപ്പോൾ നിർമ്മാണം നടത്തുന്നതെന്ന് കണ്ടെത്തിയ നിലയ്ക്ക് പോക്കുവരവ് ചെയ്തുകൊടുത്ത തീരുമാനം റദ്ദാക്കേണ്ടി വരും. അതോടെ ഉടമകൾക്ക് കരം അടയ്ക്കാൻ പറ്റാതെ വരും. ഭൂമി തിരിച്ചുപിടിക്കുന്നതിന് മുമ്പുള്ള പ്രാഥമിക നടപടികൾ റവന്യൂവകുപ്പ് തുടങ്ങിക്കഴിഞ്ഞു. ഇത് മനസ്സിലാക്കിയാണ് നടപടികൾ അട്ടിമറിക്കാൻ അരുവിക്കര തന്ത്രം പയറ്റിയതെന്നാണ് ആക്ഷേപം.