മെൽബൺ: രാജ്യത്തേക്ക് താത്കാലികെ വിസയിലെത്തിയ തൊഴിലാളികളെ പ്രതിഫലം നല്കാതെയും അധികം സമയം ജോലിചെയ്യിപ്പിച്ചും ചൂഷണം ചെയ്ത സംഭവത്തിൽ കമ്പനി നഷ്ടപരിഹാരം നല്കാൻ കോടതി വിധി. കുടിയേറ്റ നിയമം ലംഘിച്ച് 457 താൽക്കാലിക വിസയിലെത്തിയ വിദേശ തൊഴിലാളികളോടു വിശ്വാസ വഞ്ചന കാണിച്ച ഡാർവിനിലെ ചൂങ്എന്റർപ്രൈസസ് എന്ന കമ്പനിക്കെതിരേയാണ് കോടതി ശിക്ഷ വിധിച്ചത്.

335017 ഡോളർ വിദേശ തൊഴിലാളികൾക്ക് തിരിച്ചുനൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു സ്‌പോൺസറുടെ ഉത്തരവാദിത്വം മറന്ന് ഉടമ്പടി തെറ്റിച്ചതിനാണ് ശിക്ഷ. സർക്കാർ വാദിയായ കേസ് ഫെഡറൽ കോടതിയിലായിരുന്നു. കമ്പനിയും കമ്പനി ഉടമസ്ഥരായ റോണാൾഡ് ചൂങ്, ഭാര്യ കിം ചൂങ് എന്നിവരായിരുന്നു പ്രതി സ്ഥാനത്ത്.

ഡാർവിനിൽ നൈറ്റ്ക്ലിഫ് ഫിഷ് ആൻഡ് ചിപ്‌സ് എന്ന പേരിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ചൂങ് എന്റർൈപ്രസസ് 20092012 കാലയളവിൽ 10 ഫിലിപ്പൈൻ സ്ത്രീകളെയും പുരുഷന്മാരെയും നിയമിച്ചിരുന്നു. ഇവർക്ക് മണിക്കൂറിന് 12 ഡോളറിൽ താഴെ മാത്രമായിരുന്നു പ്രതിഫലം നൽകിയിരുന്നതെന്നു കോടതി കണ്ടെത്തിയിരുന്നു. വരണ്ട കാലാവസ്ഥയിൽ ആഴ്ചയിൽ 60 മണിക്കൂർ ജോലിയെടുപ്പിച്ചിരുന്നു. ഈ സമയം 38 മണിക്കൂറാണ് ജോലിസമയം. പൊതു അവധിദിനങ്ങളിലെ ജോലിക്കും കൂടുതലായി ചെയ്യുന്ന ജോലിക്ക് അധിക ശമ്പളമോ കമ്പനി നൽകിയിരുന്നില്ല. അസുഖങ്ങൾക്ക് ശമ്പളത്തോടെ അനുവദിച്ചിരിക്കുന്ന അവധിയോ കമ്പനി തൊഴിലാളികൾക്ക് നൽകിയിരുന്നില്ല. വേതനം നൽകുന്നതിന്റെ കൃത്യമായ കണക്കുകളും സൂക്ഷിച്ചിരുന്നില്ല.

പിഴയും തൊഴിലാളികൾക്ക് മടക്കിനൽകാനുള്ള തുകയും നൽകുന്നതിന് അഞ്ചുവർഷത്തെ കാലാവധി കമ്പനി ആവശ്യപ്പെട്ടു. എന്നാൽ കമ്പനിയുടെ ആവശ്യം കോടതി നിരാകരിച്ചു. ആദ്യമായാണ് ഇത്രയും വലിയൊരു തുക പിഴശിക്ഷ വിധിക്കുന്നത്. ഫെഡറൽ കോടതി ജഡ്ജി ജോൺ മാൻസ്ഫീൽഡാണ് ശിക്ഷ വിധിച്ചത്.

വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന എല്ലാ കമ്പനികൾക്കുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ ഉത്തരവിലൂടെ തുറന്ന് കാട്ടുന്നത്. കുടിയേറ്റ പദ്ധതികളെ ദുരുപയോഗം ചെയ്യുകയും തൊഴിലാളികളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന കമ്പനികളെ കണ്ടെത്തി അവർക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നതിൽ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നതിനു തെളിവ് കൂടിയാണ് ഈ കോടതി ഉത്തരവ്.