- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാൻ സൈന്യത്തിന്റെ വാഹനവ്യുഹത്തിനൊപ്പം സംഘർഷ മേഖലയിലെത്തി; വാഹനം താലിബാൻ വളഞ്ഞിട്ട് ആക്രമിച്ചു; കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനീഷ് അലിയും; പുലിസ്റ്റർ പുരസ്കാര ജേതാവ് കൊല്ലപ്പെടുന്നത് ബോൽഡാക്കിലെ യുദ്ധ മുഖത്ത്
കാബൂൾ: പുലിസ്റ്റർ പുരസ്‌കാരം നേടിയ ഇന്ത്യൻ ഫോട്ടോജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി (40)കാണ്ഡഹാറിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച സ്പിൻ ബോൽഡാക് ജില്ലയിൽ താലിബാനും സർക്കാർ സേനയും തമ്മിലുണ്ടായ സംഘർഷത്തിലാണ് ഡാനീഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.
അഫ്ഗാൻ ദൗത്യമവസാനിപ്പിച്ച് യു.എസ് സേന പിന്മാറിയതോടെ മേഖലയിൽ താലിബാൻ കരുത്താർജിക്കുകയാണ്. നിരവധി ജില്ലകൾ പിടിച്ചെടുത്ത താലിബാൻ വടക്ക് പടിഞ്ഞാറൻ അതിർത്തികളുടെ നിയന്ത്രണവും പിടിച്ചെടുത്തു. നിരവധി സർക്കാർ ഓഫീസുകളും താലിബാൻ തകർത്തു. ഇത് റിപ്പോർട്ട് ചെയ്യാനാണ് ഡാനീഷ് സിദ്ദിഖി കാബൂളിൽ എത്തിയത്. സംഘർഷ മേഖലയിൽ വച്ചാണ് മരണം സംഭവിക്കുന്നതും.
അഫ്ഗാൻ സൈന്യത്തിന്റെ വാഹനവ്യുഹത്തിനൊപ്പമാണ് അദ്ദേഹം സംഘർഷ മേഖലയിലെത്തിയത്. സേനയുടെ വാഹനം താലിബാൻ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി നടന്ന ആക്രമ വിവരം രാവിലെയാണ് പുറത്തുവന്നത്. ടെലിവിഷൻ ന്യൂസ് കറസ്പോണ്ടന്റ് ആയി ഔദ്യോഗിക ജീവിതം തുടങ്ങിയ ഡാനീഷ് പിന്നീട് ഫോട്ടോ ജേർണലിസത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സുമായി ചേർന്ന് പ്രവർത്തിച്ചു. 2008 മുതൽ 2010 വരെ ഇന്ത്യ ടുഡേ ഗ്രൂപ്പിൽ കറസ്പോണ്ടന്റായിരുന്നു.
രോഹിഗ്യൻ അഭയാർത്ഥികളുടെ പ്രശ്നങ്ങൾ റോയിട്ടേഴ്സിനു വേണ്ടി റിപ്പോർട്ട് ചെയ്തതിനാണ് 2018ൽ ഡാനീഷ് സിദ്ദിഖിക്കും സഹപ്രവർത്തകൻ അദ്നാൻ അബിദിക്കും പുലിസ്റ്റർ പുരസ്‌കാരം ലഭിച്ചത്. കുറച്ചുദിവസമായി അഫ്ഗാനിസ്താനിൽ കാണ്ഡഹാറിലെ പ്രശ്നം വെളിച്ചത്തുകൊണ്ടുവരാനുള്ള പരിശ്രമത്തിലായിരുന്നു.
ജൂലൈ 13ന് പ്രത്യേക ദൗത്യ സംഘത്തിനൊപ്പം താൻ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതായി ഡാനീഷ് സിദ്ദിഖി തന്നെ വ്യക്തമാക്കിയിരുന്നു. ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടുവെന്നും റോക്കറ്റ് ആക്രമണത്തിന്റെ ദൃശ്യമെടുക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.