- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യമെത്തിയത് മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും; പിന്നാലെ ദാഷരിതയും കൂട്ടുകാരനും; എല്ലാവരും കോയമ്പത്തൂർ നെഹ്റു എയ്റോനോട്ടിക്കൽ എൻജിനീയറിങ് കോളജിലെ സഹപാഠികൾ; വർക്കല റിസോർട്ടിൽ മരിച്ചത് ഡിണ്ടിഗലിൽ നിന്നുള്ള 21കാരി; ദുരൂഹത കണ്ട് ഏഴു പേരെ കസ്റ്റഡിയിൽ ആക്കി പൊലീസ്; പോസ്റ്റ്മോർട്ടം നിർണ്ണായകമാകും
വർക്കല: ഹെലിപ്പാടിനു സമീപം റിസോർട്ടിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയ തമിഴ്നാട് സ്വദേശിനിയായ കോളജ് വിദ്യാർത്ഥിനി മരിച്ചതിൽ ദുരൂഹത. ഡിണ്ടിഗൽ കരികാലി സേവഗൗണ്ടച്ചിപാടിയിൽ മഹേഷ് കണ്ണന്റെ മകൾ ദാഷരിത(21) ആണ് മരിച്ചത്.
കോയമ്പത്തൂർ നെഹ്റു എയ്റോനോട്ടിക്കൽ എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിനിയാണ്. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ഇതേ കോളജിലെ മൂന്നു പെൺകുട്ടികൾ ഉൾപ്പെടെ ഏഴു വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിലാണ്. സഹപാഠിയായ സുഹൃത്തിനൊപ്പം 20നാണ് റിസോർട്ടിൽ താമസത്തിനെത്തിയത്. തിങ്കൾ രാവിലെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ആസ്തമ അസുഖബാധിതയാണെന്ന് കൂട്ടുകാർ പറയുന്നു. എങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടും വരെ കാത്തിരിക്കാനാണ് പൊലീസ് തീരുമാനം. കോളജിൽ നിന്നുള്ള നാലു പെൺകുട്ടികൾ ഉൾപ്പെടെ എട്ടു വിദ്യാർത്ഥികളാണ് വർക്കലയിലെത്തിയത്. ആറു പേരുൾപ്പെട്ട സംഘം 17നും പിന്നാലെ ദാഷരിതയും കൂട്ടുകാരനും ശനിയാഴ്ചയുമെത്തി. മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.
ഇവർ നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിലാകും കേസ് രജിസ്റ്റർ ചെയ്യുകയെന്നു പൊലീസ് അറിയിച്ചു. കൂടെയുള്ള വിദ്യാർത്ഥികളുടെ മൊഴികൾ രേഖപ്പെടുത്തി ഇവരുടെ മാതാപിതാക്കളോടും സ്ഥലത്തെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾ താമസിച്ച റിസോർട്ട് സീൽ ചെയ്തു. ഫൊറൻസിക് വിഭാഗം പരിശോധന നടത്തും. ഡിഐജി സഞ്ജയ് ഗുരുഡിൻ, റൂറൽ പൊലീസ് മേധാവി പി.കെ.മധു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ